ക്രിസ്ത്യൻ മിഷനറി പ്രവർത്തനം ഹിന്ദു മേഖലകളിൽ മാത്രം, എന്തുകൊണ്ട് മുസ്‍ലിംകളെ തെരഞ്ഞെടുക്കുന്നില്ല? -ടി.പി. സെൻകുമാർ

തിരുവനന്തപുരം: മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധം പടരുന്നതിനിടെ അറസ്റ്റിന് അനുകൂല നിലപാടുമായി ബി.ജെ.പി നേതാവും മുൻ ഡി.ജിപിയുമായ ടി.പി. സെൻകുമാർ. ന്യൂനപക്ഷങ്ങളെ പോലെ തന്നെ ഹിന്ദുക്കൾക്കും ഹിന്ദു മതത്തെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കാനുള്ള അവകാശമല്ല ന്യൂനപക്ഷ അവകാശമെന്നും സെൻകുമാർ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. എല്ലാ മിഷനറി പ്രവർത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണെന്നും ഒരു മുസ്‍ലിം ആൺകുട്ടിക്കോ പെൺകുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാർത്തകൾ വന്നിട്ടില്ലെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

‘സച്ചാർ കമ്മീഷൻ റിപ്പോർട്ട്‌ അനുസരിച്ച് ഭാരതത്തിൽ ഏറ്റവും സഹായവും സേവനവും ലഭ്യമാക്കേണ്ടത് മുസ്‍ലിം സമൂഹത്തിനാണ്. എന്നാൽ എല്ലാ മിഷനറി പ്രവർത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ്. ഒരു മുസ്‍ലിം ആൺകുട്ടിക്കോ പെൺകുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാർത്തകൾ വന്നീട്ടില്ല. സേവനത്തിനും സഹായങ്ങൾക്കും അവരല്ലേ സച്ചാർ റിപ്പോർട്ട്‌ പ്രകാരം അർഹർ ? അങ്ങനെയുള്ളപ്പോൾ ഈ സേവനങ്ങൾക്കും സഹായങ്ങൾക്കും മുസ്‍ലിം ഭൂരിപക്ഷ മേഖലകളെയല്ലേ തിരഞ്ഞെടുക്കേണ്ടത്. ?? അത് എന്തുകൊണ്ട് സംഭവിക്കുന്നില്ല.?’ -സെൻകുമാർ ചോദിക്കുന്നു.


സംഘ്പരിവാർ ആഭിമുഖ്യമുള്ള നിരവധി പേർ പോസ്റ്റിന് താഴെ ക്രൈസ്തവവിരുദ്ധ കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയപ്പോൾ ചട്ടിയുമായി ഭിക്ഷ എടുക്കാൻ ഇറങ്ങിയ ഏക വ്യക്തി കേരളത്തിലെ ഒരു ക്രിസ്ത്യൻ സ്ത്രീ ആയിരുന്നു. ഇവരെ പോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ കേരളത്തിൽ ഉണ്ട്. ഇത്തരം ആളുകളെ സഹായിക്കുന്നതിന് പകരം ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പോയി അവിടെ ഉള്ളവരെ സഹായിച്ചാൽ മാത്രമേ കേരളത്തിലെ കന്യാസ്ത്രീകൾക്ക് തൃപ്തി വരൂ..’ എന്നാണ് ഒരാളുടെ കമന്റ്.

‘സേവിച്ചു സ്വന്തമാക്കാൻ അല്ലാതെന്ത്, കയ്യിലുള്ളത് പോകാതിരിക്കാൻ ഫത്‌വ മതിയല്ലോ, വയനാട്ടിലെ പണിയ വിഭാഗം 90 ശതമാനം പെന്തകോസ്ത് ആയി’ എന്നാണ് മതംമാറി സംഘ്പരിവാർ അനുഭാവിയായ സംവിധായകൻ രാമസിംഹൻ അഭിപ്രായപ്പെട്ടത്.

‘കെ പി യോഹന്നാന്റെ അനുഭവം ഹിന്ദു സമൂഹത്തിന് മുഴുവനായും ഒരുപാഠം ആയിരിക്കട്ടെ,ചില്ലറ പണിയൊന്നുമല്ല ഹിന്ദു സമൂഹത്തിനിട്ട് പുള്ളിക്കാരൻ ചെയ്തത്, പാലും തേനും ഒഴുക്കുമെന്ന് വിശ്വസിപ്പിച്ചു കൊണ്ടുപോയ ആളുകളൊക്കെ അവർക്ക് അടിമപ്പണി ചെയ്യുന്നു എന്നുപറഞ്ഞാൽ അതിശയോക്തിയില്ല, അവരുടെ സ്കൂളുകളിലും കോളേജുകളിലും സോപ്പും ഫാൻസി items ഉം ഉണ്ടാക്കുന്നതിലും മെഴുകുതിരി ഉണ്ടാക്കുന്നതിലും മുതലിങ്ങോട്ടുള്ള സകലമാന പണികളും ഇവരെക്കൊണ്ട് തന്നെയാണ് ചെയ്യിക്കുന്നത്. അതൊക്കെ നേരിൽ കാണണമെങ്കിൽ അവരുടെ സ്ഥാപനങ്ങളിൽ പോയാൽ മതി, നോർത്തീസ്റ്റിൽ നിന്നുള്ള അഞ്ച് ലക്ഷത്തോളം ആൾക്കാരെ അവർ ഇതിനകം മതപരിവർത്തനം നടത്തിക്കഴിഞ്ഞു, അവരുടെ മതത്തെ പരിപോഷിപ്പിക്കാനല്ലാതെ എന്തെങ്കിലും നിസ്വാർത്ഥ സഹായം ഹിന്ദുക്കൾക്ക് ചെയ്യാനാകുമോ എന്ന് ചോദിച്ചാൽ എന്താണ് സാർ ഉത്തരം കിട്ടുക, പ്രീണനം പല വഴിക്കാണ്. ഹിന്ദു പേരു മാറ്റേണ്ടതില്ല സിന്ദൂരം ഇടുന്നവർക്ക് അങ്ങനെയാകാം, ആഭരണം ധരിക്കുന്നവർക്ക് അത് ധരിക്കുകയും ആവാം, അമ്പലത്തിൽ പോലും പോയി പ്രാർത്ഥിക്കാൻ ഇവർ അനുമതി കൊടുക്കുന്നു, കല്യാണവും നൂല് കെട്ടും മരണാനന്തര ചടങ്ങുകളും എല്ലാം ഹിന്ദുക്കളുടെ തനതായ സംസ്കാരത്തിൽ തന്നെ ചെയ്യാമെന്നുള്ള ഉറപ്പും അവർ നൽകുന്നു എന്നത് വളരെ ആശ്ചര്യം ഒന്നും ഉണ്ടാക്കുന്ന കാര്യമല്ല, ഒന്നിരുത്തി ചിന്തിച്ചാൽ മതപരിവർത്തനത്തിന്റെ സുന്ദര മധുര മോഹങ്ങൾ എന്ന എല്ലിൻ കഷ്ണം നൽകിയാണ് ഇവർ ഹിന്ദുക്കളെ വളരെ ഭംഗിയായി മധുരമായി പറ്റിച്ചു കൊണ്ടിരിക്കുന്നതെന്നു കാണാം’ -എന്നാണ് മറെറാരാൾ കമന്റ് ചെയ്തത്. 

Tags:    
News Summary - nuns arrest: T.P. Senkumar against Christian missionary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.