തിരൂർ -നിലമ്പൂർ ട്രെയിൻ: മലപ്പുറം പിന്നാക്ക ഗ്രാമീണ ജില്ലയെന്ന തോന്നലാണോ മുഖ്യമന്ത്രിക്ക്? -സന്ദീപ് വാര്യർ

മലപ്പുറം: തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് മെട്രോ മാതൃകയിൽ റെയിൽവേ ലൈൻ വേണമെന്ന തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീന്റെ ആവശ്യത്തോട് അവഹേളനപരമായാണ് കേരള മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മെട്രോ മോഡൽ ട്രെയിൻ വരാൻ അടുത്ത ദശാബ്ദത്തിൽ പോലും മലപ്പുറം ജില്ലയ്ക്ക് അർഹതയില്ല എന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളത് ? മലപ്പുറം പോലെ ഒരു ജില്ല, അതൊരു പിന്നോക്ക ഗ്രാമീണ ജില്ലയാണ് എന്ന തോന്നലാണോ മുഖ്യമന്ത്രിക്ക് ? മലപ്പുറം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന , എല്ലാ ആധുനിക സൗകര്യങ്ങളും ഓരോ കിലോമീറ്ററിലും ലഭ്യമായ ജില്ലയാണ്. അതൊന്നും സർക്കാരിൻറെ ചിലവിലല്ല. മലപ്പുറംകാർ ലോകം മുഴുവൻ പോയി അധ്വാനിച്ചുണ്ടാക്കിയ പണം ഇൻവെസ്റ്റ് ചെയ്തുണ്ടാക്കിയ വികസനങ്ങളാണ് നിങ്ങൾക്ക് മലപ്പുറം ജില്ലയിൽ കാണാൻ കഴിയുക -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഒരു മെട്രോ നഗരത്തിന്റെ ജനസംഖ്യയുള്ള മലപ്പുറത്തിന് മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം അത്യാവശ്യമാണ്. ആ ന്യായമായ ആവശ്യമാണ് തിരൂർ എംഎൽഎ ഉന്നയിച്ചിട്ടുള്ളത്. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബേപ്പൂരിൽ നിന്ന് തിരൂരിലേക്ക് ആയിരുന്നു. 1861 ലാണ് ബ്രിട്ടീഷുകാർ ആദ്യ റെയിൽവേ ലൈൻ സർവീസ് ആരംഭിച്ചത്. 1921ൽ നിലമ്പൂർ ഷൊർണൂർ റെയിൽവേ ലൈൻ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണകൂടം പോലും തിരൂരിനെയോ നിലമ്പൂരിനെയോ അവഹേളിക്കുകയല്ല മറിച്ച് ആദ്യത്തെ റെയിൽവേ ലൈൻ ആ പ്രദേശങ്ങളിലേക്ക് തുടങ്ങുകയാണ് ചെയ്തത്. 1860ൽ തിരൂരിലും നിലമ്പൂരിലും ഒക്കെ ട്രെയിൻ ഓടുമെങ്കിൽ 2025ൽ മെട്രോ ഓടിക്കാൻ കഴിയാത്തത് നിങ്ങളുടെ കഴിവുകേടാണ് മുഖ്യമന്ത്രി. അതിങ്ങനെ വിളിച്ചു പറയല്ലേ -സന്ദീപ് വാര്യർ പറഞ്ഞു.

തിരൂരിൽനിന്നും നിലമ്പൂരിലേക്ക് മെട്രോ ലൈൻ മാതൃകയിൽ റെയിൽവേലൈൻ നിർമിക്കണ​മെന്നായിരുന്നു നിയമസഭയിൽ കുറു​ക്കോളി മൊയ്തീന്‍റെ ശ്രദ്ധ ക്ഷണിക്കൽ. എന്നാൽ, സഭയിൽ ഒരംഗത്തിന് ഏതു കാര്യവും ഉന്നയിക്കാൻ അവകാശമുണ്ടെന്നുവെച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം ജില്ലയിൽ മെട്രോ മാതൃകയിൽ ഒരു റെയിൽവേ ലൈൻ പണിയുകയാണെങ്കിൽ യാത്രാദൂരവും ചെലവും സമയവും ലാഭിക്കാൻ കഴിയുമെന്നായിരുന്നു കുറുക്കോളിയുടെ നിർദേശം. ഇത്തരം ചോദ്യങ്ങൾ അനുവദിക്കണോയെന്ന് സ്പീക്കറും നിയമസഭ സെക്രട്ടേറിയറ്റും പരിശോധിക്കണമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്കുപോലും അങ്ങനെ ഒരു ആലോചനയില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. നിലമ്പൂർ -നഞ്ചൻകോട്​ റെയിൽവേ ലൈനിനെക്കുറിച്ച്​ കുറുക്കോളി ഉപചോദ്യം ​ഉന്നയിച്ചപ്പോഴും അതൊക്കെ പരിശോധിക്കാമെന്ന്​ ഒറ്റവാക്കിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം:

തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് മെട്രോ മാതൃകയിൽ ഒരു റെയിൽവേ ലൈൻ വേണമെന്നാണ് തിരൂര് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടത്. അതിനുള്ള കേരള മുഖ്യമന്ത്രിയുടെ പ്രതികരണം അവഹേളനപരമായിരുന്നു എന്ന് മാത്രമല്ല ചരിത്രനിഷേധം കൂടിയായിരുന്നു.

മിസ്റ്റർ മുഖ്യമന്ത്രി , കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബേപ്പൂരിൽ നിന്ന് തിരൂരിലേക്ക് ആയിരുന്നു. 1861 ലാണ് ബ്രിട്ടീഷുകാർ ആദ്യ റെയിൽവേ ലൈൻ സർവീസ് ആരംഭിച്ചത്. 1921ൽ നിലമ്പൂർ ഷൊർണൂർ റെയിൽവേ ലൈൻ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണകൂടം പോലും തിരൂരിനെയോ നിലമ്പൂരിനെയോ അവഹേളിക്കുകയല്ല മറിച്ച് ആദ്യത്തെ റെയിൽവേ ലൈൻ ആ പ്രദേശങ്ങളിലേക്ക് തുടങ്ങുകയാണ് ചെയ്തത്.

മെട്രോ മോഡൽ ട്രെയിൻ വരാൻ അടുത്ത ദശാബ്ദത്തിൽ പോലും മലപ്പുറം ജില്ലയ്ക്ക് അർഹതയില്ല എന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളത് ? മലപ്പുറം പോലെ ഒരു ജില്ല, അതൊരു പിന്നോക്ക ഗ്രാമീണ ജില്ലയാണ് എന്ന തോന്നലാണോ മുഖ്യമന്ത്രിക്ക് ? മലപ്പുറം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന , എല്ലാ ആധുനിക സൗകര്യങ്ങളും ഓരോ കിലോമീറ്ററിലും ലഭ്യമായ ജില്ലയാണ്. അതൊന്നും സർക്കാരിൻറെ ചിലവിലല്ല. മലപ്പുറംകാർ ലോകം മുഴുവൻ പോയി അധ്വാനിച്ചുണ്ടാക്കിയ പണം ഇൻവെസ്റ്റ് ചെയ്തുണ്ടാക്കിയ വികസനങ്ങളാണ് നിങ്ങൾക്ക് മലപ്പുറം ജില്ലയിൽ കാണാൻ കഴിയുക. ലണ്ടനിലും ദുബായിലും സിംഗപ്പൂരിലും നിങ്ങൾ കാണുന്ന ഏറ്റവും പുതിയ മോഡൽ വാഹനങ്ങളും വീടുകളും ഷോപ്പിംഗ് മാളുകളും ജീവിതസൗകര്യങ്ങളും മലപ്പുറത്തുണ്ട് . ഞങ്ങടെ പെരിന്തൽമണ്ണയിൽ ഒന്നു വന്നു നോക്കണം. കൊച്ചി നഗരത്തെ വെല്ലുന്ന നൈറ്റ് ലൈഫ് പെരിന്തൽമണ്ണയിൽ നിങ്ങൾക്ക് കാണാം. അങ്ങനെ ആക്ഷേപിക്കല്ലേ മുഖ്യമന്ത്രി. ഒരു മെട്രോ നഗരത്തിന്റെ ജനസംഖ്യയുള്ള മലപ്പുറത്തിന് മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം അത്യാവശ്യമാണ്. ആ ന്യായമായ ആവശ്യമാണ് തിരൂർ എംഎൽഎ ഉന്നയിച്ചിട്ടുള്ളത്.

1860ൽ തിരൂരിലും നിലമ്പൂരിലും ഒക്കെ ട്രെയിൻ ഓടുമെങ്കിൽ 2025ൽ മെട്രോ ഓടിക്കാൻ കഴിയാത്തത് നിങ്ങളുടെ കഴിവുകേടാണ് മുഖ്യമന്ത്രി. അതിങ്ങനെ വിളിച്ചു പറയല്ലേ.

പിന്നെ ആരാണിത് പറയുന്നത് .. ടെക്നിക്കൽ ഫീസിബിലിട്ടിയും ഫിനാൻഷ്യൽ വൈബലിറ്റിയും ഇല്ലെന്ന കാരണത്താൽ പ്രായോഗികമല്ലെന്ന് പഠന റിപ്പോർട്ടുള്ള തലശ്ശേരി മൈസൂർ പാതയ്ക്ക് വേണ്ടി നിലമ്പൂർ നഞ്ചൻകോട് പാത അട്ടിമറിക്കുന്ന മുഖ്യമന്ത്രിയല്ലേ താങ്കൾ?

Full View

Tags:    
News Summary - nilambur tirur railway line: sandeep varier against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.