കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ജനപ്രതിനിധികളെല്ലാം യാത്ര പറയുന്ന തിരക്കിലാണ്. കൈവരിച്ച നേട്ടങ്ങളും മുന്നോട്ടുവെക്കുന്ന പുതിയ ലക്ഷ്യങ്ങളും ഓരോന്നായി തന്റെ വോട്ടർമാരോട് പങ്കുവെക്കുന്ന കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.
അക്കൂട്ടത്തിൽ ഹൃദയ സ്പർശിയായ കുറിപ്പാണ് കോഴിക്കോട് ജില്ലാപഞ്ചായത്തംഗമായിരുന്ന കട്ടിപ്പാറ ഡിവിഷനിലെ റംസീന നരിക്കുനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്.
'ഇരുപത്തി അഞ്ചാം വയസ്സിൽ, കാലിനടിയിൽ ചുവപ്പ് മാറാത്ത രണ്ടിളം പൈതങ്ങളുട ഉമ്മയായി കൊണ്ട് എഴുത്തിന്റെ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് പുതുമുഖക്കാരിയായി കടന്നു വരുമ്പോൾ ഈ ഇടം തീർത്തും അപരിചിതമായിരുന്നു, പുതുമ നിറഞ്ഞതായിരുന്നു.
അതിലേറെ ആശങ്കകളായിരുന്നു. നാമെന്ന വേലിക്കെട്ടുകളിൽ തടഞ്ഞു നിന്ന ചിന്തകളിൽ നിന്നും സ്വത്വത്തിൽ നിന്നും അപരനിലേക്കുള്ള പരന്നൊഴുകലായിരുന്നു യഥാർത്ഥത്തിൽ ഈ കാലമെന്നത്. എത്രയെത്ര മനുഷ്യരെ കണ്ടു, എത്രയെത്ര നോവുകൾക്ക് കാതോർത്തു, ചിതറി പോകാവുന്ന എത്ര സ്വപ്നങ്ങൾക്ക് മീതെ നിറം പകർന്നു. ആരോരുമല്ലായിരുന്ന എത്രയേറെ മനുഷ്യരാണ് ഈ കാലം കൊണ്ട് കടന്നു വന്ന് ജീവിതം നിറച്ചത്.'-റംസീന എഴുതുന്നു.
"ഔദ്യോഗികമായി പടിയിറങ്ങുകയാണ്... കോഴിക്കോട് ജില്ലാപഞ്ചായത്തിൽ നിന്ന്, കട്ടിപ്പാറ ഡിവിഷനിലെ എന്റെ പ്രിയപ്പെട്ട മനുഷ്യരിൽ നിന്ന്. ഉജ്ജ്വലമായൊരു കാലത്തിന്നും, അനുഭവപൂർണമായ ഒരു യാത്രക്കുമാണ് തിരശീല വീഴുന്നത്.
ജീവിതത്തിൽ എത്തണം എന്ന് ലക്ഷ്യം വെച്ച സ്ഥലങ്ങളിൽ എത്തണമെന്നില്ല ഒരാളും .ഒരുപക്ഷേ , കരുതാതെ എത്തുന്നയിടം അതിനേക്കാൾ മനോഹരമായതാവാം ,പരീക്ഷണങ്ങൾ നിറഞ്ഞതാവാം.
എല്ലാം നിയോഗം പോലെ വരുന്നു ,പോവുന്നു എന്ന് കരുതാനാണ് ജീവിതം പഠിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ , ലഭിച്ചതിനോട് സ്വാർത്ഥതയും പാടില്ല. ഇരുപത്തി അഞ്ചാം വയസ്സിൽ, കാലിനടിയിൽ ചുവപ്പ് മാറാത്ത രണ്ടിളം പൈതങ്ങളുട ഉമ്മയായി കൊണ്ട് എഴുത്തിന്റെ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് പുതുമുഖക്കാരിയായി കടന്നു വരുമ്പോൾ ഈ ഇടം തീർത്തും അപരിചതമായിരുന്നു, പുതുമ നിറഞ്ഞതായിരുന്നു. അതിലേറെ ആശങ്കകളായിരുന്നു.
നാമെന്ന വേലിക്കെട്ടുകളിൽ തടഞ്ഞു നിന്ന ചിന്തകളിൽ നിന്നും സ്വത്വത്തിൽ നിന്നും അപരനിലേക്കുള്ള പരന്നൊഴുകലായിരുന്നു യഥാർത്ഥത്തിൽ ഈ കാലമെന്നത്. എത്രയെത്ര മനുഷ്യരെ കണ്ടു, എത്രയെത്ര നോവുകൾക്ക് കാതോർത്തു, ചിതറി പോകാവുന്ന എത്ര സ്വപ്നങ്ങൾക്ക് മീതെ നിറം പകർന്നു. ആരോരുമല്ലായിരുന്ന എത്രയേറെ മനുഷ്യരാണ് ഈ കാലം കൊണ്ട് കടന്നു വന്ന് ജീവിതം നിറച്ചത്.
നിങ്ങൾ നിങ്ങളുടെ ഗ്രാമങ്ങളെ കുറിച്ച് കണ്ട എത്ര കിനാവുകളിലേക്കാണ് നാം ഒരുമിച്ചു സഞ്ചരിച്ചതും. ആ കിനാവുകളെ തൊട്ടതും. പാർട്ടി നൽകിയ മഹത്തായ അംഗീകാരത്തോട് നീതി കാണിക്കാൻ സാധ്യമായെന്ന എളിയ വിശ്വാസം ഹൃദയത്തിൽ ബാക്കിയാകുന്നു. ഓദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലും വേദികൾ തോറും ഈ അഭിമാനകരമായ ആദർശത്തക്കുറിച്ച് നിലക്കാതെ പറഞ്ഞു കൊണ്ടിരിക്കാൻ സാധ്യമായെന്ന ചരിതാർഥ്യവും നെഞ്ചിൽ നിറയുന്നു.
മടുപ്പിന്റെയോ വെറുപ്പിന്റെയോ, അവഗണനയുടേയോ അനുഭവങ്ങൾ മുന്നിൽ വരുന്ന ഒരു മനുഷ്യനും എന്നിൽ നിന്നില്ലാതിരിക്കാനുള്ള ജാഗ്രതയുണ്ടായിരുന്നെങ്കിലും മാനുഷികമായി വന്ന തെറ്റുകളുണ്ടാവാം.
എല്ലാം തികഞ്ഞെന്നെ ബോധ്യമില്ല, നീതി കാണിച്ചുവെന്നെ ബോധ്യം മാത്രമാണ് നെഞ്ചിൽ ബാക്കിയാകുന്നത്. മഹനീയമായൊരു പദവിയെ വിശ്വാസപൂർവ്വം കൈകളിൽ ഏൽപ്പിച്ച പ്രസ്ഥാനത്തിനോടും നേതാക്കളോടും ഹൃദയം നിറഞ്ഞ കടപ്പാടുകൾ ബാക്കിയാകുന്നു. നന്ദി പ്രിയപ്പെട്ടവരേ. . ചേർത്തു പിടിച്ചതിന്, ഒരുമിച്ചു നടന്നതിന്, ഒരുമിച്ചുയർന്നതിന്, ഒരുമിച്ചു ചിരിച്ചതിന്, നമൊന്നു ചേർന്ന കാലത്തിന്."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.