റോഡിലെ അശ്രദ്ധമായ പെരുമാറ്റങ്ങളിലൂടെ അപകടം സൃഷ്ടിക്കുന്ന ഡ്രൈവിങ്ങിനെതിരെ ബോധവൽകരണവുമായി കേരള പൊലീസിന്റെ സാമൂഹിക മാധ്യമ പോസ്റ്റ്. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ കോൻബനേഗ ക്രോർപതി ഷോയുടെ ചിത്രം പങ്കുവെച്ച് ‘എപ്പോൾ, എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനം.. നിങ്ങൾ പറയൂ..?’ എന്ന ചോദ്യവുമായാണ് ട്രോളിലൂടെ കേരള പൊലീസിന്റെ ട്രാഫിക് ബോധവൽകരണം. മെട്രോ ട്രെയിൻ, റോഡ് റോളർ, ഓട്ടോറിക്ഷ, വിമാനം എന്നിവയുടെ ചിത്രം നൽകിയുള്ള പോസ്റ്റിന് മറുപടിയും ബഹുരസം.
.കേരള പൊലീസ് ഫേസ് ബുക് കുറിപ്പ് ഇങ്ങനെ..
‘നിങ്ങളിലെല്ലാം അങ്ങനെയല്ല. എന്നാലും ചിലരങ്ങനെയുണ്ട് ..’
വളരെ സ്നേഹത്തോടെ ഒരു കാര്യം ഓർമിപ്പിക്കട്ടെ. മൂന്ന് വീലിൽ ഓടുന്നതിനാൽ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാൽ അതേ പോലെ തന്നെ പെട്ടെന്ന് മറിയാനിടയുള്ള വാഹനവുമാണ്. കൂടാതെ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡിൽ പെട്ടെന്ന് നിർത്തുക, ഇൻഡിക്കേറ്റർ ഇടാതെ, സിഗ്നൽ നൽകാതെ, പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേൺ എടുക്കുക തുടങ്ങിയവ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നു.
ദയവായി ഇൻഡിക്കേറ്ററുകൾക്കനുസരിച്ചു മാത്രം വാഹനം തിരിക്കുക. വാഹനം നിർത്തുന്നതിനു മുൻപ് റോഡിലെ മറ്റു വാഹനങ്ങൾക്ക് സിഗ്നൽ നൽകുക. യു ടേൺ എടുക്കുന്നതിന് മുൻപ് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ ഇടതുവശം ചേർന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാൻ പോകുകയാണ് എന്ന സിഗ്നൽ കാണിച്ച് പുറകിൽ നിന്ന് വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേൺ എടുക്കുക.
റോഡുകളിൽ ഓട്ടോറിക്ഷയുടെ കുസൃതികൾ വിശദീകരിച്ചുകൊണ്ട് കമന്റുകളും ധാരാളം. ‘സീറ്റ് ബെൽറ്റും ഇടേണ്ട ഹെമേറ്റും വെക്കേണ്ട. എന്തിനു ഏറെ പറയുന്നു എപ്പോ നിർത്തുമെന്നോ എങ്ങോട്ട് തിരിക്കുമെന്നോ പ്രവചിക്കാൻ പറ്റാത്ത ഒരേയൊരു വാഹനം ഓട്ടോറിക്ഷയാണ്’ -എന്നായി ഒരു കമന്റ്. അതേസമയം, പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും കമന്റുകളിലൂടെ ചൂണ്ടികാണിക്കുന്നു. അതേസമയം, എയർ ഇന്ത്യ വിമാനത്തിനും പഴിയുമായി ആളുകളെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.