ഫേസ്ബുക് ആസ്ഥാനത്തുനിന്ന് ഡൽഹിയിലേക്ക് ഒരു കോൾ; മുംബൈയിൽ യുവാവിന്‍റെ ആത്മഹത്യ പിന്തിരിപ്പിക്കാൻ ഉറക്കമൊഴിഞ്ഞ് പൊലീസ്

ന്യൂഡൽഹി: ഫേസ്ബുക്കിന്‍റെ അയർലൻഡ് ആസ്ഥാനത്തു നിന്ന് ഡൽഹിയിലേക്ക് വന്ന ഒരു ഫോൺകോൾ പൊലീസ് കമീഷണർമാരെ ഉൾപ്പടെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ. മുംബൈയിൽ ആത്മഹത്യക്കൊരുങ്ങിയ യുവാവിനെ പുലർച്ചെ മൂന്നുമണിയോടെ രക്ഷപ്പെടുത്തിയപ്പോൾ മാത്രമാണ് ഉദ്വേഗത്തിന്‍റെ നിമിഷങ്ങൾക്ക് അവസാനമായത്.

സംഭവം ഇങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് 7.51ഓടെ ഡൽഹി സൈബർ സെൽ ഡി.സി.പി അന്യേഷ് റോയിക്ക് അയർലൻഡിൽ നിന്ന് ഒരു ഫോൺ കോൾ എത്തുന്നു. അയർലൻഡിലെ ഫേസ്ബുക് ആസ്ഥാനത്ത് നിന്നായിരുന്നു കോൾ. ഡൽഹി സ്വദേശിയായ ഒരു യുവാവ് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യക്ക് ഒരുങ്ങുന്നുവെന്ന വിവരമാണ് അവർ പങ്കുവെച്ചത്. അക്കൗണ്ട് വിവരങ്ങളും, ഐ.പി വിലാസവും, വിഡിയോയും, യുവാവിന്‍റെ ഫോൺ നമ്പറും ഫേസ്ബുക് അധികൃതർ കൈമാറി.

ഉടൻ തന്നെ ഞങ്ങൾ നമ്പർ പിന്തുടർന്ന് വിശദാംശങ്ങൾ എടുത്തു. ഇത്തരം കേസുകളിൽ സമയം നിർണായകമാണ് -ഡി.സി.പി റോയ് പറഞ്ഞു.

ഈസ്റ്റ് ഡൽഹിയിലെ മാൻഡാവാലി പ്രദേശത്തെ നമ്പറാണിതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് റോയ് ഈസ്റ്റ് ഡൽഹി ഡി.സി.പി ജസ്മീത് സിങ്ങുമായി ബന്ധപ്പെട്ടു. ഫോൺ നമ്പറിന്‍റെ ഉടമയുടെ വിവരങ്ങൾ ലഭിച്ച ശേഷം മധുവിഹാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ വിലാസം തിരക്കിയിറങ്ങി. എന്നാൽ, ഒരു, യുവതിയുടെ ഫോൺ നമ്പറായിരുന്നു അത്. അവർക്ക് ഫേസ്ബുക്കിലെ വിഡിയോയെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

അതേസമയം, തന്‍റെ ഫോൺ നമ്പർ ഉപയോഗിച്ചുള്ള ഫേസ്ബുക് അക്കൗണ്ട് ഭർത്താവ് ഉപയോഗിക്കുന്നതായും രണ്ടാഴ്ച മുമ്പ് താനുമായി പിണങ്ങി അദ്ദേഹം മുംബൈയിലേക്ക് പോയെന്നും യുവതി അറിയിച്ചു. ഭർത്താവ് മുംബൈയിൽ എവിടെയാണെന്ന് അവർക്ക് വിവരമുണ്ടായിരുന്നില്ല.

രാത്രി 9.30ഓടെ ഡൽഹി പൊലീസ് മുംബൈ സൈബർ ഡി.സി.പി ഡോ. രശ്മി കരാന്തിക്കറുമായി ബന്ധപ്പെട്ട് വിവരം കൈമാറി. യുവതി നൽകിയ ഭർത്താവിന്‍റെ നമ്പറിലേക്ക് ഡോ. രശ്മി നിരന്തരം വിളിച്ചുകൊണ്ടിരുന്നു. എന്നാൽ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഫോൺ നമ്പർ ട്രേസ് ചെയ്യാൻ ഒരു സംഘത്തെ ചുമതലപ്പെടുത്തിയ ഇവർ ഇൻസ്പെക്ടർ പ്രമോദ് കോപികർക്ക് യുവാവിന്‍റെ നമ്പറിലേക്കും ഭാര്യയുടെ നമ്പറിലേക്കും നിരന്തരം വിളിക്കാനുള്ള നിർദേശം നൽകി.

ഡി.സി.പിയുടെ നിർദേശം ലഭിക്കുമ്പോൾ ഇൻസ്പെക്ടർ കോപികർ ഭാര്യയോടൊപ്പം വീട്ടിൽ അത്താഴം കഴിക്കുകയായിരുന്നു. യുവാവിന്‍റെ നമ്പറിലേക്ക് നിരവധി തവണ വിളിച്ചിട്ടും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് ഇൻസ്പെക്ടർ യുവാവിന്‍റെ ഭാര്യയെ വിളിച്ചു. വൈകാരികമായ ശബ്ദ സന്ദേശങ്ങളും കുട്ടികളുടെ ചിത്രങ്ങളും വാട്സാപ്പിൽ ഭർത്താവ് കാണും വരെ അയക്കാൻ നിർദേശിച്ചു.

രാത്രി 11.30ഓടെ അവർ തിരികെ വിളിച്ച് ഭർത്താവ് മെസേജുകൾ കണ്ടതായി വിവരം നൽകി. ഭർത്താവിനെ വിളിക്കാൻ നിർദേശിച്ച ഇൻസ്പെക്ടർ, കോളിനിടെ തന്നെ കണക്ട് ചെയ്യാനും നിർദേശിച്ചു. പക്ഷേ, അത് നടന്നില്ല. തുടർന്ന് ഇൻസ്പെക്ടർ തന്നെ യുവാവിനെ വിളിച്ച് ഭാര്യയെ കൂടി കോളിൽ കണക്ട് ചെയ്തു. അതേസമയം തന്നെ ഒരു പൊലീസ് സംഘം നമ്പർ ട്രേസ് ചെയ്ത് ലൊക്കേഷൻ മനസിലാക്കുന്നുണ്ടായിരുന്നു.

ഒരു മണിക്കൂറോളം യുവാവ് ഫോണിലൂടെ കരയുകയും ഭാര്യയുമായി തർക്കിക്കുകയും ചെയ്തു. ഇൻസ്പെക്ടർ ഇതെല്ലാം കേട്ടുനിന്നു. താൻ ഉറപ്പായും മരിക്കുമെന്നും രണ്ടു പ്രാവശ്യം അതിനായി ശ്രമിച്ചെന്നും യുവാവ് പറഞ്ഞു.

ഇതിനിടെ യുവാവിന്‍റെ ലൊക്കേഷൻ മുംബൈയിലെ ബയാന്തറിൽ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസിനോട് എത്രയും വേഗം സ്ഥലത്തെത്താൻ കോപികർ നിർദേശം നൽകി.

കോവിഡിനെ തുടർന്ന് തന്‍റെ ശമ്പളത്തിൽ വൻ കുറവ് വന്നതോടെ യുവാവ് വലിയ സമ്മർദത്തിലായിരുന്നുവെന്ന് കോപികർ പറഞ്ഞു. തനിക്ക് വൈറസ് ബാധിക്കുമോയെന്നും അയാൾക്ക് ഭയമുണ്ടായിരുന്നു. എല്ലാവരും കൂടെയുണ്ടെന്നും ഭാര്യയും കുട്ടികളും അയാളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും കോപികർ പറഞ്ഞുകൊണ്ടേയിരുന്നു.

തന്‍റെ വാക്കുകൾ പോരായെന്ന് തോന്നിയ സമയത്ത് കോപികർ തന്‍റെ ഭാര്യയെ കൊണ്ടും യുവാവിനോട് സംസാരിപ്പിച്ചു. ഞങ്ങളും പരസ്പരം കലഹിക്കാറുണ്ടെന്നും ഇപ്പോഴും ഒരുമിച്ച് കഴിയുകയാണെന്നും ഒക്കെ യുവാവിനോട് ഇൻസ്പെക്ടറുടെ ഭാര്യ പറഞ്ഞു. വൈറസ് പകർന്നു മരിക്കുമെന്ന് ഭയമുള്ളതായി യുവാവ് പറഞ്ഞപ്പോൾ തനിക്ക് വൈറസ് ബാധിച്ച് രോഗമുക്തി നേടിയതാണെന്നും ഭയപ്പെടാനില്ലെന്നും പറഞ്ഞ് ഇൻസ്പെക്ടറുടെ ഭാര്യ സമാധാനിപ്പിച്ചു. തനിക്ക് സാമ്പത്തിക പ്രയാസമുണ്ടെന്നും യുവാവ് പറഞ്ഞു. തനിക്ക് ഒലയിൽ രജിസ്റ്റർ ചെയ്ത കാർ ഉണ്ടെന്നും അതിന്‍റെ ഡ്രൈവറായി നിങ്ങൾക്ക് ജോലി ചെയ്യാമെന്നും കോപികർ പറഞ്ഞു. ഇതോടെയാണ് യുവാവ് അൽപം ശാന്തനായത്. യുവാവിന്‍റെ ഭാര്യയോട് വേഗം മുംബൈയിലേക്ക് വരാനും നിർദേശം നൽകി.

പുലർച്ചെ മൂന്ന് മണിയോടെ ലോക്കൽ പൊലീസ് യുവാവിന്‍റെ താമസസ്ഥലത്തെത്തി. കാര്യങ്ങൾ സംസാരിച്ച് കൗൺസലിങ് നൽകി. യുവാവ് യാഥാർഥ്യത്തിലേക്ക് തിരികെയെത്തി എന്നറിഞ്ഞ ശേഷം മാത്രമേ താൻ ഫോൺ വെച്ചുള്ളൂവെന്ന് ഇൻസ്പെക്ടർ കോപികർ പറയുന്നു. ഞായറാഴ്ച രാവിലെ 10ഓടെ യുവാവിനെ വീണ്ടും വിളിച്ച് സംസാരിച്ചു. ഞങ്ങളോടെല്ലാം യുവാവ് നന്ദി പറയുന്നുണ്ടായിരുന്നു. ഇപ്പോഴും യുവാവിനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇൻസ്പെക്ടർ പ്രമോദ് കോപികർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.