‘ഒരു യൂണിറ്റ് തീരുമാനിച്ചാൽ എടപ്പാളോട്ടത്തിന്റെ പാലക്കാട് വേർഷൻ കേരളം കാണും’ -പ്രശാന്ത് ശിവനെതി​രെ ഡി.വൈ.എഫ്.ഐ

കണ്ണൂർ: ചാനൽ ചർച്ചക്കിടെ എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എം ആർഷോയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനെതി​രെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.​കെ. സനോജ്. ഡി.വൈ.എഫ്​.ഐയുടെ പാലക്കാട് ജില്ലയിലെ ഒരു യൂനിറ്റ് വിചാരിച്ചാൽ എടപ്പാളോട്ടത്തിന്റെ പാലക്കാട് വേർഷൻ കേരളം കാണുമെന്നായിരുന്നു സനോജിന്റെ പരിഹാസം.

2019ല്‍ മലപ്പുറം ജില്ലയിലെ എടപ്പാളിൽ ബി.ജെ.പി ബൈക്ക് റാലി നാട്ടുകാർ തടഞ്ഞ​പ്പോൾ പ്രവർത്തകർ ഓടുന്നതിന്റെ ദൃശ്യങ്ങളാണ് ‘എടപ്പാൾ ഓട്ടം’ എന്ന പേരിൽ ​പിന്നീട് വൈറലായത്. ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ കടകൾ അടപ്പിക്കാൻ ബൈക്കുകളുമായി എത്തിയ ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകർക്കെതിരെ നാട്ടുകാര്‍ അടിച്ചോടിക്കുകയായിരുന്നു. ഇതോടെ ബൈക്കുകള്‍ ഉപേക്ഷിച്ചാണ് സംഘ്പരിവാർ പ്രവർത്തകർ ഓടി രക്ഷപ്പെട്ടത്. പാലക്കാടും ഇത് ആവർത്തിക്കുമായിരുന്നു എന്നാണ് സനോജ് പരിഹസിക്കുന്നത്.


ചാനൽ പരിപാടിയിൽ പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്ന ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്തതിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചിരുന്നു. ‘സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്. പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സംഘപരിവാർ നേതൃത്വം നൽകുന്ന നഗരസഭ ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്യവെ, സാമാന്യ മര്യാദ പോലുമില്ലാതെ ഗുണ്ടായിസം കാണിക്കുകയാണ് പ്രശാന്ത് ശിവൻ ചെയ്തത്. ആർഎസ്എസിന് കൂടുതൽ സ്വാധീനം ഉണ്ടായാൽ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് പ്രശാന്ത് ശിവൻറെ പെരുമാറ്റത്തിലൂടെ കാണിക്കുന്നത്.

അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വർഗീയ ശക്തികൾക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാർ നേതൃത്വത്തെ ജനം തിരിച്ചറിയും. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും’ -ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - DYFI leader vk sanoj against prasanth sivan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.