ആസ്ഥാന വർഗീയവാദി സ്റ്റേറ്റ് കാറിൽ ആഭ്യന്തര മന്ത്രിയുടെ കൂടെ, ഈ വർഗീയവാദിക്കെതിരെ സ്വമേധയ കേസെടുക്കാൻ മുട്ടുവിറയില്ലാത്ത ആഭ്യന്തര വകുപ്പില്ലാതെ പോയി -ഡോ. ജിന്റോ ​ജോൺ

കൊച്ചി: വാവർ തീവ്രവാദിയും മുസ്‌ലിം ആക്രമണകാരിയുമാണെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് ​നേതാവ് ഡോ. ജിന്റോ ജോൺ. ഈ വർഗീയവാദിക്കെതിരെ സ്വമേധയ കേസെടുക്കാൻ മുട്ടുവിറയില്ലാത്ത ഒരു ആഭ്യന്തര വകുപ്പ് കേരളത്തിൽ ഇല്ലാതെ പോയെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ വർഗീയവാദിക്കെതിരെ സ്വമേധയ കേസെടുക്കാൻ മുട്ടുവിറയില്ലാത്ത ഒരു ആഭ്യന്തര വകുപ്പ് കേരളത്തിൽ ഇല്ലാതെ പോയി. ഗുരു നിന്ദയിലൂടെ വിഷം തുപ്പുന്ന ആസ്ഥാന വർഗീയവാദി ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ ആഭ്യന്തര മന്ത്രിയുടെ കൈപിടിച്ച് നടക്കുന്നു! ഈമാതിരി വിദ്വേഷ പ്രചരണത്തിന്റെ ആലോചന കമ്മിറ്റിയാണത്രേ നാവോത്ഥാന സംരക്ഷണ സമിതി... ഇതിന്റെയെല്ലാം കാരണഭൂതന്റെ പേരാണ് സഖാവ് പിണറായി ഒന്നാം നമ്പർ സംഘാവ്!!’ -ജിന്റോ ജോൺ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അതിനിടെ, ശ്രീരാമദാസ മിഷൻ അധ്യക്ഷനെതിരെ പന്തളം കൊട്ടാരം കുടുംബാംഗം എ.ആർ. പ്രദീപ വർമ്മയും കോൺഗ്രസ് മാധ്യമ വക്താവ് അഡ്വ. വി.ആര്‍. അനൂപും പൊലീസിൽ പരാതി നൽകി. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘ്പരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലാണ് വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹർഷി പ്രസംഗിച്ചത്. വിശ്വാസം മുറിപ്പെടുത്തൽ, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ആണ് പരാതി.

‘വാപുരൻ എന്നുപറയുന്നത് ഇല്ലാ പോലും. 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’ -എന്നിങ്ങനെയായിരുന്നു ശാന്താനന്ദ പ്രസംഗിച്ചത്.

Tags:    
News Summary - dr jinto john against Saanthananda Maharshi, President of Sri Ramadasa Mission hate speech about vaavar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.