ശിരോവസ്ത്ര നിരോധനം കത്തിക്കുന്നതിൽ മൂന്നുകൂട്ടർ കുറ്റക്കാരെന്ന് ഡോ. ജിന്റോ ജോൺ; ‘ഇന്ന് വസ്ത്രം പോലും സമരായുധം, ഇതേ തലമുണ്ടിനല്ലേ വടക്കോട്ട് ഒന്നിച്ച് പോരാടുന്നത്?

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ്‍ സ്കൂളിലെ ഹിജാബ് നിരോധനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. വസ്ത്രം പോലും എത്ര എളുപ്പത്തിലാണ് മനുഷ്യ വിഭജനത്തിന് കാരണവും മാനസീക മർദ്ദനോപാധിയും ആകുന്നതെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘ഇതേ തലമുണ്ടിനും മാതാചാര വേഷത്തിനും കൂടിയല്ലേ മംഗലാപുരം മുതൽ വടക്കോട്ട് ഇവരെല്ലാമൊന്നിച്ച് പോരാടുന്നത്? താരതമേന്യേ സൗഹാർദ്ദപരമായ കേരളത്തിന്റെ മണ്ണിൽ നിന്നിട്ട് ഒരാൾ മറ്റൊരാളുടെ തലമുണ്ട് കാണുമ്പോൾ ഭയം ജനിക്കുന്നുവെന്ന് പറയുന്നത് പോലും എനിക്ക് ഭയമുണ്ടാക്കുന്നു. ഭാരതീയ സംസ്ക്കാരത്തിൽ ഊന്നി നിൽക്കുന്നൊരു സ്ഥാപനത്തിൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ മനസ്സില്ലാത്ത ഇരുണ്ട ഇടനാഴികൾ ഉണ്ടെന്നതും എന്നിലെ ക്രിസ്തു തെളിച്ചത്തെ ഭയപ്പെടുത്തുന്നു’ -അ​ദ്ദേഹം പറഞ്ഞു.

‘എന്തുകൊണ്ടാണ് ഛത്തീസ്‌ഗഡിലും കാണ്ഡമാലിലും ഒറീസ്സയിലും മണിപ്പൂരിലും മദ്ധ്യപ്രദേശിലും എന്നുവേണ്ട 'മോദി ഭാരത'ത്തിൽ എവിടേയും വേട്ടയാടപ്പെടുന്നത് എന്നതിന് ഉത്തരം പറയേണ്ട ബാധ്യതയും, തലമുണ്ട് കാണുമ്പോൾ മറ്റ് കുട്ടികൾക്ക് ഭയമുണ്ടാകുമെന്ന് പറയുന്ന നാവുകൾക്കുണ്ട്. ഒരാൾ സംഘപരിവാറാകുന്നത് മനസ്സാക്ഷി മറന്നുള്ള നിലപാട് കൊണ്ടാണ്, മതവിശ്വാസം കൊണ്ടല്ല. ഈ വിഷയം ഇതുപോലെ കത്തിക്കുന്നതിൽ മൂന്ന് കൂട്ടർ കുറ്റക്കാരാണ്. കാസ- ക്രിസംഘി-ബിജെപി മുന്നണി, എസ്ഡിപിഐ, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ പക്ഷങ്ങൾ. വകതിരിവ് നഷ്ടപ്പെട്ട രീതിയിൽ തർക്കത്തിൽ ഏർപ്പെടുന്നവരുടെ പക്ഷം പിടിച്ച് കത്തിച്ച് കിട്ടുന്നതിൽ ഒരുപാതിക്ക് വേണ്ടി ഏറ്റുമുട്ടുകയാണിവർ. ഈ കുട്ടിയുടെ പിതാവിനെ ആക്ഷേപിച്ച കാസ തീവ്രവാദിയായ പിടിഎ പ്രസിഡന്റ്‌ മുതൽ വർഗ്ഗീയ മുതലെടുപ്പിന് തക്കം പാർത്ത് നടക്കുന്ന ഷോൺ ജോർജ്ജടക്കമുള്ള 'ഇടപെടൽ' സംഘികളുടെ അതേ ലക്ഷ്യം തന്നെയാണ് എസ്ഡിപിഐ പോലുള്ളവർക്കും. ഇവർ തമ്മിൽത്തല്ലുന്നത് മനുഷ്യർക്ക് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന്റെ വിഹിതം പറ്റാനാണ്. ഹിജാബ് നേരെ ധരിക്കാത്തതിനാൽ മുടിയിഴകൾ പുറത്ത് കണ്ടതിന് മഹ്സ അമിനിയെ മർദ്ദിച്ച്‌ കൊന്ന ഇറാൻ മത പോലീസും തിരുവസ്ത്രത്തിൽ കന്യാസ്ത്രീകളെ കണ്ടാൽ വേട്ടയാടി അറസ്റ്റ് ചെയ്യണമെന്ന് കരുതുന്ന സംഘപരിവാർ പോലീസും ഒരേ തൂവൽ പക്ഷികളാണ്... മനസ്സാക്ഷിയില്ലാത്ത കഴുകന്മാർ’ -ജിന്റോ ജോൺ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

"ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.

മനുഷ്യരെ സൂക്‌ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച്‌ അവര്‍ നിങ്ങളെ മര്‍ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്‍മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും"

മത്തായി 10 : 16-18

വസ്ത്രം പോലും എത്ര എളുപ്പത്തിലാണ് മനുഷ്യ വിഭജനത്തിനുള്ള കാരണമാകുന്നത്! മാനസീക മർദ്ദനോപാധിയാകുന്നത്!! ഇതേ തലമുണ്ടിനും മാതാചാര വേഷത്തിനും കൂടിയല്ലേ മംഗലാപുരം മുതൽ വടക്കോട്ട് ഇവരെല്ലാമൊന്നിച്ച് പോരാടുന്നത്? താരതമേന്യേ സൗഹാർദ്ദപരമായ കേരളത്തിന്റെ മണ്ണിൽ നിന്നിട്ട് ഒരാൾ മറ്റൊരാളുടെ തലമുണ്ട് കാണുമ്പോൾ ഭയം ജനിക്കുന്നുവെന്ന് പറയുന്നത് പോലും എനിക്ക് ഭയമുണ്ടാക്കുന്നു. ഭാരതീയ സംസ്ക്കാരത്തിൽ ഊന്നി നിൽക്കുന്നൊരു സ്ഥാപനത്തിൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ മനസ്സില്ലാത്ത ഇരുണ്ട ഇടനാഴികൾ ഉണ്ടെന്നതും എന്നിലെ ക്രിസ്തു തെളിച്ചത്തെ ഭയപ്പെടുത്തുന്നു.

എന്തുകൊണ്ടാണ് കേരളത്തിന് പുറത്തുള്ള ഒരുപാട് പുരോഹിതർ ളോഹ മാറ്റിയും കന്യാസ്ത്രീകൾ സഭാവസ്ത്രം മാറ്റി ചുരിദാർ ധരിച്ചും പൊതുയിടങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നതെന്ന് മനസ്സിലാകാത്തതും ആനുകാലിക ഇന്ത്യയിൽ ഭയം ജനിപ്പിക്കുന്നു. എസ്സെൻഷ്യൽ പ്രാക്ടീസിന്റെ ഭാഗമായ പലതുമെന്തേ 'മോദിയുടെ ഭാരത'ത്തിൽ ഒളിച്ചുവക്കേണ്ടി വരുന്നതെന്ന് ഓർക്കേണ്ടതാണ്. എന്റെ കന്യാമാതാവിന്റെ തലമുണ്ട് കണ്ടിട്ട് മറ്റൊരാൾക്കും ഭയം ജനിക്കുന്നില്ലെങ്കിൽ അതാണ്‌ യഥാർത്ഥത്തിൽ ഭാരതത്തിന്റെ ഇന്ക്ലൂസിവ്നെസ്സ്. അതുകൊണ്ടാണ് വൈദേശിക ഭരണം വരുന്നതിന് മുന്നേ ക്രൈസ്തവരും മുഗളർക്ക് മുന്നേ മുസ്ലിങ്ങളും ഈ മണ്ണിൽ ഒന്നിച്ച് പുലർന്ന് പോന്നത്.

എന്തുകൊണ്ടാണ് ഛത്തീസ്‌ഘഡിലും കാണ്ഡമാലിലും ഒറീസ്സയിലും മണിപ്പൂരിലും മദ്ധ്യപ്രദേശിലും എന്നുവേണ്ട 'മോദി ഭാരത'ത്തിൽ എവിടേയും വേട്ടയടപ്പെടുന്നത് എന്നതിന് ഉത്തരം പറയേണ്ട ബാധ്യതയും, തലമുണ്ട് കാണുമ്പോൾ മറ്റ് കുട്ടികൾക്ക് ഭയമുണ്ടാകുമെന്ന് പറയുന്ന നാവുകൾക്കുണ്ട്. ഒരാൾ സംഘപരിവാറാകുന്നത് മനസ്സാക്ഷി മറന്നുള്ള നിലപാട് കൊണ്ടാണ്, മതവിശ്വാസം കൊണ്ടല്ല.

പ്രദേശത്ത് മറ്റൊരുപാട് സ്കൂളുകൾ ഉണ്ടായിട്ടും ഈ സ്ഥാപനത്തിലെ യൂണിഫോം ധരിക്കാൻ തയ്യാറായി അഡ്മിഷൻ എടുത്ത ശേഷം പിന്നീട് ഒരു തർക്കമുണ്ടായാൽ അവിടം എല്ലാവർക്കും എല്ലാ വൈവിധ്യങ്ങളോടും കൂടി ഉണ്ടാകാനുള്ള ഇടമല്ലെന്ന് തിരിച്ചറിഞ്ഞ് വിട്ടുകളയുക. എല്ലാവർക്കും ഒരുപോലെ ഇടമുള്ള മനസ്സുകൾ ഇനിയുമൊരുപാട് ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അഡ്മിഷനെടുക്കുക. വിഷയത്തിലെ ഇരുവശത്തുമുള്ള ന്യായവിചാരങ്ങൾ, ആവശ്യപ്പെട്ട സമയത്തിന്റെ സാംഗത്യം ഇതൊന്നും ചികഞ്ഞ് ആളിക്കത്തിക്കേണ്ട അഗ്നിയല്ല ഈ തലമുണ്ട്. ഇരുട്ടിൽ നിന്ന് വെളിച്ചം പകർന്ന് കൈപിടിച്ച് നയിക്കേണ്ടതാണ് ഗുരു എന്ന് മറന്നുപോകാത്ത ഇടങ്ങളിൽ തണൽ തേടുക.

ഈ വിഷയം ഇതുപോലെ കത്തിക്കുന്നതിൽ മൂന്ന് കൂട്ടർ കുറ്റക്കാരാണ്. കാസ- ക്രിസംഘി-ബിജെപി മുന്നണി, എസ്ഡിപിഐ, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ പക്ഷങ്ങൾ. വകതിരിവ് നഷ്ടപ്പെട്ട രീതിയിൽ തർക്കത്തിൽ ഏർപ്പെടുന്നവരുടെ പക്ഷം പിടിച്ച് കത്തിച്ച് കിട്ടുന്നതിൽ ഒരുപാതിക്ക് വേണ്ടി ഏറ്റുമുട്ടുകയാണിവർ. ഈ കുട്ടിയുടെ പിതാവിനെ ആക്ഷേപിച്ച കാസ തീവ്രവാദിയായ പിടിഎ പ്രസിഡന്റ്‌ മുതൽ വർഗ്ഗീയ മുതലെടുപ്പിന് തക്കം പാർത്ത് നടക്കുന്ന ഷോൺ ജോർജ്ജടക്കമുള്ള 'ഇടപെടൽ' സംഘികളുടെ അതേ ലക്ഷ്യം തന്നെയാണ് എസ്ഡിപിഐ പോലുള്ളവർക്കും. ഇവർ തമ്മിൽത്തല്ലുന്നത് മനുഷ്യർക്ക് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന്റെ വിഹിതം പറ്റാനാണ്. ഹിജാബ് നേരെ ധരിക്കാത്തതിനാൽ മുടിയിഴകൾ പുറത്ത് കണ്ടതിന് മഹ്സ അമിനിയെ മർദ്ദിച്ച്‌ കൊന്ന ഇറാൻ മത പോലീസും തിരുവസ്ത്രത്തിൽ കന്യാസ്ത്രീകളെ കണ്ടാൽ വേട്ടയാടി അറസ്റ്റ് ചെയ്യണമെന്ന് കരുതുന്ന സംഘപരിവാർ പോലീസും ഒരേ തൂവൽ പക്ഷികളാണ്... മനസ്സാക്ഷിയില്ലാത്ത കഴുകന്മാർ.

ആ പ്രദേശത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന് കത്തിവയ്ക്കാൻ ശ്രമിക്കുന്ന തീ കൂട്ടൽ വേഗത്തിൽ തിരിച്ചറിഞ്ഞ സ്ഥലം എംപി ഹൈബി ഈഡനും മുഹമ്മദ്‌ ഷിയാസും ഇടപ്പെട്ട് പരിഹരിച്ച പ്രശ്നത്തിൽ 24 മണിക്കൂറിനുള്ളിൽ 3 വട്ടവും പിന്നീട് ഒരുവട്ടവും കൂടി നിലപാട് മാറ്റി എണ്ണയൊഴിച്ച വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യത്തിൽ ഉത്തരവാദിയാണ്. നിയമവും കോടതിവിധികളും സ്വകാര്യ സ്ഥാപനത്തിന്റെ വിവേചനാധികാരത്തിന് ഒപ്പമാണെന്ന് മനസ്സിലാക്കി മിണ്ടണമായിരുന്നു മന്ത്രി. സുംബ, സ്കൂൾ സമയമാറ്റം, ഭിന്നശേഷി അധ്യാപക നിയമനം തുടങ്ങിയ വിഷയങ്ങളിലെല്ലാം വിദ്യാഭ്യാസ മന്ത്രി ആദ്യഘട്ടത്തിൽ മതസാമുദായിക നേതാക്കളെ വെല്ലുവിളിക്കുകയും പിന്നീട് സന്ധി സംഭാഷണം നടത്തി തർക്കങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നു.

ആദ്യ നിലപാടിലൂടെ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനും നിലപാട് മാറ്റത്തിലൂടെ മതസാമുദായിക നേതൃത്വത്തെ ബാലൻസ് ചെയ്യാനും ഇതിലൂടെ ശ്രമിക്കുന്നു. ഇതിന്റെ ദൂരവ്യാപകമായി പ്രത്യാഘാതങ്ങൾ കേരളത്തിന്റെ മതേതര രാഷ്ട്രീയ കെട്ടുറപ്പിനെ ബാധിക്കുമെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം നിഷ്കളങ്കരെ. ആരും 'കീലേരി അച്ചു' കളിക്കരുത്.

സ്വകാര്യ സ്ഥാപനത്തിന്റെ നിയമപരമായ 'സൗകര്യ'ത്തിന് അപ്പുറം മനസ്സാക്ഷിയുടെ പാരസ്പര്യത്തിന് വലിയ വിലയുണ്ടെന്ന് തിരിച്ചറിയാൻ സ്കൂൾ അധികൃതരും മറന്നുകൂടായിരുന്നു. കൃത്യമായ കക്ഷി രാഷ്ട്രീയമുള്ള, കാസ വാദിയായ വ്യക്തിയെ കൂടെ നിർത്തിയല്ല മാനേജ്മെന്റ് അഭിപ്രായം പറയേണ്ടത്. ബിജെപിയുടെ വർഗ്ഗീയവാദികൾക്കൊപ്പം നിന്ന് പത്രക്കാരോട് ദൃശ്യത നൽകുന്ന ജോഷി കൈത്തവളപ്പിൽ സ്കൂളിന്റെ താല്പര്യമല്ല, സംഘപരിവാർ താൽപ്പര്യമാണ് വ്യക്തമാക്കുന്നതെന്ന് തിരിച്ചറിയാൻ ഒരുപാട് ആലോചിക്കേണ്ടതില്ല.

സ്വകാര്യ നഴ്സിംഗ്, എൻജിനീയറിങ്, ലോ കോളജുകളിലൊക്കെ പഠിക്കുന്ന കന്യാസ്ത്രീകൾ സഭാവസ്ത്രം ധരിച്ചുകൊണ്ട് എങ്ങനെയാണ് പഠിക്കുന്നതെന്ന് നമ്മൾ മനസ്സിലാക്കണം. അത്തരം സ്ഥാപനങ്ങളിലെ യൂണിഫോമിന്റെ പൊതുമാനദണ്ഡത്തിന് അതീതമായി ഈ വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കപ്പെടുന്നുണ്ടെങ്കിൽ അതിനെ മാനവികതയുടെ വിശാലമനസ്കത എന്നുവേണം മനസ്സിലാക്കാൻ. ഇത്തരം വസ്ത്രങ്ങളൊക്കെ എസ്സെൻഷ്യൽ പ്രാക്ടീസ് ആക്ടിന്റെ പരിധിയിൽ വരുന്നതുകൊണ്ടാണ് അങ്ങനെയെന്ന് പറയുന്നതെങ്കിൽ, ഇതേ എസ്സെൻഷ്യൽ പ്രാക്ടീസ് കേരളത്തിന് പുറത്തേക്ക് ട്രെയിൻ യാത്രയിലടക്കം പൊതുസഞ്ചാരങ്ങൾ ചെയ്യുമ്പോഴും മത പ്രചാരണങ്ങൾ നടത്തുമ്പോഴും വിദ്യാഭ്യാസ - ആതുരാലയ സേവനങ്ങൾ നടത്തുമ്പോഴും എന്തുകൊണ്ടാണ് പുലർത്താൻ പറ്റാത്തത് എന്നുള്ള ചിന്തയും ഉണ്ടാകണം.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തിയും ഒരു സ്ഥാപനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകർക്കപ്പെടാതിരിക്കാൻ സ്ഥാപനത്തിന്റെ അവകാശങ്ങളോടൊപ്പം നിൽക്കണമെന്നുള്ള കോടതി വിധികളെ മാനിക്കുന്നു. പക്ഷേ, നിയമവും നിയമത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയും മാത്രമല്ല നീതി ഉറപ്പാക്കപ്പെടേണ്ടത്. അത് വിശാല മാനവീക ബോധവും മനസാക്ഷിയും മാറ്റുരയ്ക്കുന്ന ഒരു വേദി കൂടിയാണെന്ന് ക്രൈസ്തവർ മനസ്സിലാക്കണം. വർഷങ്ങളോളം രക്തസ്രാവക്കാരിയായിരുന്ന സ്ത്രീ ആ വലിയ ജനക്കൂട്ടത്തിനിടയിൽ ക്രിസ്തുവിന്റെ വസ്ത്രവിളുമ്പിൽ തൊട്ടപ്പോൾ എന്തുകൊണ്ട് സുഖം പ്രാപിച്ചുവെന്ന് മനസ്സിലാക്കണം. അത്ഭുതങ്ങൾ മനസ്സുകളിലാണ് ആദ്യം സംഭവിക്കേണ്ടത്. ഉടുതുണിയില്ലാതെ കുരിശിൽ തറക്കപ്പെട്ട ക്രിസ്തുവിന്റെ സുവിശേഷമായി സേവനം ചെയ്യുന്നവരുടെ നാവിൽ നിന്ന്, ഭാരതീയ സംസ്കാരത്തിലൂന്നി നിൽക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ആ സംസ്കാരത്തിന്റെ ഇൻക്ലൂസീവ്നെസ്സ് തള്ളിപ്പറയുന്ന നിലപാടുകൾ ഉണ്ടാകാമോ?

ഇന്നത്തെ ഇന്ത്യയിൽ വസ്ത്രം പോലും ഒരു സമരായുധമാണ്. അത് തിരിച്ചറിയാൻ പറ്റാത്തവർ ലോകം കണ്ട ഏറ്റവും വിപ്ലവകാരി, സമരനേതാവ് ക്രിസ്തുവിന്റെ സന്ദേശത്തിൽ നിന്ന് ഒരുപാട് അകലേക്കാണ് യാത്ര ചെയ്യുന്നത്. അത് സംഘപരിവാറിന്റെ വഴിയിലേക്ക് ആകാതിരിക്കാൻ സ്വസഹോദരങ്ങളുടെ മറ്റിടങ്ങളിലെ അനുഭവങ്ങൾ നൽകുന്ന വഴിവിളക്കുകൾ തെളിച്ചമാകട്ടെ.

പിൻകുറിപ്പ്: ആരെവിടെ എന്ത് ചെയ്താലും പ്രതിപക്ഷനേതാവിന്റെ നെഞ്ചത്തോട്ട് കയറുന്നത് സംഘാക്കളുടെ താല്പര്യമാണ്. പ്രശ്നങ്ങളിൽ സർക്കാർ വിരുദ്ധ സമരങ്ങളുടെ നേതൃത്വം വഹിക്കുന്നത് കൊണ്ട് മാത്രം ഇത്തരം ഇല്ലാക്കഥകൾ പടച്ചുവിടരുത്. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വക്കീലോ സോഷ്യൽ മീഡിയ മാനേജറോ മേൽപ്പറഞ്ഞ സ്കൂളിന്റെ ലീഗൽ അഡ്വൈസറല്ല. വ്യക്തിപരമായി പലർക്കും പലരോടുമുള്ള പരിചയങ്ങളുടെ മാത്രം പേരിൽ അത്തരം വ്യക്തികളുടെ വ്യക്തിപരമായ ചെയ്തികളുടെ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന്റെ ചുമലിൽ കെട്ടിവെക്കാൻ നോക്കുന്നതും ഒരുതരത്തിൽ സർക്കാർ അനുകൂല കുത്തിത്തിരുപ്പാണ്.

Tags:    
News Summary - dr jinto john about hijab ban in st ritas public school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.