മുംബൈ: സംഘ്പരിവാർ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ച കൊമേഡിയൻ കുനാൽ കമ്രയുടെ ഫോട്ടോ പങ്കുവെച്ച് പ്രമുഖ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പി.എസ്.എസ് എന്ന എഴുത്തിന് നേരെ നായ മൂത്രമൊഴിക്കാൻ നിൽക്കുന്ന ദൃശ്യമുള്ള ടീ ഷർട്ട് അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് കുനാൽ കമ്ര കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്നാൽ, ആർ.എസ്.എസ് എന്നാണ് എഴുതിയത് എന്നാരോപിച്ചാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ രംഗത്തുവന്നത്.
ഇത്തരം പ്രകോപനപ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മഹരാഷ്ട്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ ആവശ്യപ്പെട്ടിരുന്നു. കമ്രയുടെ പോസ്റ്റിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് മഹാരാഷ്രടയിലെ ശിവസേന മന്ത്രി സഞ്ജയ് ശ്രിസതും ആവശ്യപ്പെട്ടിരുന്നു. ‘പ്രധാനമന്ത്രിക്കും ഏക്നാഥ് ഷിൻഡെക്കും നേരെയായിരുന്നു നേരത്തെയുള്ള ആക്രമണം. ഇപ്പോൾ ആർ.എസ്.എസിനെയും കടന്നാക്രമിക്കുന്നു. ഇതിന് മറുപടി നൽകണം’ -എന്നായിരുന്നു സഞ്ജയ് ശ്രിസതിന്റെ പ്രതികരണം.
എന്നാൽ, ഈ ടീ ഷർട്ടിൽ ആർ.എസ്.എസ് ആണെന്ന് എന്തിനാണ് ആർ.എസ്.എസുകാർ ചിന്തിക്കുന്നത് എന്നായിരുന്നു ചിത്രം പങ്കുവെച്ച് കൊണ്ട് ധ്രുവ് റാഠി ചോദിച്ചത്. ‘സൂക്ഷിച്ചുനോക്കൂ, ഇതിൽ പി.എസ്.എസ് എന്നാണുള്ളത്’ -ധ്രുവ് റാഠി എക്സിൽ കുറിച്ചു. വിഡിയോകളും ഹാസ്യ പരിപാടികളും സ്റ്റാൻഡ് അപ് പ്രദർശനങ്ങളുമായി സാമൂഹിക, രാഷ്ട്രീയ വിമർശനത്തിൽ സജീവമാണ് കുനാൽ കമ്ര. ഇദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രം നിരവധി പേരാണ് പങ്കുവെച്ചത്. ‘കോമഡി ക്ലബിൽ നിന്നുള്ള ക്ലിക്ക് അല്ല’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.