തിരുവനന്തപുരം: പാർട്ടിയെയും മന്ത്രിസഭയെ നോക്കുകുത്തിയാക്കി പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്ന് സി.പി.എം-സി.പി.ഐ ബന്ധം വഷളായ സാഹചര്യത്തിൽ, ദേശാഭിമാനിയിൽ പി.എം ശ്രീക്കെതിരെ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ച് സി.പി.ഐ. പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റ പേജിലാണ് ദേശാഭിമാനി ലേഖനം വിഡിയോ രൂപത്തിൽ പുനപ്രസിദ്ധീകരിച്ചത്.
2022 സെപ്റ്റംബറിൽ ‘ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ പിഎംശ്രീ’ എന്ന തലക്കെട്ടിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളാണ് ഇതിൽ ഉള്ളത്. ഇൻസ്റ്റ വിഡിയോയിൽ നൽകിയ ലേഖനത്തിന്റെ ഉള്ളടക്കം വായിക്കാം:
‘‘പൊതുവെ ആകർഷകമെന്നു തോന്നാവുന്ന ഒരു പദ്ധതിയാണ് പി.എം ശ്രീ. എന്നാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായും (2020) ഇതിന്റെ ഭാഗമായി ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ നവീകരണ പരിപാടികളുമായും ബന്ധപ്പെടുത്തി വിശകലനം ചെയ്യുമ്പോൾ മാത്രമേ പുതിയ പദ്ധതിയുടെ ഭീഷണികളും അപകടങ്ങളും തിരിച്ചറിയാനാകൂ.
ഈ പദ്ധതി നടപ്പാക്കണമെങ്കിൽ ആദ്യഘട്ടത്തിൽത്തന്നെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെക്കണമെന്ന് രേഖയിൽ പറയുന്നു. "മാതൃകാ സ്കൂളുകളെ പിന്തുണക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധത പ്രഖ്യാപിച്ച് ദേശീയ വിദ്യാഭ്യാസനയം പൂർണമായും നടപ്പാക്കാൻ അനുവദിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ധാരണപത്രത്തിൽ ഒപ്പുവെക്കും'. അതായത് കരാറിൽ ഒപ്പുവെക്കുന്ന സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിലെ അപകടകരമായ കാര്യങ്ങൾ നടപ്പാക്കിയേ മതിയാകൂ എന്നർഥം.
ധാരണപത്രം എന്നത് സംസ്ഥാനങ്ങളെ കുടുക്കാനുള്ള ഒരു കെണിയായിട്ടാണ് കേന്ദ്ര സർക്കാർ ഉപയോഗിക്കാൻ പോകുന്നത്. ധാരണാപത്രം ഒപ്പുവെച്ച് സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പദ്ധതികൾ ഏറ്റെടുക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്.
ദേശീയ വിദ്യാഭ്യാസ നയത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് പിഎംശ്രീ എന്ന പുതിയ പദ്ധതി പ്രധാനമായും ഉന്നം വയ്ക്കുന്നത്
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ധാരണപത്രം ഒപ്പുവയ്ക്കുകയാണെങ്കിൽ മാതൃകാ വിദ്യാലയങ്ങൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കും. എന്തായിരിക്കും ഈ മാതൃകാ വിദ്യാലയങ്ങളുടെ പ്രത്യേകതകൾ? ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും. കർണാടകത്തിൽ പുരോഗമന നവോത്ഥാന നായകരെയും അവരുടെ ആശയങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കി. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ ഇതിൽനിന്നു പിന്മാറിയത്.
ഉത്തരാഖണ്ഡിലും ഗുജറാത്തിലും ആറുമുതൽ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ ഭഗവത്ഗീത ഉൾപ്പെടുത്തി. പഠനഭാരം കുറയ്ക്കാനെന്ന പേരിൽ, പുരോഗമന ആശയങ്ങളും മുഗൾ ഭരണകാലവും ഉൾപ്പെടുന്ന പാഠഭാഗങ്ങൾ എൻസിഇആർടി ഒഴിവാക്കിയതും നമ്മൾ കണ്ടതാണ്.
ഇന്ത്യയുടെ അറിവിലും പൈതൃകത്തിലും അഭിമാനം കൊള്ളുക, ഭാരതത്തിൻ്റെ നാഗരിക ധാർമികതയിലും മൂല്യങ്ങളിലും അഭിമാനം കൊള്ളുക, ഏക ഭാരതം ശ്രേഷ്‌ഠ ഭാരതം എന്ന ചൈതന്യം കുട്ടികളിൽ വർധിപ്പിക്കുക...! എന്നിങ്ങനെ പിഎം ശ്രീ പദ്ധതി രേഖയിലും ദേശീയ വിദ്യാഭ്യാസ പദ്ധതിയിലെന്നപോലെ കേന്ദ്ര സർക്കാരിന്റെ ഗൂഢലക്ഷ്യം പച്ചയായി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോൾ ഈ മാതൃകാ വിദ്യാലയങ്ങളിൽ ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് വ്യക്തമാണല്ലോ...
മതനിരപേക്ഷതയെന്ന ഭരണഘടനാമൂല്യം കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു മതാധിഷ്ഠിത വിദ്യാഭ്യാസക്രമം ഇന്ത്യയിൽ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു എന്നാണ് നാം ഭയപ്പാടോടെ തിരിച്ചറിയേണ്ടത്’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.