എന്തിനാണിത്ര വൈകിക്കുന്നത്? തേജസ്വി വോട്ടർമാർ ഏറെ ഇഷ്ടപ്പെടുന്ന നേതാവ് -രാജ്ദീപ് സർദേശായി

പട്ന: ബിഹാറിൽ കോൺഗ്രസ് -ആർ.ജെ.ഡി മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്തിനെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും വോട്ട് ചോരിക്കെതിരെ ഒരുമിച്ച് പടനയിച്ച് ഉയർത്തിക്കൊണ്ടു​വന്ന ബിഹാറിലെ പ്രതിപക്ഷ ഐക്യനിരയിൽ വിള്ളൽവീഴ്ത്തുന്ന തരത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചയും സീറ്റ് വിഭജനവും എത്തിയിരുന്നു.

‘ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിനെ മഹാഗഡ്ബന്ധൻ ഇന്ന് ഉച്ച 12 മണിക്ക് പ്രഖ്യാപിക്കും. എൻ.ഡി.എ ഇതര വോട്ടർമാർക്കിടയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് തേജസ്വിയാണെന്ന് എല്ലാ സർവേ ഫലങ്ങളിലും വ്യക്തമാണ്. എന്നിട്ടും ഈ പ്രഖ്യാപനം എന്തിനാണിത്ര വൈകിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ല. ശക്തമായ പോരാട്ടത്തിൽ, മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്നത് അന്തിമ ഫലത്തെ സ്വാധീനിച്ചേക്കില്ല. പക്ഷേ, സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നതകൾക്കപ്പുറം, പ്രതിപക്ഷത്തിന് പ്രധാന ചർച്ചാവിഷയമെങ്കിലും നൽകാൻ സഹായിക്കുമായിരുന്നു’ -സർദേശായി ട്വീറ്റ് ചെയ്തു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. അതിനിടെ, ഇൻഡ്യ മുന്നണിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ​ട്രബ്ൾ ഷൂട്ട് ദൗത്യവുമായി അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് രംഗത്തിറക്കി. സീറ്റ് പങ്കുവെപ്പും സ്ഥാനാർഥി നിർണയവും പൂർത്തിയായതിനു പിന്നാലെ, എട്ടു സീറ്റുകളിൽ ഇൻഡ്യ മുന്നണിയിലെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്ന സ്ഥിതിയായതോടെയാണ് അനുരഞ്ജന ശ്രമങ്ങളുമായി മുതിർന്ന നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് രംഗത്തിറക്കിയത്. ബുധനാഴ്ച പട്നയിലെത്തിയ ഗെഹ്ലോട്ട് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഇൻഡ്യ മുന്നണിയിലെ ഇടത് ​പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

നവംബർ ആറിന് നടക്കുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20ന് അവസാനിച്ചിരുന്നു. 11ന് നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ അവസാന തീയതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ തർക്കങ്ങൾ പരിഹരിച്ച് ഇൻഡ്യ സഖ്യം ഒന്നിച്ച് മത്സരിക്കാനുള്ള തിരിക്കിട്ട നീക്കത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.

സീറ്റു പങ്കുവെപ്പ് പ്രകാരം 61 സീറ്റുകളാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആർ.ജെ.ഡി 241 മണ്ഡലങ്ങളിലും മത്സരിക്കും. സി.പി.ഐ ഒമ്പതും, സി.പി.എം നാലും, 2020 മഹാസഖ്യത്തിനൊപ്പം മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച സി.പി.ഐ എം.എൽ 20 മണ്ഡലങ്ങളിലുമായി മത്സരിക്കുന്നുണ്ട്. സ്ഥാനാർഥി നിർണയവും നാമനിർദേശ പത്രിക സമർപ്പണവും പൂർത്തിയായപ്പോൾ എട്ട് മണ്ഡലങ്ങളിലാണ് ഇൻഡ്യ മുന്നണിയിലെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്ന നിലയിലായത്. പത്രിക പിൻവലിക്കാൻ ​പ്രാദേശിക നേതൃത്വങ്ങൾ തയ്യറാവാ​തായതോടെയാണ് സൗഹൃദ മത്സര സാഹചര്യമായി. ഇതോടെയാണ്, ട്രബ്ൾ ഷൂട്ട് ദൗത്യവുമായി അശോക് ഗെഹ്ലോട്ടിന്റെ വരവ്.

കൂടികാഴ്ചകളിലൂടെ മുഴുവൻ പ്രശ്നവും പരിഹരിക്കുമെന്നും ഇന്ന് ഉച്ചക്ക് ഇൻഡ്യ മുന്നണി നേതാക്കൾ ഒന്നിച്ച് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപനം നടത്തുമെന്നുമാണ് കോൺഗ്രസ് അറിയിക്കുന്നത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പിൽ ഇൻഡ്യമുന്നണിക്ക് അനുകൂലമായ മണ്ണിൽ, സീറ്റ് നിർണയവും സ്ഥാനാർഥി പ്രഖ്യാപനവും നീണ്ടു പോയതിലെ കാലതാമസം ആശങ്കയായി മാറിയതിനിടെയാണ് ഇരട്ടി ആഘാതമായി മുന്നണിക്കുള്ളിലെ പാർട്ടികൾ തന്നെ മണ്ഡലങ്ങളിൽ സൗഹൃദ മത്സരമായി മാറിയത്.

നർകഡിയാഗഞ്ച്, വൈശാലി, രജപകർ, റൊസേര, ബച്‍വാര, കഹ്ലഗോൺ, ബിഹാർഷരീഫ്, സികന്ദര എന്നീ മണ്ഡലങ്ങളിലാണ് പരസ്പരം മത്സരിക്കുന്ന സാഹചര്യമായത്. ഇവയിൽ ഏറെ സീറ്റുകളിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി കഴിഞ്ഞതോടെ സൗഹൃദ മത്സരത്തിന് കളമൊരുങ്ങിയതും മഹാസഖ്യത്തെ പ്രതിസന്ധിയിലാക്കുന്നു.

നർകഡിയാഗഞ്ചിൽ കോൺഗ്രസിലെ ​ശാശ്വത് കേദാർ പാണ്ഡെയും, ആർ.ജെ.ഡിയുടെ ദീപക് യാദവുമാണ് മത്സര രംഗത്തുള്ളത്. വൈശാലി മണ്ഡലത്തിൽ കോൺഗ്രസിലെ സഞ്ജീവ് സിങും, ആർ.ജെ.ഡിയുടെ അജയ് കുമാർ കുശ്‍വാഹയും. രാജപകറിൽ സി.​പി.ഐയിലെ മൊഹിത് പാസ്വാനും, കോൺഗ്രസിനെ പ്രതിമ കുമാരിയും, ബച്‍വാരയിൽ കോൺഗ്രസിലെ ശിവ് പ്രകാശ് ഗരിബ് സി.പി.ഐയിലെ അബ്ദേശ് കുമാർ, ബിഹാർ ഷെരിവിൽ കോൺഗ്രസിലെ ഉമൈർ ഖാനും, സി.പി.ഐയിലെ ശിവ് കുമാർ യാദവ് എന്നിവരാണ് നാമനിർദേശ പത്രിക നൽകിയത്. തേജസ്വിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഗെഹ്ലോട്ട് പട്നയിൽ എത്തിയത്.

Tags:    
News Summary - bihar election: rajdeep sardesai about tejashwi yadav and india bloc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.