‘പേര് അർണബ് എന്നാണെങ്കിൽ ജാമ്യമാണ് നിയമം...’; പൗരത്വ സമര നേതാക്കൾക്ക് ജാമ്യം നൽകാത്തതിനെതിരെ പ്രകാശ് രാജ്

ന്യൂഡൽഹി: പൗരത്വ സമരം നയിച്ചതിന്റെ പേരിൽ ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ചുമത്തിയ വിദ്യാർഥി നേതാക്കൾക്ക് ജാമ്യം നൽകാതെ അനന്തമായി തടവിലിടുന്നതിനെതിരെ നടൻ പ്രകാശ് രാജ്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതിയുടെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നത് ഒക്ടോബർ ഏഴിലേക്ക് മാറ്റിയ വാർത്ത പങ്കുവെച്ചാണ് നടൻ സോഷ്യൽമീഡിയയിൽ പ്രതിഷേധം പങ്കുവെച്ചത്. ‘നിങ്ങളുടെ പേര് അർണബ് എന്നാണെങ്കിൽ ജാമ്യം നൽകലാണ് നിയമം.. നടപടി വൈകിപ്പിക്കുന്നത് നീതിയെ പരിഹസിക്കലാണ് #justasking’ -പ്രകാശ് രാജ് എക്സിൽ കുറിച്ചു.

ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതിയുടെ സെപ്റ്റംബർ രണ്ടിലെ വിധി ചോദ്യം ചെയ്ത് ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, ഷർജീൽ ഇമാം, മീരാൻ ഹൈദർ എന്നിവർ സമർപ്പിച്ച ഹരജികളിൽ ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് എൻ.വി അഞ്ജാരിയയും അടങ്ങുന്ന ബെഞ്ച് ഡൽഹി പൊലീസിന് തിങ്കളാഴ്ച നോട്ടീസ് അയച്ചിരുന്നു. ഒക്ടോബർ ഏഴിനാണ് ഇനി കേസിൽ വാദം കേൾക്കുക.

കഴിഞ്ഞ അഞ്ച് വർഷമായി ഒരു വിദ്യാർഥി ജയിലിൽ കഴിയുന്നത് ഞെട്ടിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്‍വി ബോധിപ്പിച്ചു. ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷയും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിപ്പോൾ ആവശ്യപ്പെടുന്നില്ലെന്നും പൂർണ ജാമ്യത്തിൽ വാദം കേൾക്കണമെന്നും സിങ്‍വി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ തന്നെ കേട്ടുതീർപ്പാക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ ഇതിന് മറുപടി നൽകി. ദീപാവലിക്ക് മുമ്പേ ഹരജി കേൾക്കണമെന്നും എങ്കിൽ ദീപാവലിക്ക് അവർക്ക് വീട്ടിലെത്താമെന്നും കപിൽ സിബൽ ബോധിപ്പിച്ചു. ജാമ്യ ഹരജികൾ കേട്ട് എത്രയും പെട്ടെന്ന് തീർപ്പാക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ ഇതിന് മറുപടി നൽകി.


Tags:    
News Summary - Bail is the Rule if your name is Arnab -prakash raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.