സുഖമില്ലാ​ത്ത സുഹൃത്തിനെ പരിചരിക്കാൻ ഗൾഫിലെത്തിയയാൾ മരിച്ചു, പിന്നാലെ സുഹൃത്തും; കരളലിയിക്കുന്ന അനുഭവം പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി

ദുബൈ: കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ച രണ്ട് മൃതദേഹങ്ങൾ കരളലിയിക്കുന്നതായിരുന്നുവെന്ന് പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ഗൾഫിൽ സുഖമില്ലാതെ കഴിയുന്ന തന്റെ സുഹൃത്തിനെ പരിചരിക്കാൻ എത്തി ദിവസങ്ങളോളം സഹായങ്ങൾ ചെയ്ത് കഴിയവേ ഹൃദയസ്തംഭനം മൂലം മരിച്ചയാളുടെ മൃതദേഹമായിരുന്നു ഇതിൽ ഒന്ന്. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ അധികം താമസിയാതെ തന്നെ സുഖമില്ലാത്തിരുന്ന സുഹൃത്തും ഹൃദയസ്തംഭനം മൂലം മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കയറ്റിയയച്ചു.

‘ജീവിതത്തിൽ സങ്കടം എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞവർക്കേ അതിന്റെ ആഴം അറിയുള്ളൂ. എന്നും കൂടെയുള്ളവരാകണമെന്നില്ല എപ്പോഴും താങ്ങായി വരുന്നത്. ഇന്നലെ കയറ്റിവിട്ട രണ്ട് മൃതദേഹങ്ങൾ കരളലിയിക്കുന്നതായിരുന്നു. സുഖമില്ലാതെ ഇവിടെ കഴിയുന്ന തന്റെ സുഹൃത്തിനെ പരിചരിക്കുവാനാണ് അദ്ദേഹം ഇവിടെ എത്തിയത്. ദിവസങ്ങളോളം ആ സുഹൃത്തിനു വേണ്ടുന്ന പരിചരണങ്ങൾ നൽകി വരവേ അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. അധികം താമസിയാതെ തന്നെ സുഖമില്ലാതിരുന്ന ആ സുഹൃത്തും ഹൃദയസ്തംഭനമായി മരണപ്പെട്ടു. ഇതൊക്കെ നമുക്ക് എങ്ങിനെ സഹിക്കാനാകും. ജീവിതം പലപ്പോഴും ഇങ്ങിനെയൊക്കെയാണ്, നിനച്ചിരിക്കാത്ത സമയത്താണ് മരണം എല്ലാവരിലും കടന്നു വരുന്നത്. ആ രണ്ട് സുഹൃത്തുക്കൾക്കളുടെ കുടുംബാംഗങ്ങൾക്കും സഹിക്കാനുള്ള മനക്കരുത്ത് സർവശക്തൻ നൽകുമാറാകട്ടെ. ആ രണ്ട് സുഹൃത്തുക്കൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം’ -അഷ്റഫ് താമരശ്ശേരി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഏതാനും ദിവസം മുമ്പ് നാട്ടി​ലേക്ക് മറ്റൊരു മൃതദേഹം അയച്ചതിന്റെ വേദനിപ്പിക്കുന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു. ‘‘എപ്പോൾ കാണുമ്പോഴും സ്നേഹത്തോടെ സംസാരിച്ചു വരുന്ന ഒരു വ്യക്തിയാണ്. കുടുംബവുമായി ഇവിടെ താമസിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ കുറച്ചുനാൾ മുമ്പ് മരണപ്പെട്ടിരുന്നു. എന്റെ ഉമ്മ മരണപ്പെട്ടു ഞാൻ നാട്ടിൽ പോയി തിരിച്ചു വന്നപ്പോൾ ഇദ്ദേഹം എന്നെ കാണാൻ വരികയും സമാശ്വാസിപ്പിക്കുകയും ചെയ്തിരുന്നു. ‘ഇടക്കിടക്ക് എനിക്ക് വേദന വരാറുണ്ട് ഇക്ക’ എന്നൊക്കെ അന്ന് എന്നോട് പറഞ്ഞിരുന്നു. ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മോട് വിടപറഞ്ഞു പോകുമെന്ന് കരുതിയില്ല. അദ്ദേഹത്തിന്റെ മകൻ പറഞ്ഞു ‘ഇക്കാ ന്റെ ഉമ്മയും പോയി, ഇപ്പൊ ന്റെ വാപ്പയും പോയി...’. ഇത് കേട്ട് എന്റെ ചങ്ക് തകർന്നുപോയി. ഈ ദുനിയാവില് നമ്മുടെയൊക്കെ ജീവിതം വളരെ ക്ഷണികമാണ്. നമ്മോട് വിടപറഞ്ഞു പോയ അദ്ദേഹത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം’’ -അഷ്റഫ് കുറിച്ചു.

പ്രവാസ ജീവിതം ആരംഭിക്കുന്ന മലയാളികൾ ഇങ്ങനെ അകാലത്തിൽ പെട്ടെന്ന് മരണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും അധികൃതർ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. ജോലി അന്വേഷിച്ച് വിദേശത്തേക്ക് പോകുന്ന ഓരോരുത്തരും നാട്ടിലെ ഏതെങ്കിലും ഗവ. അംഗീകൃത ഹോസ്പിറ്റലുകളിലോ ലാബുകളിലോ പോയി ആരോഗ്യനില പരിശോധിച്ച് പൂർണ്ണ ആരോഗ്യവാൻ ആണെന്നുള്ള സർട്ടിഫിക്കറ്റ് കൂടി കൈവശം കരുതണം. ഇതിനായി ഗവൺമെൻറ് തലത്തിൽ സൗജന്യ സേവനം നൽകണമെന്ന് അപേക്ഷിക്കുകയാണെന്നും അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - ashraf thamarassery about deaths of expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.