ആലപ്പുഴ: തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ജില്ലയിലെ നേതാവാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ, വീണ്ടും ഗുരുതര ആരോപണവുമായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. തന്റെ പേരിൽ അസഭ്യ കവിത പ്രചരിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറയുന്നത്. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു എന്ന തലക്കെട്ടോടെ തന്റെ പടത്തോടുകൂടിയാണ് കവിത പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
‘മുന്നറിയിപ്പ്: ജാഗ്രത !
'സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു. കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്’
ഈ പോസ്റ്റിന് കീഴിൽ സി.പി.എം അനുകൂലികളായ നിരവധി പേരാണ് സുധാകരനെ വിമർശിച്ച് രംഗത്തുവന്നത്. ‘സാഹചര്യം താനായിട്ടുണ്ടാക്കി കൊടുത്തതാണെന്നുള്ളത് മനസ്സിലാക്കിയാല്‍ നല്ലത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘വ്യാജ വാർത്തയ്ക്കെതിരെ പരാതി കൊടുക്കുക. നിങ്ങൾ സർക്കാറിനെതിരെ പറയുന്ന ചില ഒളിയമ്പുകൾ എതിരാളികൾ ഉപയോഗപെടുത്തുകയാണ്. അവസരം ഉപയോഗപ്പെടുത്തി നിങ്ങൾ പറയാത്ത കാര്യങ്ങളും എതിരാളികൾ പോസ്റ്റ് ചെയ്യുന്നുണ്ട്. നിങ്ങളുടെ ഇപ്പോഴത്തെ ചില പ്രസ്താവനകൾ കാരണം. എതിരാളികൾ ഇടുന്ന വ്യാജ പോസ്റ്റുകൾ നമ്മുടെ കൂടെയുള്ളവരും വിശ്വസിച്ച് പോകുന്നുണ്ട്. സഖാവെ നിങ്ങളാണ് ഈ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത്. നിങ്ങളാണ് അടിക്കാനുള്ള വടി ഇട്ട് കൊടുക്കുന്നത്.’ ഇങ്ങനെയായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ‘മറ്റൊരു vs ആകാനുള്ള ശ്രമം ആണോ സഖാവേ. എടുത്തു ചാട്ടം നാശത്തിലെ കലാശിക്കു. ഞാൻ വലിയവൻ എന്ന ഭാവം മാറ്റി നമ്മൾ സഖാക്കൾ എന്ന വിശാല മായ കാഴ്ചപ്പാടുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ.’ എത്രയും വേഗം താങ്കൾ കോൺഗ്രെസ്സിൽ ചേരുക. എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നത്? നിങ്ങൾക് സ്ഥാനം കിട്ടാതെ ആയ അന്ന് മുതൽ തുടങ്ങിയതാണ് നിങ്ങൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കൽ!’ ‘അമ്മാതിരി കയ്യിലിരിപ്പ് അല്ലേ കുറച്ച് നാൾ ആയി, സൈബർ പൊലീസ് ന് നിങ്ങളെ ഫോട്ടോ നോക്കി നടക്കൽ അല്ല പണി’ എന്നിങ്ങനെ പോുകന്നു കമന്റുകൾ.
കെ.പി.സി.സി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്പിലെ സെമിനാറിൽ സുധാകരൻ പങ്കെടുത്തത് മുതലാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്. സൈബർ ആക്രമണത്തിന് പിന്നിൽ ജില്ലയിലെ ഒരു നേതാവാണെന്ന സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ ജി. സുധാകരനെ അധിക്ഷേപിച്ച പാർട്ടി പ്രവർത്തകൻ പാർട്ടിയോട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അയാളെ താക്കീത് ചെയ്തിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന പ്രചാരണം വെറുതെയാണെന്നും അക്കാര്യം പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും നാസർ വ്യക്തമാക്കിയിരുന്നു.
സുധാകരനെ ഫേസ്ബുക്കിൽ അധിക്ഷേപിച്ചെങ്കിൽ നിയമപരമായി പരാതി നൽകുകയാണ് വേണ്ടതെന്ന് എച്ച്. സലാം എം.എൽ.എയും പ്രതികരിച്ചിരുന്നു. ‘അല്ലെങ്കിൽ പാർട്ടിക്ക് പരാതി നൽകാം. അത്തരത്തിൽ മോശം പരാമർശങ്ങൾ നടത്തുന്നത് തങ്ങളുടെ ശീലമല്ല. അതൊരിക്കലും ഉണ്ടാകില്ല. എന്തുകൊണ്ട് ഇങ്ങനെ പ്രതികരണങ്ങൾ ഉണ്ടാകുന്നുവെന്ന് അദ്ദേഹം തന്നെ ചിന്തിക്കണം. അദ്ദേഹം എന്ത് പറഞ്ഞാലും പ്രവർത്തിച്ചാലും അതിന് കൃത്യമായ ഉദ്ദേശം ഉണ്ടാകും. അത് തങ്ങൾ എല്ലാവർക്കും അറിയാം’ -കഴിഞ്ഞ ദിവസം സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.