നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടി: പ്രവാസലോകത്ത് പ്രതിഷേധം കനക്കുന്നു

ദുബൈ: നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധം കനക്കുന്നു. പ്രീമിയം വർധിപ്പിക്കേണ്ടി വരുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവന കൂടി ആയതോടെ പ്രവാസികൾ ഏറെ നിരാശയിലാണ്. ഭരണമുന്നണിയെ അനുകൂലിക്കുന്ന പ്രവാസി സംഘടനകളടക്കം തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രവാസികളുടെ ആരോഗ്യസുരക്ഷ ലാഭത്തേക്കാൾ പ്രധാനമാണെന്ന് സർക്കാർ തിരിച്ചറിയണമെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

പ്രവാസികളുടെയും കുടുംബങ്ങളുടെയും ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസിന്‍റെ പുതുക്കലിന് ഏർപ്പെടുത്തിയ പ്രായാടിസ്ഥാനത്തിലുള്ള പ്രീമിയം വർധന ഉടൻ പിൻവലിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 18 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് പ്രായഭേദമന്യേ ഒരേ പ്രീമിയം എന്നതായിരുന്നു നേരത്തേ പദ്ധതിയുടെ സവിശേഷത. അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷക്ക് കഴിഞ്ഞ വർഷം 13,411 രൂപയായിരുന്ന പ്രീമിയം, പുതിയ നിരക്കുപ്രകാരം 51-60 വയസ്സുകാർക്ക് 35,664 രൂപയും 61-70 വയസ്സുകാർക്ക് 44,718 രൂപയുമാണ്. പഴയ നിരക്കിന്‍റെ മൂന്നിരട്ടിയിലധികം വരെയാണ് പ്രീമിയം വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷത്തെ അതേ അഞ്ചുലക്ഷം രൂപ തന്നെയാണ് എന്നതാണ് വിരോധാഭാസം.

പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധന പുനഃപരിശോധിക്കണം -ഇൻകാസ് ദുബൈ

ദുബൈ: കേരളത്തിന്‍റെ വികസനത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്നത് കേരള സർക്കാരിന്‍റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ്. ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് സാമൂഹിക സുരക്ഷയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ പ്രാധാന്യം അംഗീകരിക്കുന്നു. എന്നാൽ, പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധിപ്പിച്ച നടപടിയോട് യോജിക്കാൻ കഴിയില്ല. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിടുന്ന പദ്ധതികൾ കൂടുതൽ ജനകീയവും സാമ്പത്തികമായി താങ്ങാനാവുന്നതുമായിരിക്കണം. വർധിച്ച ജീവിതച്ചെലവുകൾക്കിടയിൽ പ്രവാസികൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന പ്രീമിയം വർധന പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണ്.

സർക്കാരിന്‍റെ സാമ്പത്തികവും ഭരണപരവുമായ പരിമിതികൾ പരിഗണിക്കുമ്പോഴും, പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്താൻ കഴിയണം. പ്രീമിയം വർധനവിന്‍റെ ആവശ്യകതയും അതിന്‍റെ പ്രത്യാഘാതങ്ങളും പ്രവാസി സമൂഹവുമായി ചർച്ച ചെയ്യണം. ബന്ധപ്പെട്ട സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയും വേണം. അതിനാൽ, നിലവിലെ പ്രീമിയം വർധന കേരള സർക്കാർ പുനഃപരിശോധിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. പ്രവാസി ക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദവും ജനകീയവുമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്‍റെ തെറ്റായ നയങ്ങളുടെയും സാമ്പത്തിക ഭദ്രത ഇല്ലായ്മയുടെയും അനന്തര ഫലമാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. സർക്കാരിന്‍റെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെ അംഗീകരിക്കുമ്പോഴും, പ്രവാസി താൽപര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി വിയോജിപ്പ് അറിയിക്കുകയും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും ചെയ്യുകതാണ് ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി നിലപാടെന്ന് പ്രസിഡന്‍റ് റഫീഖ് മട്ടന്നൂർ വ്യക്തമാക്കി.

മുഖ്യമന്തിക്ക് നിവേദനം

ദുബൈ: നോർക്ക കെയർ ഇൻഷ്യൂറിന്‍റെ പുതിയ എൻറോൾമെന്‍റ് നിരക്കുകളിലെ വർധന പിൻവലിക്കണമെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി ഷിജി ജോസഫ് മുഖ്യമന്തിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക പരമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളെയും കുടുംബാംഗങ്ങളെയും ഈ വർധന പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഈ പദ്ധതിയിൽ നിന്നു പലരും മാറിനിൽക്കാൻ നിർബന്ധിതരായതായും അവർ പറഞ്ഞു.

മുമ്പ് 70 വയസു വരെ മാനദണ്ഡങ്ങളില്ലാതെ നൽകിയിരുന്ന ഇൻഷുറൻസ് കവറേജ് വയസ്സ് മാനദണ്ഡമാക്കി തുക വർധിപ്പിച്ചത് പ്രതിഷേധാർഹമാണ്. ഇത്തരം കൊള്ളയുമായാണ് നോർക്ക വകുപ്പ് മുന്നോട്ടു പോകുന്നതെങ്കിൽ പ്രവാസികളോടൊപ്പം ചേർന്നുനിന്ന് ശക്തമായി പ്രതിഷേധിക്കുമെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി അറിയിച്ചു.

ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇരുട്ടടി -പ്രവാസി ഇന്ത്യ യു.എ.ഇ

ദുബൈ: കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന ഇരുട്ടടിയാണെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ ചൂണ്ടിക്കാട്ടി. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനകം 300 കോടി രൂപയുടെ ക്ലെയിമുകൾ തീർപ്പാക്കിയെന്ന് നോർക്ക തന്നെ വ്യക്തമാക്കുന്നത് പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി എത്രമാത്രം അനിവാര്യമാണെന്നതിന്‍റെ തെളിവാണ്. ആ ബാധ്യത അംഗങ്ങളുടെ മേൽ കെട്ടിവെക്കുകയല്ല, സർക്കാർ വിഹിതം ഉറപ്പാക്കി പ്രീമിയം താങ്ങാവുന്നതാക്കുകയാണ് ഒരു ക്ഷേമപദ്ധതിയിൽ വേണ്ടത്.

ഇൻഷുറൻസ് പരിരക്ഷ ഏറ്റവും ആവശ്യമുള്ളത് 50 വയസ്സിന് മുകളിലുള്ളവർക്കാണ്. ആ പ്രായത്തിൽ തന്നെ ഉയർന്ന പ്രീമിയം ഈടാക്കുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽനിന്ന് പുറത്താക്കും. സർക്കാർ പദ്ധതിയെ വിശ്വസിച്ച് സ്വകാര്യ ഇൻഷുറൻസ് ഉപേക്ഷിച്ചവരിൽ പലർക്കും പ്രായക്കൂടുതൽ കാരണം പഴയ വ്യവസ്ഥകളിൽ അവയിലേക്ക് മടങ്ങാനും കഴിയില്ല. സംഘടനകളുടെ വാക്ക് വിശ്വസിച്ച് ചേർന്നവർക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഈ അനീതി അംഗീകരിക്കാനാവില്ലെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രവാസി ഇന്ത്യ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നോർക്ക റൂട്ട്സും താഴെ പറയുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ ആവശ്യപ്പെട്ടു.

  • പ്രായാടിസ്ഥാനത്തിലുള്ള പ്രീമിയം വർധന പിൻവലിച്ച്, നിലവിലെ അംഗങ്ങൾക്ക് കഴിഞ്ഞ വർഷത്തെ നിരക്കിൽ പോളിസി പുതുക്കാൻ അവസരം നൽകുക.
  • മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും സർക്കാർ വിഹിതത്തോടെ താങ്ങാവുന്ന പ്രീമിയം ഉറപ്പാക്കുക.
  • ഒക്ടോബർ 31-ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പുതുക്കലിന് ന്യായമായ അധികസമയം (ഗ്രേസ് പീരിയഡ്) അനുവദിക്കുക; ഇക്കാലയളവിൽ ചികിത്സാപരിരക്ഷ മുടങ്ങില്ലെന്ന് നോർക്ക റൂട്ട്സും ഇൻഷുറൻസ് കമ്പനിയും രേഖാമൂലം ഉറപ്പ് നൽകുക.
  • പ്രീമിയം വർധനയുടെ അടിസ്ഥാനം വ്യക്തമാക്കുകയും, ഭാവിയിൽ ഇത്തരം മാറ്റങ്ങൾക്ക് മുമ്പ് പ്രവാസി സംഘടനകളുമായി ചർച്ച നടത്തുകയും ചെയ്യുക.

പ്രവാസികളുടെ ആരോഗ്യസുരക്ഷ ലാഭത്തേക്കാൾ പ്രധാനമാണെന്ന് സർക്കാർ തിരിച്ചറിയണമെന്നും, ഈ വിഷയത്തിൽ മുഴുവൻ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്‍റ് അബ്ദുൽ ഹസീബ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രീമിയം വർധന പിൻവലിക്കണം -പി.സി.എഫ്

അൽ ഐൻ: പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പിലാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധനവ് പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് പി.സി.എഫ് അൽ ഐൻ കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമാകേണ്ട ഇൻഷുറൻസ് പദ്ധതി അമിതമായ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന രീതിയിലേക്ക് മാറുന്നത് ആശങ്കാജനകമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

നോർക്ക കെയർ പോർട്ടലിൽ പുതുക്കിയ നിരക്കുകൾ വന്നതോടെ നിരവധി പ്രവാസി കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നേടുന്നത് കൂടുതൽ ചെലവേറിയതായി മാറിയിരിക്കുകയാണ്. ഭർത്താവ്, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഉൾപ്പെട്ട പോളിസിയുടെ പ്രീമിയം മുൻപ് 13,411 രൂപയായിരുന്നുവെങ്കിൽ പുതിയ പോർട്ടൽ പ്രകാരം 21,964 രൂപയായി ഉയർന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത് 8,553 രൂപയുടെ വർധനവാണ്- ഏകദേശം 63.8 ശതമാനം വർധന.

നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളുടെ പ്രീമിയം നിരക്കുകളിലെ വ്യത്യാസവും ആനുകൂല്യങ്ങളും വ്യക്തമായി വിശദീകരിക്കേണ്ടതുണ്ട്. ഉയർന്ന പ്രീമിയം ഈടാക്കുമ്പോഴും ചികിത്സയുമായി ബന്ധപ്പെട്ട ചില ചെലവേറിയ ഉപകരണങ്ങളും ഡിസ്പോസിബിൾസും പരിരക്ഷയിൽ ഉൾപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

നാടിന്‍റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം.

സാധാരണ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.