വേൾഡ് കെ.എം.സി.സി പ്രവാസി ഉച്ചകോടി ‘എക്സ്പാറ്റോപ്പിയ 2027' ബ്രോഷർ പ്രകാശനം
ദുബൈ: 2027 ജനുവരി ഒന്ന്, രണ്ട് തീയതികളിൽ കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന വേൾഡ് കെ.എം.സി.സി. രണ്ടാം വാർഷിക സമ്മേളനമായ ‘എക്സ്പാറ്റോപ്പിയ2027’ന്റെ ബ്രോഷർ പ്രകാശനം കേരള സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ദുബൈയില്‍ നിർവഹിച്ചു. ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന പ്രകാശന ചടങ്ങിൽ സംസ്ഥാന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം, വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ, വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്ര, മലേഷ്യൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ. അബ്ദുൽഅസീസ്, ജോഹർ കെ.എം.സി.സി പ്രസിഡന്റ് എ.ജി. ഹനീഫ, യു.എ.ഇ കെ.എം.സി.സി നേതാക്കളായ അൻവർ നഹ, സിയാസ് സുൽത്താൻ എന്നിവർ പങ്കെടുത്തു.
40ഓളം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളി പ്രവർത്തകരുടെ ആഗോള പൊതുവേദിയായ വേൾഡ് കെ.എം.സി.സിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
സാങ്കേതിക വിദ്യയും എ.ഐയും ലോകത്തെ മാറ്റിമറിക്കുന്ന കാലത്ത് പുതുതലമുറയെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് 'ഹലോ ഫ്യൂച്ചർ’ എന്ന പേരിൽ എ.ഐ എജുക്കേഷൻ ഫ്യൂച്ച റിസ്റ്റിക് ഫെസ്റ്റിവൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള കെ.എം.സി.സി പ്രതിനിധികളും നേതാക്കളും ഒത്തുചേരുന്ന ഡെലിഗേറ്റ് അസംബ്ലി പ്രവാസ പ്രശ്നങ്ങൾ, പരിഹാരങ്ങൾ, ക്ഷേമ-പുനരധിവാസ പദ്ധതികൾ എന്നിവയെക്കുറിച്ച് നോർക്ക ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, കെ.എം.സി.സി പ്രതിനിധികൾ, ഇതര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രവാസി ഉച്ചകോടി, ആഗോളതലത്തിലുള്ള കെ.എം.സി.സി ബിസിനസുകാരെയും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ഉൽപ്പാദകർ, മൊത്ത-റീട്ടെയിൽ വ്യാപാരികൾ, വ്യവസായ സംരംഭകർ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വ്യാപാര-വ്യവസായ സംഗമം, മികച്ച യുവ സംരംഭകരെ ആദരിക്കുന്ന യങ് ബിസിനസ് ഐക്കൺ അവാർഡ് ദാനം, സമാപന സമ്മേളനം എന്നിവയൊക്കെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.