രൺവീർ
പക്ഷാഘാതം ബാധിച്ച് തൃശൂർ സ്വദേശി ജുബൈലിൽ ചികിത്സയിൽ; നാട്ടിലെത്തിക്കാൻ ശ്രമം
ജുബൈൽ: പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഒരുവശം തളർന്ന തൃശൂർ വാടാനപ്പള്ളി ഇത്തിക്കാട്ട് വീട്ടിൽ രൺവീർ (57) മൂന്ന് മാസമായി ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഭീമമായ ആശുപത്രി ബിൽ കുടിശ്ശികയും മറ്റ് സാമ്പത്തിക ബാധ്യതകളും ഉള്ളതിനാൽ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. രൺവീറിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ജുബൈലിലെ സാമൂഹിക പ്രവർത്തകർ.
കഴിഞ്ഞ 35 വർഷമായി സൗദിയിലുള്ള രൺവീർ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മകനും വൃദ്ധയായ അമ്മയും അടങ്ങുന്ന സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം.സാമ്പത്തിക ബാധ്യതകളെത്തുടർന്ന് നേരത്തെ യാത്രാവിലക്ക് നിലനിന്നിരുന്നതിനാൽ ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. സാമൂഹിക പ്രവർത്തകരായ നാസ് വക്കം, സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവർ വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് യാത്രാവിലക്കിന് ഭാഗികമായി പരിഹാരമായിട്ടുണ്ട്. എങ്കിലും ബാധ്യതകൾ തീർപ്പാക്കി രോഗിയെ നാട്ടിലെത്തിക്കുന്നതിന് വലിയൊരു തുക ആവശ്യമാണ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ജുബൈൽ വെൽഫെയർ അസോസോയിയേഷൻ സന്നദ്ധ പ്രവർത്തകർ. രൺവീറിനെ സഹായിക്കുന്നതിനായി ഖത്തർ പ്രവാസിയായ ബന്ധു (പിതാവിന്റെ സഹോദരപുത്രൻ) രൺധീറും നിലവിൽ സൗദിയിൽ എത്തിയിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിഷയം നോർക്കയുടെയും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സാമൂഹിക പ്രവർത്തകർ സ്വീകരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.