പാലക്കാട്: മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ‘പെമ്പിളൈ ഒരുമൈ’യുടെ നേതൃത്വത്തില്‍ നടത്തിയ സമരം കൈകാര്യം ചെയ്തതില്‍ സംഘടനാപരമായ വീഴ്ച സംഭവിച്ചതായി സി.ഐ.ടി.യു സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനമാവശ്യപ്പെട്ടാണ് സമരത്തിലേക്ക് കടന്നത്. എന്നാല്‍, സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള യൂനിയനുകള്‍ക്ക് സമരത്തിന്‍െറ നേതൃത്വം ഏറ്റെടുക്കാനും തൊഴിലാളിവികാരം മനസ്സിലാക്കാനും സാധിക്കാതിരുന്നത് സ്വയം വിമര്‍ശമായി കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രേഡ് യൂനിയന്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര പരിചയമില്ലാത്തവരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് സംഘടനാപ്രവര്‍ത്തനത്തെ പിറകോട്ടടിപ്പിച്ചു. സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം സംഘടനകള്‍ നിര്‍ജീവമാണെന്നും തൊഴിലാളിവികാരം മനസ്സിലാക്കാത്ത നേതാക്കളാണ് പലയിടത്തും പ്രാദേശിക നേതൃത്വത്തിലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സമിതിയിലെ ഹാജര്‍ കൃത്യമായി പരിശോധിക്കും.
തൊഴിലാളികളുമായി ബന്ധമില്ലാത്ത നേതൃത്വം പലയിടത്തും തൊഴിലാളികളെ സംഘടനയില്‍നിന്ന് അകറ്റുന്നു. അഫിലിയേറ്റ് ചെയ്ത സംഘടനകളുടെ നേതൃത്വത്തിനെതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ടിനുശേഷം ഗ്രൂപ് ചര്‍ച്ച നടന്നു. പൊതുചര്‍ച്ച ഞായറാഴ്ചയും തുടരും. തിങ്കളാഴ്ചയാണ് സമ്മേളന സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.