'വാഗ്നർ പട' മോദി സർക്കാറിനെ താഴെയിറക്കും, അക്രമരഹിതമായ ജനാധിപത്യ മാർഗത്തിലൂടെ -ശിവസേന

മുംബൈ: ഇന്ത്യയിലെ 'വാഗ്നർ പട' മോദി സർക്കാറിനെ ബാലറ്റിലൂടെ താഴെയിറക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മുഖപത്രമായ സാമ്ന. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയെയാണ് സാമ്നയിലെ മുഖപ്രസംഗത്തിൽ 'വാഗ്നർ പട' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യയിൽ വാഗ്നർ പട പുടിൻ ഭരണകൂടത്തെ വിറപ്പിച്ചുകൊണ്ട് സായുധനീക്കം നടത്തിയത് പരാമർശിച്ചുകൊണ്ടാണ് ശിവസേന മുഖപത്രത്തിലെ എഡിറ്റോറിയൽ.

സ്വേച്ഛാധിപത്യം ചോദ്യംചെയ്യപ്പെടുമെന്ന് തെളിയിക്കുന്നതാണ് റഷ്യയിലെ വാഗ്നർ പടയുടെ നീക്കമെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. 'മോദിയായാലും പുടിനായാലും ചോദ്യംചെയ്യപ്പെടുക തന്നെ ചെയ്യും. ഇന്ത്യയിലെ സർക്കാറിനെ അക്രമരഹിതമായ ബാലറ്റ് മാർഗത്തിലൂടെ 'വാഗ്നർ പട' താഴെയിറക്കും. പുടിനെപ്പോലെ മോദിയും പുറത്തുപോകേണ്ടതുണ്ട്. എന്നാൽ, ജനാധിപത്യ മാർഗത്തിലൂടെയാണെന്ന് മാത്രം' -സാമ്ന മുഖപ്രസംഗത്തിൽ പറയുന്നു.

പാട്നയിൽ കഴിഞ്ഞയാഴ്ച പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗം ചേർന്നതിനെയാണ് സാമ്ന മുഖപ്രസംഗത്തിൽ 'ഇന്ത്യയിലെ വാഗ്നർ പട' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പാട്നയിൽ വാഗ്നർ പട ഒത്തുചേർന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് -സാമ്ന പറയുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ഒന്നിച്ച് പോരാടുമെന്നാണ് പാട്നയിൽ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിൽ പ്രഖ്യാപനമുണ്ടായത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റാൻ ഒന്നിച്ചു നിൽക്കും. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് ഒന്നിക്കും,​ ഒരു പാർട്ടിയെയും പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടില്ല എന്നും യോഗത്തിൽ ധാരണയായിരുന്നു.

കോൺഗ്രസ്,​ തൃണമൂൽ കോൺഗ്രസ്,​ ആം ആദ്‌മി പാർട്ടി,​ എൻ.സി.പി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം,​ ആർ.ജെ.ഡി,​ നാഷണൽ കോൺഫറൻസ്,​ ഡി.എം.കെ,​ സി,.പിഎം,​ പി.ഡി.പി തുടങ്ങിയ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - 'Wagner group' will dislodge Modi govt through ballot -Shivsena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.