മതേതര കേരളം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് വി.ഡി സതീശൻ

കോട്ടയം: മതേതര കേരളം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തെപ്പറ്റി ഒന്നും മിണ്ടാത്തത് വിസ്മയകരമാണ്. എട്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് പറയേണ്ട മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പറായാന്‍ കഴിയാത്ത തരത്തില്‍ പരമദയനീയമായ അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണ്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. അങ്ങനെയൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് എങ്ങനെയാണ്? പെന്‍ഷന്‍ അവകാശമല്ലെങ്കില്‍ പിന്നെ വയോധികര്‍ക്കും അഗതികള്‍ക്കും വിവധകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണോ സമൂഹിക സുരക്ഷാ പെന്‍ഷന്‍? സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ ആവിഷ്‌ക്കരിക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്.

എട്ട് വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന പിണറായി വിജയനെ ഭരണഘടനാപരമായകടമയെ കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. പെന്‍ഷന്‍ നല്‍കുകയെന്നത് ക്ഷേമ രാഷ്ട്രത്തിന്റെ കടമയാണ്, അല്ലാതെ മുഖ്യമന്ത്രിയുടെ ഔദാര്യമല്ല. എട്ട് മാസം കുടിശികയാക്കിയിട്ടും ഞങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ തരുമെന്ന് പാവങ്ങളോട് പറയാന്‍ സര്‍ക്കാരിന് എങ്ങനെ സാധിക്കും? ഒരു കോടി ആളുകള്‍ക്കാണ് കുടിശിക നല്‍കാനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല,

1500 കോടി രൂപ കുടിശികയായതിനെ തുടര്‍ന്ന് കാരുണ്യ കാര്‍ഡ് ആശുപത്രികളില്‍ സ്വീകരിക്കുന്നില്ല. കേരളത്തില്‍ പാവങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാനാകാത്ത സ്ഥിതിയാണ്. സപ്ലൈകോയ്ക്ക് 4000 കോടിയാണ് നല്‍കാനുള്ളത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 40000 കോടി നല്‍കാനുണ്ട്. 21 ശതമാനം ഡി.എ കുടിശികയില്‍ രണ്ട് ശതമാനം തിരഞ്ഞെടുപ്പ് കഴിഞ്ഞ് നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാക്കി നല്‍കാനുള്ള 19 എണ്ണത്തെ കുറിച്ച് ഒന്നും മിണ്ടുന്നില്ല.

കരാറുകാര്‍ക്ക് 16000 കോടിയാണ് നല്‍കാനുള്ളത്. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റും സ്‌കോളര്‍ഷിപ്പും നല്‍കുന്നില്ല. 2020 മുതല്‍ എല്‍.എസ്.എസ് യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് മുടങ്ങി. ഉച്ചക്കഞ്ഞിക്കുള്ള പണം അഞ്ച് മാസമായി പ്രധാനാധ്യാപര്‍ക്ക് നല്‍കുന്നില്ല. ഇതാണ് സര്‍ക്കാരിന്റെ അവസ്ഥ. അതുകൊണ്ടാണ് മുഖ്യമന്ത്രി കേരളത്തെക്കുറിച്ച് ഒന്നും പറയാതെ കഴിഞ്ഞ ഒരു മാസമായി രാഹുല്‍ ഗാന്ധിയെ കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചും മാത്രം സംസാരിക്കുന്നതെന്നും സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan says secular Kerala will vote for UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.