തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചര്‍ച്ച നടത്തില്ലെന്ന് വി.ഡി സതീശൻ

തിരുവല്ല (പത്തനംതിട്ട): തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചര്‍ച്ച നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ല. അവരുമായി സംസാരിച്ചിട്ടുമില്ല, പിന്തുണയും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പല കക്ഷികളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യും. ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂവെന്നും കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മതേതര ശക്തികള്‍ പരാജയപ്പെടുമെന്നുമാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ കോണ്‍ഗ്രസ് അതൊന്നും അല്ലെന്ന് പറയണോ. ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂ. അല്ലാതെ കേരളത്തില്‍ മത്സരിക്കുന്ന സി.പി.എമ്മിന് കഴിയില്ല. ഞാന്‍ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളിലും ജമാ അത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണ നല്‍കിയത് എല്‍.ഡി.എഫിനാണ്.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാ അത്ത് ആസ്ഥാനത്ത് പോയി അമീറിനെ കണ്ടിട്ടുണ്ട്. അന്നെല്ലാം അവര്‍ മതേതര വാദികളായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ അവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. അതോടെ അവര്‍ വര്‍ഗീയവാദികളായി. സി.പി.എമ്മാണോ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സി.പി.എമ്മിനൊപ്പമായിരുന്നു.

തീവ്രവാദ നിലപാടുള്ള ഒരു കക്ഷികളുമായും ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ചര്‍ച്ചയും നടത്തില്ല. സി.പി.എമ്മാണ് ആര്‍.എസ്.എസുമായൊക്കെ ചര്‍ച്ച നടത്തുന്നത്. മാസക്കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. ഇല്ലെന്ന് പറഞ്ഞാല്‍ തെളിവ് തരാം. ആ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മധ്യസ്ഥനായിരുന്ന ശ്രീ എമ്മിന് സൗജന്യമായി നാല് ഏക്കര്‍ നല്‍കിയത്. സി.പി.എം-ബി.ജെ.പി നേതാക്കള്‍ തമ്മില്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്നത് ആദ്യം നിരസിച്ചെങ്കിലും പിന്നീട് കുടുംബാംഗംങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചു. കേരളത്തിലെ സി.പി.എം-ബി.ജെ.പി നേതാക്കള്‍ ഒന്നിച്ച് ബിസിനസ് ആരംഭിച്ചിട്ടുണ്ടെന്നു മാത്രമെ പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്.

ഒരുപാട് കക്ഷികള്‍ യു.ഡി.എഫിന് പിന്തുണ നല്‍കുന്നുണ്ട്. സി.പി.എം ഭരിക്കുന്ന പത്തനംതിട്ട മുന്‍സിപ്പിറ്റിയില്‍ വൈസ് ചെയര്‍മാനും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗവും എസ്.ഡി.പി.ഐക്കാരനാണ്. ഒന്നിച്ചാണ് ഭരിക്കുന്നത്. ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസ് ഭരണം സി.പി.എം ഇല്ലാതാക്കിയത് എസ്.ഡി.പി.ഐ പിന്തുണയിലാണ്. ഈരാറ്റുപേട്ടയില്‍ നിന്നും അഭിമന്യൂവിന്റെ വട്ടവടിയിലേക്ക് അധികം ദൂരമില്ല. ഇതൊക്കെ സി.പി.എമ്മുകാരോട് ചോദിക്കണം.

സി.പി.എമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുണ്ട്. അതില്‍ എത്തിയത് കള്ളപ്പണമാണ്. തൃശൂരിലെ സഹകരണ ബാങ്കുകളില്‍ 25 അക്കൗണ്ടുകളുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തിലാകെ ഇത്തരത്തില്‍ എത്ര വ്യാജ അക്കൗണ്ടുകള്‍ സി.പി.എമ്മിന് കാണും? അക്കൗണ്ട് ഇല്ലെന്ന് സി.പി.എം തന്നെ പറയട്ടേ. കേരളത്തിന്റെ ഷേപ്പ് മാറ്റിയ ആളാണ് ഇപ്പോള്‍ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റാന്‍ ഇറങ്ങിയിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.

റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പൊലീസും പരാജയപ്പെട്ടെന്ന് കോടതിയാണ് പറഞ്ഞത്. പ്രതികള്‍ ആര്‍.എസ്.എസ് ആണെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. വണ്ടിപ്പെരിയാര്‍ കേസിലും ഇതുതന്നെയാണ് നടന്നത്. ഡി.വൈ.എഫ്.ഐക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച അതേ രീതിയാണ് ആര്‍.എസ്.എസുകാരെ രക്ഷിക്കാന്‍ റിയാസ് മൗലവി കൊലക്കേസിലും ചെയ്തത്. മുന്‍ റവന്യൂ മന്ത്രിയും സി.പി.ഐ നേതാവുമായി ചന്ദ്രശേഖരനെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ച കേസിലെ സാക്ഷികളായിരുന്ന സി.പി.എം നേതാക്കള്‍ കൂറുമാറി.

ഇക്കാര്യം ചന്ദ്രശേഖരനാണ് നിയമസഭയില്‍ പറഞ്ഞത്. മറ്റൊരു കേസില്‍ ഉള്‍പ്പെട്ട സി.പി.എമ്മുകാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സാക്ഷികള്‍ കൂറുമാറിയത്. ഇത് സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള അറേന്‍ജ്‌മെന്റായിരുന്നു. ചന്ദ്രശേഖരന്റെ കൈ തല്ലിയൊടിച്ച ആര്‍.എസ്.എസുകാരെ രക്ഷിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരെ കൂറ് മാറ്റിയ മുഖ്യമന്ത്രിയല്ലേ കേരളം ഭരിക്കുന്നത്. കേരളത്തിലെ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും പറഞ്ഞ ആനി രാജയാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that UDF will not negotiate with any terrorist organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.