പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചതിന് നല്‍കിയ ഒമ്പത് പരാതികളില്‍ ഒന്നില്‍ പോലും കേസെടുത്തിട്ടില്ലെന്ന് വി.ഡി സതീശൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചതിന് നല്‍കിയ ഒമ്പത് പരാതികളില്‍ ഒന്നില്‍ പോലും കേസെടുത്തിട്ടില്ലെന്ന് വി.ഡി സതീശൻ. ഇന്നലെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ 20 വര്‍ഷം മുന്‍പ് മരിച്ചു പോയ എന്റെ പിതാവിനെ വരെ അപമാനിച്ചുകൊണ്ടുള്ള കമന്റ് ഇട്ടിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയുമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.

ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ടായി മേഘ എഞ്ചിനീയറിങ് 600 കോടി നല്‍കിയെന്ന് പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിക്കെതിരെ മോദിയുടെ സത്‌പേരിന് കളങ്കമുണ്ടാക്കിയെന്ന് പറഞ്ഞ് കേസെടുത്ത ആളാണ് പിണറായി വിജയന്‍.

മോദിയെ വിമര്‍ശിച്ചതിന് ഷമാ മുഹമ്മദിനെതിരെയും കേസെടുത്തു. മോദിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

300 കോടിയാണ് കരുവന്നൂരില്‍ നിന്നും കൊള്ളയടിച്ചത്. സൊസൈറ്റിയില്‍ അംഗമല്ലാത്ത സി.പി.എം എങ്ങനെയാണ് അവിടെ അക്കൗണ്ട് തുടങ്ങിയത്? അങ്ങനെയൊരു അക്കൗണ്ട് കരുവന്നൂരിലും ഇന്ത്യന്‍ ബാങ്കിലും ഇല്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. വെളിപ്പെടുത്താത്ത ഈ അക്കൗണ്ടുകളിലൂടെ കള്ളപ്പണ ഇടപാടാണ് നടന്നത്. 50 കോടി രൂപ നല്‍കിയാല്‍ പ്രശ്‌നങ്ങളെല്ലാം നോര്‍മല്‍ ആയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്.

പാവപ്പെട്ടവന്റെ പണം കൊള്ളയടിച്ചിട്ടാണ് അവിടെ എല്ലാം നോര്‍മ്മല്‍ ആയെന്ന് പറയുന്നത്. 50 കോടി നല്‍കിയാല്‍ നോർമല്‍ ആകുമെങ്കില്‍ അത് നല്‍കാത്തത് എന്തുകൊണ്ടാണ്. കൊള്ളയടിച്ചവരെയെല്ലാം സി.പി.എം ഏഴ് വര്‍ഷമായി സംരക്ഷിക്കുകയായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ പച്ചക്കള്ളമാണ് പറയുന്നത്. തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് കിട്ടുന്നതിന് വേണ്ടി ഇ.ഡിയെ ഉപയോഗിച്ച് സി.പി.എം നേതാക്കളെ വിരട്ടി നിര്‍ത്തിയിരിക്കുകയാണ്.

വിരണ്ടു നില്‍ക്കുന്ന സി.പി.എം നേതാക്കളെ ആശ്വസിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന- ജില്ലാ സി.പി.എം നേതാക്കള്‍ക്ക് കരുവന്നൂര്‍ കൊള്ളയില്‍ പങ്കുണ്ട്. കള്ളപ്പണ ഇടപാട് നടന്നെന്ന് രണ്ട് സ്റ്റാറ്റിയൂട്ടറി അതോറിട്ടികള്‍ കണ്ടെത്തിയിട്ടും മാസപ്പടി അന്വേഷണത്തിന് എട്ട് മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്.

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ യു.ഡി.എഫ് അനുവദിക്കില്ല. ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മത്സരം നടക്കുന്നത് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എല്‍.ഡി.എഫ് സഹായിച്ചാലും അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ യു.ഡി.എഫ് അനുവദിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that out of the nine complaints filed for insulting the opposition leader, not a single case was registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.