കേരളത്തിലെ ജനത എൻ.ഡി.എക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യമെന്ന് വി. മുരളീധരൻ

വെഞ്ഞാറമൂട്: പിണറായി വിജയൻ സർക്കാരിന്റെ അഴിമതിയും അക്രമവും സ്വജനപക്ഷപാതവും മടുത്ത കേരളത്തിലെ ജനത എൻ.ഡി.എക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യമെന്ന് ആറ്റിങ്ങൽ ബി.ജെ.പി-എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ. സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് എത്തിയ പ്രവർത്തകർക്ക് സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസപ്പടി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പൗരത്വ ഭേദഗതിയുടെ പേരിൽ നടക്കുന്നത്. മതസ്പർധ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. 1600 രൂപ പെൻഷൻ കൊടുക്കാൻ പോലും കഴിയാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ് ലക്ഷക്കണക്കിന് രൂപ അഭിഭാഷകർക്ക് നൽകിയുള്ള നിയമ യുദ്ധമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നികുതിപ്പണം ഇടതു മുന്നണിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് ജനങ്ങൾ തിരിച്ചറിയും. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ജനവിരുദ്ധ നയങ്ങൾ തിരിച്ചറിയുന്നതുകൊണ്ടാണ് പ്രാദേശിക നേതാക്കൾ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്. ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലേക്ക് കേരളവും നീങ്ങുന്നു എന്ന സൂചനയാണ് ഇത് വ്യക്തമാകുന്നത്. രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും ഭരണത്തിൽ വരുമെന്ന് ഉറപ്പായ സാഹചര്യമാണ്. ആ സാഹചര്യം കേരളത്തിൽ സി.പി.എമ്മിലും കോൺഗ്രസിലും വലിയ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ് എന്നും വി.മുരളീധരൻ പറഞ്ഞു.

ഇലക്ടറൽ ബോണ്ട്‌ കോൺഗ്രസ് കാണിച്ച വലിയ അഴിമതി ആണെന്നാണ് ഇടതുപക്ഷവും ചില മാധ്യമപ്രവർത്തകരും പറയുന്നത്. 20,000 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിലൂടെ പല രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന കിട്ടിയിട്ടുള്ളത്. ബി.ജെ.പിക്ക് കിട്ടിയത് 6,000 കോടിയാണ്. പ്രതിപക്ഷത്തിന് കിട്ടിയത് 14,000 കോടിയും. എന്ത് ആനുകൂല്യം കിട്ടിയതിന്റെ പേരിലാണ് ഈ പതിനാലായിരം കോടി രൂപ കോർപ്പറേറ്റുകൾ പ്രതിപക്ഷത്തിന് സംഭാവന നൽകിയത് എന്നതാണ് ചോദ്യമെന്നും വി. മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റി മുൻ അംഗം പി. രഘുനാഥൻ നായർ, സി.പി.ഐ വാമനപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.പ്രമദ ചന്ദ്രൻ, സി.പി.എം വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി മുൻ അഗംർ ബി. ശോഭന, ആർ.എം.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എ. പ്രദീപ് എന്നിവർ ബി.ജെ.പിയിൽ ചേർന്നു. ഇവരെ കേന്ദ്രമന്ത്രി വി. മുരളീധരൻ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

Tags:    
News Summary - V. Muralidharan said that the people of Kerala are thinking in favor of NDA.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.