കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി ആശയത്തിന് മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്ന് വി.ഡി സതീശൻ

കോട്ടയം: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി ആശയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടപിടിച്ചു കൊടുക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഫാഷിസ്റ്റ് വര്‍ഗീയ സര്‍ക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി രൂപീകരിച്ച ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇല്ലാതെ സംഘപരിവാര്‍ ഭരണകൂടത്തെ എങ്ങനെയാണ് താഴെയിറക്കുന്നത്? 19 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മാണോ സംഘപരിവാറിനെ താഴെയിറക്കാന്‍ പോകുന്നത്?

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ ആവര്‍ത്തിക്കുന്ന പിണറായി വിജയന്‍ ബി.ജെ.പിയെ പ്രീതിപ്പെടുത്തുകയാണ്. ചുറ്റും കേന്ദ്ര ഏജന്‍സികള്‍ നില്‍ക്കുന്നതു കൊണ്ട് പിണറായി വിജയന് ഭയമാണ്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് പിണറായി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. കേരളത്തിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?

56700 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ടെന്ന് നവ കേരള സദസിലൂടെ സംസ്ഥാനം മുഴുവന്‍ നടന്ന് പ്രസംഗിച്ചു. കള്ളക്കണക്കാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ തെളിയിച്ചു. പിന്നാലെ സുപ്രീം കോടതിയില്‍ കേരളം നല്‍കിയ ഹര്‍ജിയിലും 56700 കോടിയെ കുറിച്ച് ഒന്നും മിണ്ടിയില്ല. നാല് ലക്ഷം കോടി കടത്തിലായ കേരളത്തിന് ഇനിയും കടമെടുക്കാന്‍ അനുമതി നല്‍കണമെന്നതു മാത്രമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

56700 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ ജനങ്ങളെയാകെ കബളിപ്പിക്കുകയായിരുന്നു. കേരളത്തിലെ സാമ്പത്തിക ദുരന്തം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നടപടികളെ തുടര്‍ന്നാണെന്ന പ്രതിപക്ഷ വാദം അടിവരയിടുന്നതായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ ഇതിനൊന്നും മറുപടിയില്ലാത്ത മുഖ്യമന്ത്രി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ മാത്രമാണ് സംസാരിക്കുന്നത്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഭരണവിരുദ്ധ വികാരം പ്രകടമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി വോട്ട് ചോദിക്കാനാകാത്ത സാഹചര്യമാണ്. ഒരു കോടി ആളുകള്‍ക്കാണ് പെന്‍ഷന്‍ കിട്ടാനുള്ളത്. എല്ലാ വീടുകളിലും ഈ സര്‍ക്കാരിന്റെ ഭരണത്തിന് ഇരയായ ഒരാളെങ്കിലുമുണ്ട്. വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. 7000 പേര്‍ക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. കൃഷി പൂര്‍ണമായും നശിച്ച് ജപ്തിയുടെ വക്കിലാണ് കര്‍ഷകര്‍.

ഇരുപതില്‍ ഇരുപതിലും യു.ഡി.എഫ് ജയിക്കും. കോട്ടയവും ആലപ്പുഴയും തിരിച്ചുപിടിക്കും. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് കേരളത്തില്‍ മത്സരം നടക്കുന്നത്. എന്നാല്‍ ഇടമില്ലാത്ത ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. അതുകൊണ്ടാണ് ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും നല്ല സ്ഥാനാർഥികളാണ് അവരുടേതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുമെങ്കില്‍ അവിടെയൊക്കെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താകും. രാജീവ് ചന്ദ്രശേഖറും ഇ.പി ജയരാജനും തമ്മില്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ഉണ്ടെന്ന പ്രതിപക്ഷ ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് രണ്ടു പേരും സമ്മതിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - V. D. Satheesan says that the Chief Minister supports the BJP's idea of ​​Congress-mukta Bharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.