വാക്കത്തിയോടും കോടാലിയോടുമല്ല, അത് ഉപയോഗിച്ച് വെട്ടുന്നവരോടാണ് പോരാടേണ്ടതെന്ന് വി.ഡി. സതീശൻ

കൊല്ലം: വാക്കത്തിയോടും കോടാലിയോടുമല്ല, അത് ഉപയോഗിച്ച് വെട്ടുന്നവരോടാണ് പോരാടേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുല്‍ ഗാന്ധിക്കെതിരെ പി.വി അന്‍വര്‍ നടത്തിയ അത്യന്തംഹീനമായ പ്രസ്താവന മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് ഹീനവും ക്രൂരവും നിലവാരവും ഇല്ലാത്ത പ്രസ്താവന രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയത്.

മര്യാദക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിലേക്ക് കള്ള് വാങ്ങിക്കൊടുത്ത് ചട്ടമ്പികളെ അയച്ച് അസഭ്യവര്‍ഷം നടത്തുന്നതിന്റെ ആധുനിക കാലത്ത് പുനരവതരണമാണ് പി.വി അന്‍വറിലൂടെ പിണറായി വിജയന്‍ നിര്‍വഹിച്ചിരിക്കുന്നത്. വാക്കത്തിയോടും കോടാലിയോടുമല്ല, അത് ഉപയോഗിച്ച് വെട്ടുന്നവരോടാണ് പോരാടോണ്ടത്. അതുകൊണ്ട് പിണറായി വിജയനോടാണ് പോരാടേണ്ടത്. ചിലര്‍ക്ക് നെഗറ്റീവ് വാര്‍ത്ത ആയാലും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നാല്‍ മതി.

രാഹുല്‍ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെ ഒന്നാകെയാണ് സി.പി.എം അപമാനിച്ചത്. രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടുമുള്ള ക്രൂരമായ അപമാനമാണിത്. ഇതേ അന്‍വറിനെ ഉപയോഗിച്ച് പിണറായി വിജയന്‍ എനിക്കെതിരെയും 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി കൊട്ടയിലിട്ടു. ആര്‍ക്കെതിരെയും എന്തും പറയിപ്പിക്കാവുന്ന ആയുധമാണ് അന്‍വര്‍. അയാളെ ഞാന്‍ ഒന്നും പറയുന്നില്ല. കാരണം മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോള്‍ തന്നെ പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയാണ്. ഇത് ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയാണ്. ബി.ജെ.പിയെ ഭയന്നാണ് പിണറായി ഭരിക്കുന്നത്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കസവുകെട്ടിയ പേടിത്തൊണ്ടന്‍ എന്ന പദത്തിന് അടിവരയിടുന്ന സംഭവമാണ് ഇന്നുണ്ടായത്.

ബി.ജെ.പിയെ സുഖിപ്പിച്ച് കേസുകളില്‍ നിന്നും രക്ഷ തേടാന്‍ പിണറായി വിജയന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി പിണറായിയെ ഭയപ്പെടുത്തുകയാണ്. താന്‍ പോലും ഉപയോഗിക്കാത്ത കടുത്ത ഭാഷയിലാണ് കേരള മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതെന്ന് പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്. മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഗുജറാത്തിലെ എല്ലാ സീറ്റുകളും ബി.ജെ.പി തൂത്തുവാരുമെന്ന് പറഞ്ഞത്. കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മിടുമിടുക്കരാണെന്ന് പറഞ്ഞതും ബി.ജെ.പി നേതാക്കളല്ല, എല്‍.ഡി.എഫ് കണ്‍വീനറാണ്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. 

Tags:    
News Summary - V. D. Satheesan said that we should fight not with sword and ax, but with those who cut with them.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.