മഹാസഖ്യ പ്രതീക്ഷക്ക് മങ്ങല്‍; ആര്‍.എല്‍.ഡി പ്രശ്നവിഷയം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ നേതൃത്വത്തില്‍ മഹാസഖ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങളില്‍ തിരിച്ചടി. പശ്ചിമ യു.പിയില്‍ കഴിഞ്ഞതവണ ഒമ്പത് സീറ്റ് നേടിയ അജിത്സിങ്ങിന്‍െറ രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തില്‍ ഉണ്ടാകാനിടയില്ല. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ട്; എന്നാല്‍, കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മഹാസഖ്യമുണ്ടാക്കാന്‍ താല്‍പര്യമില്ളെന്ന് എസ്.പി വൈസ് പ്രസിഡന്‍റ് കിരണ്‍മയി നന്ദ പറഞ്ഞു.

ആര്‍.എല്‍.ഡി കൂടുതല്‍ സീറ്റ് ചോദിക്കുന്നതും അവരുമായുള്ള സഖ്യം ഉപകാരപ്പെടില്ളെന്ന ആശങ്കയുമാണ് സമാജ്വാദി പാര്‍ട്ടിയെ പിന്നാക്കം വലിക്കുന്നത്. ആര്‍.എല്‍.ഡി പ്രതിനിധീകരിക്കുന്ന ജാട്ട് വിഭാഗത്തിന്‍െറ വികാരം ബി.ജെ.പിക്ക് എതിരാണെങ്കിലും അജിത്സിങ്ങിന് വലിയ സ്വാധീനശക്തിയാകാന്‍ കഴിയില്ളെന്നാണ് എസ്.പി കരുതുന്നത്. അവര്‍ കൂട്ടത്തില്‍ ഇല്ളെങ്കിലും പരിക്കുണ്ടാവില്ളെന്നും വാദിക്കുന്നു. ആര്‍.എല്‍.ഡിയാകട്ടെ, 20 സീറ്റ് നല്‍കാമെന്ന് പറയുമ്പോള്‍ ചോദിക്കുന്നത് 30 സീറ്റാണ്.

 403ല്‍ 100 സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വേണമെങ്കില്‍ അജിത്സിങ്ങിനെ ഒപ്പം കൂട്ടാമെന്നും കിരണ്‍മയി നന്ദ പറഞ്ഞു. യു.പിയിലെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പിലേക്ക് എസ്.പി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടുണ്ട്. അടുത്തദിവസം അഖിലേഷ് യാദവ് പ്രഖ്യാപിക്കും. കോണ്‍ഗ്രസിനുള്ള സീറ്റില്‍ അവരും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് കിരണ്‍മയി നന്ദ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്-എസ്.പി സഖ്യത്തില്‍ പങ്കാളിയായില്ളെങ്കില്‍ ആര്‍.എല്‍.ഡിയുടെ നില പരുങ്ങലിലാവും. അജിത്സിങ്ങിന് ആഗ്രഹമുണ്ടെങ്കില്‍പോലും ജാട്ട് വികാരം എതിരായതിനാല്‍ ബി.ജെ.പിക്കൊപ്പം ചേരാനാവില്ല. തീക്ഷ്ണമായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നിരിക്കെ, പ്രബലചേരികള്‍ക്കിടയില്‍ ഒറ്റക്കുനിന്നതു കൊണ്ട് കാര്യമായ ഗുണമുണ്ടായെന്നും വരില്ല.

Tags:    
News Summary - uttar pradesh assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.