തീവ്രവാദ കേസുകളിലെ നിലപാട്: ലീഗില്‍ ആശയക്കുഴപ്പം

കോഴിക്കോട്: തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില മതസംഘടനാ നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയുണ്ടായ കേസുകളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നതിനെക്കുറിച്ച് മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം. ലീഗിന്‍െറ പ്രധാന വോട്ട്ബാങ്കായ സമസ്തയും മുജാഹിദ് വിഭാഗവും ഈ വിഷയത്തില്‍ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നതാണ് ഇതിനു കാരണം. ഐ.എസ് ബന്ധത്തിന്‍െറ പേരില്‍ സംസ്ഥാനത്ത് പൊലീസ് കേസില്‍പെട്ടവരില്‍ ഭൂരിഭാഗവും മുജാഹിദ് വിഭാഗത്തിലുള്ളവരാണ്. കെ.എന്‍.എം ഒൗദ്യോഗിക വിഭാഗത്തിന്‍െറ ബുദ്ധികേന്ദ്രമായ എം.എം. അക്ബര്‍ ചെയര്‍മാനായ പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളിനെതിരെയും മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നതിന് പൊലീസ് കേസെടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പിന്തുണ തേടി കെ.എന്‍.എം നേതാക്കള്‍ ലീഗ് നേതൃത്വത്തെ സമീപിച്ചിരുന്നു.

കേസെടുത്ത പൊലീസിന്‍െറ നടപടി മുസ്ലിം വേട്ടയുടെ ഭാഗമാണെന്നായിരുന്നു കെ.എന്‍.എം നേതൃത്വത്തിന്‍െറ നിലപാട്. അതിനാല്‍, ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍  സമുദായത്തിന്‍െറ എല്ലാവിഭാഗവും ഒന്നിച്ചു നീങ്ങണമെന്നായിരുന്നു ഇവരുടെ ആവശ്യം. കെ.എന്‍.എം നേതൃത്വത്തിന്‍െറ അഭ്യര്‍ഥന പ്രകാരം  പൊതുവേദിയുണ്ടാക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിച്ചെങ്കിലും സമസ്തയുടെ എതിര്‍പ്പുമൂലം നടന്നില്ല. ഐ.എസിനും സലഫിസത്തിനുമെതിരെ സമസ്തയും പോഷക സംഘടനകളും കാമ്പയിന്‍ നടത്തുന്ന സാഹചര്യത്തില്‍ സലഫിസത്തെ മഹത്ത്വവത്കരിക്കുന്ന  മുജാഹിദുകളെ  പിന്തുണക്കാനാവില്ളെന്നായിരുന്നു അവരുടെ നിലപാട്. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ മുസ്ലിം ലീഗ്  നടത്തിവരുന്ന കര്‍ക്കശ നിലപാട് മുജാഹിദുകള്‍ക്കുവേണ്ടി വെള്ളം ചേര്‍ക്കലാവുമെന്നും അവര്‍ വാദിച്ചു.

ഇതിനിടെ, ലീഗ് എം.എല്‍.എ കെ.എം. ഷാജി സലഫിസത്തെ വെള്ളപൂശി മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തെച്ചൊല്ലി മുസ്ലിം ലീഗിലും സമസ്തയിലും കടുത്ത പ്രതിഷേധമുയരുകയുണ്ടായി. ഐ.എസ് ആശയങ്ങള്‍ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സലഫികള്‍ക്ക് ഇതില്‍ പങ്കില്ളെന്നും  വാദിക്കുന്നതായിരുന്നു ലേഖനം. ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ശക്തമായ വിമര്‍ശമാണുയര്‍ന്നത്. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉള്‍പ്പെടെ സമസ്തയുടെ പല നേതാക്കളും ഇതിനെതിരെ പരസ്യമായി രംഗത്തുവരുകയുണ്ടായി. ശനിയാഴ്ച കോഴിക്കോട്ടു ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ലേഖനത്തിനെതിരെ പല നേതാക്കളും തുറന്നടിച്ചു. ഷാജിയുടെ ലേഖനം പാര്‍ട്ടിയുടെ അജണ്ടയെയും താല്‍പര്യത്തെയും ദുര്‍ബലപ്പെടുത്തിയെന്നും എല്ലാ മതസംഘടനകളെയും ഒരുമിച്ചുനിര്‍ത്തുകയെന്ന  ലീഗിന്‍െറ ആശയത്തിന് കത്തിവെക്കുന്നതാണ് ഇതെന്നും മുതിര്‍ന്ന നേതാക്കള്‍ തുറന്നടിച്ചു. ഇതുകൊണ്ടുതന്നെ ഷാജിയുടേത് മുസ്ലിം ലീഗിന്‍െറ നയമല്ളെന്ന് സെക്രട്ടേറിയറ്റിന് തീരുമാനിക്കേണ്ടി വന്നു. യോഗത്തിനുശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച പാര്‍ട്ടി  നിയമസഭാ കക്ഷി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്‍റും യൂത്ത് ലീഗ് നേതാവുമായ മുഈന്‍ അലി ശിഹാബ് തങ്ങളും ഷാജിയുടെ ലേഖനത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. സലഫിസത്തെ വെള്ളപൂശുന്ന ലേഖനം ലീഗ് നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നാണ് വാട്സ്ആപ് സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള അദ്ദേഹത്തിന്‍െറ പ്രഭാഷണത്തില്‍ ഇത്തരം നിലപാടുകള്‍ മുസ്ലിം ലീഗിനെ സംശയത്തിന്‍െറ നിഴല്‍ പതിക്കാന്‍ ഇടവരുത്തുമെന്നും തീവ്രവാദികളെ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന പഴി കേള്‍പ്പിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

Tags:    
News Summary - uniform civil code muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.