വി.എസ് തിരുത്തിയെങ്കിലും രാഷ്ട്രീയനേട്ടം യു.ഡി.എഫിന്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍െറ സ്വാശ്രയ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടായ കാലവിളംബം ഉയിര്‍ത്തെഴുന്നേല്‍പ് ഏകിയത് ഭിന്നിച്ചുനിന്ന പ്രതിപക്ഷത്തിന്. സമരത്തെ അനുകൂലിച്ചുള്ള തന്‍െറ വിവാദ പ്രതികരണം മണിക്കൂറുകള്‍ക്കു ശേഷം വി.എസ്. അച്യുതാനന്ദന്‍ തിരുത്തിയെങ്കിലും യു.ഡി.എഫിനത് രാഷ്ട്രീയ നേട്ടമായി. തങ്ങളുടെ ധാര്‍മിക നിലപാടിനുള്ള പിന്തുണയായി വി.എസിന്‍െറ പ്രസ്താവനയെ വ്യാഖ്യാനിക്കാനും സി.പി.എം നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദപ്രകാരം അദ്ദേഹം പിന്‍വലിച്ചെന്ന് ആക്ഷേപിക്കാനുമുള്ള സൗകര്യമാണ് പ്രതിപക്ഷത്തിന് വന്നുചേരുന്നത്.

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള രൂക്ഷമായ ഭിന്നിപ്പില്‍ ആത്മവീര്യം നഷ്ടമായ കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിച്ച പിടിവള്ളിയാണ് സ്വാശ്രയ സമരം. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച കടുംപിടിത്തം പ്രതിപക്ഷത്തെ രാഷ്ട്രീയമായി ഒരുമിപ്പിച്ചു. മുന്നണിവിട്ട മാണിക്ക് പോലും സഭക്കുള്ളില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കേണ്ടിയും വന്നു. ബാര്‍കോഴ ഉള്‍പ്പെടെ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റാനും കഴിഞ്ഞു.

പരിയാരത്തെ ഫീസ് വര്‍ധനയില്‍ അയവ് വരുത്താന്‍ തയാറായിരുന്നെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സമരം പിന്‍വലിക്കുമായിരുന്നെന്നും സഭക്കുള്ളിലേക്ക് സമരം വരില്ലായിരുന്നെന്നും സി.പി.എമ്മിനുള്ളില്‍ അഭിപ്രായമുണ്ട്. സര്‍ക്കാര്‍ ചര്‍ച്ചക്ക് മുന്‍കൈ എടുത്തിരുന്നെങ്കില്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് അനുകൂല നിലപാട് യു.ഡി.എഫാണ് എടുത്തതെന്ന് വിശദീകരിക്കാന്‍ കഴിയുമായിരുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികളില്‍ സി.പി.എം നേതൃത്വം ഇടപെടുക പതിവാണ്. എന്നാല്‍, പിണറായി വിജയന്‍ എന്ന നേതാവിന് മുന്നില്‍ സംഘടനാ നേതൃത്വം നിശ്ശബ്ദമാണ്. സി.പി.എം നേതൃത്വത്തിന്‍െറ ഇടപെടലിനെ തുടര്‍ന്ന് തന്‍െറ പ്രസ്താവനയില്‍ മലക്കംമറിഞ്ഞെങ്കിലും ധാര്‍മിക നിലപാടിനൊപ്പമാണ് താന്‍ എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കാന്‍ വി.എസിന് കഴിഞ്ഞു.

രാഷ്ട്രീയ ചിത്രത്തില്‍തന്നെ ഇല്ലാതിരുന്ന വി.എസിന് തിരിച്ചുവരവിന്‍െറ വാതില്‍ കൂടിയായും വിവാദത്തെ ഉപയോഗിക്കാന്‍ കഴിഞ്ഞു. എം.എല്‍.എമാരുടെ നിരാഹാരം അഞ്ചു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ചര്‍ച്ചക്ക് മുന്‍കൈ എടുത്തിട്ടില്ളെന്ന ആക്ഷേപവുമായി ചേര്‍ത്തുവെച്ചാവും വി.എസിന്‍െറ ‘തിരുത്തിയ’ പ്രസ്താവനയെ പ്രതിപക്ഷം സഭക്ക് അകത്തും പുറത്തും ഉപയോഗിക്കുക.

Tags:    
News Summary - udf vs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.