സ്വാശ്രയം: സഭയില്‍ നിലപാട് ശക്തമാക്കാന്‍ യു.ഡി.എഫ്

തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ നിയമസഭക്കുള്ളില്‍ നിലപാട് കൂടുതല്‍ ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന യു.ഡി.എഫ് നിയമസഭാകക്ഷിയോഗത്തിലാണ് തീരുമാനം. സഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പിന്‍വലിച്ചില്ളെങ്കില്‍ ബുധനാഴ്ചയും സഭാനടപടികള്‍ സ്തംഭിപ്പിക്കാനാണ് യോഗത്തിലെ ധാരണ. യൂത്ത് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന സ്വാശ്രയസമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് തീരുമാനിക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി.

സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമര്‍ശമാണ് ഉണ്ടായത്. പദവിയുടെ  മഹത്ത്വം പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. ധിക്കാരത്തോടും മോശമായരീതിയിലും ആണ് സംസാരം. എവിടെ എന്തുസംസാരിക്കണമെന്ന് പോലും അറിയാത്ത സ്ഥിതിയിലാണ് അദ്ദേഹം. അതംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ളെന്ന പൊതുവികാരമാണ്  ഉണ്ടായത്.

അതോടൊപ്പം സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും കടുത്തവിമര്‍ശം ഉയര്‍ന്നു. പിണറായി ഫാന്‍സ് അസോസിയേഷനിലെ അംഗത്തെപ്പോലെയാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. പിണറായിക്കെതിരെ ഒരക്ഷരം പറയാനുള്ള അവസരം പോലും അദ്ദേഹം ആര്‍ക്കും നല്‍കുന്നില്ല. മുഖ്യമന്ത്രി പറയുന്നതാണ് അദ്ദേഹത്തിന് അന്തിമവാക്ക്. ഏതെങ്കിലും അംഗത്തില്‍ നിന്ന് അനാവശ്യപരാമര്‍ശം ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയാല്‍ പരിശോധിച്ച് റൂളിങ് നല്‍കാമെന്ന് പറയുന്ന മുന്‍ സ്പീക്കര്‍മാരുടെ പതിവുരീതിക്കുപോലും ഇപ്പോഴത്തെ സ്പീക്കര്‍ മാറ്റം വരുത്തി.

നിയമസഭാപ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തിന് ലഭിക്കേണ്ട ഒരു പരിഗണനയും അദ്ദേഹത്തില്‍നിന്ന് ഉണ്ടാകുന്നില്ല. നിഷ്പക്ഷനാകേണ്ട സ്പീക്കര്‍ തനി രാഷ്ട്രീയക്കാരനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ മര്യാദയും ലംഘിച്ച് പ്രതിപക്ഷത്തെ സഭയില്‍ അപമാനിക്കുന്നു. ഇക്കാര്യം സ്പീക്കറെ നേരിട്ട് അറിയിക്കാനും യോഗം തീരുമാനിച്ചു. അതിന്‍െറ അടിസ്ഥാനത്തില്‍ യു.ഡി.എഫ് നിയമസഭാകക്ഷിനേതാക്കള്‍ സ്പീക്കറെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.

Tags:    
News Summary - udf agianst left govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.