ന്യൂഡല്‍ഹി: ഭരണവിരുദ്ധ വികാരത്തില്‍ ആടിയുലഞ്ഞ് ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യം, തിരിച്ചുവരവിന്‍െറ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്, ഡല്‍ഹിക്കു പുറത്ത് അദ്ഭുതം സൃഷ്ടിക്കാനൊരുങ്ങി കെജ്രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി. പഞ്ചാബിന്‍െറ തെരഞ്ഞെടുപ്പു ചിത്രം തെളിയുമ്പോള്‍ ശക്തമായ ത്രികോണ മത്സരമാണ് കോണ്‍ഗ്രസിനും അകാലിദള്‍-ബി.ജെ.പി സഖ്യത്തിനുമിടയില്‍. മാറിമറിഞ്ഞ പഞ്ചാബ് രാഷ്ട്രീയത്തില്‍ ആം ആദ്മിയുടെ കടന്നുവരവാണ് 2017ന്‍െറ പ്രത്യേകത.

അത് പഞ്ചാബിന്‍െറ രാഷ്ട്രീയ ചിത്രം എങ്ങനെ മാറ്റിമറിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ്. പത്രികസമര്‍പ്പണം തുടങ്ങിയെങ്കിലും എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായിട്ടില്ല. ഭാഗ്യാന്വേഷികളുടെ ‘ആയാറാം ഗയാറാം’ രാഷ്ട്രീയം പൊടിപൊടിക്കുകയാണ്.
കോണ്‍ഗ്രസില്‍നിന്നും അകാലിദളില്‍നിന്നും ആം ആദ്മിയില്‍ നിന്നുമൊക്കെ ആളുകളുടെ വരവും പോക്കും തകൃതി. 2007 മുതല്‍ പ്രകാശ് സിങ് ബാദലാണ് മുഖ്യമന്ത്രി.

2009 മുതല്‍ മകന്‍ സുഖ്ബീര്‍ സിങ് ബാദല്‍ ഉപമുഖ്യമന്ത്രിയുമാണ്. ബാദല്‍ കുടുംബ ഭരണത്തോടുള്ള അപ്രീതിയില്‍നിന്നുള്ള ഭരണവിരുദ്ധ വികാരമാണ്  അകാലിദള്‍-ബി.ജെ.പി സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി. പഞ്ചാബി യുവതയില്‍ വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമ്പോള്‍ മാഫിയയെ തടയുന്നതില്‍ പരാജയപ്പെട്ട അകാലി-ബി.ജെ.പി സര്‍ക്കാര്‍ പ്രതിരോധത്തിലാണ്.

എന്നാല്‍, ചണ്ഡിഗഢ് മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി-അകാലി സഖ്യം തൂത്തുവാരുകയാണുണ്ടായത്. നോട്ട് നിരോധന കാലത്ത് നേടിയ വിജയം അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുനല്‍കുന്നു. സിഖ് സാമുദായിക രാഷ്ട്രീയമാണ് അകാലിദളിന്‍െറ കളം. അതിലൂന്നി പിടിച്ചുനില്‍ക്കാനുള്ള തന്ത്രംതന്നെയാണ് പിതാവും പുത്രനും പയറ്റുന്നത്. മോദിയുടെ പ്രതിച്ഛായയില്‍ ഊന്നിയാണ് ബി.ജെ.പിയുടെ പ്രചാരണം.

മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പുതിയ ഉണര്‍വ് നേടിയിട്ടുണ്ട്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ അമൃത്സറില്‍ അരുണ്‍ ജെയ്റ്റ്ലിയെ മലര്‍ത്തിയടിച്ച അമരീന്ദറിനിപ്പോള്‍ വീരപരിവേഷവുമുണ്ട്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ അദ്ദേഹത്തിന്‍െറ തട്ടകമായ ലംബിയില്‍ ചെന്ന് മത്സരിക്കാനുള്ള പുറപ്പാടിലാണ് അമരീന്ദര്‍.

ബി.ജെ.പി വിട്ട മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കൂടി എത്തിയതോടെ കോണ്‍ഗ്രസ് ക്യാമ്പ് വര്‍ധിത പ്രതീക്ഷയിലാണ്. സര്‍ദാര്‍ജിയുടെ നര്‍മം നന്നായി വഴങ്ങുന്ന സിദ്ദുവിന്‍െറ വാക്കിനും പദപ്രയോഗങ്ങള്‍ക്കും ക്രിക്കറ്റില്‍ അദ്ദേഹം അടിച്ചുകൂട്ടിയ സിക്സറുകളെക്കാള്‍ ശക്തിയാണ്. ടി.വി ഷോകളില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന താരം കൂടിയായ സിദ്ദുവാണ് കോണ്‍ഗ്രസിന്‍െറ താരപ്രചാരകന്‍. മുന്‍ ഹോക്കി താരം പര്‍ഗത് സിങ്ങും സിദ്ദുവിനൊപ്പം കോണ്‍ഗ്രസിലത്തെിയിട്ടുണ്ട്.  മോദിയെ ഡല്‍ഹിയിലത്തെിക്കുന്നതിന് തന്ത്രംമെനഞ്ഞ പ്രശാന്ത് കിഷോറിനെയാണ് പഞ്ചാബിലും രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയത്.

എന്നാല്‍, തന്‍പ്രമാണിയായ അമരീന്ദര്‍, പ്രശാന്ത് കിഷോറിനെ വലിയ തോതില്‍ അടുപ്പിച്ചില്ല.   കെജ്രിവാള്‍ തന്നെയാണ് പഞ്ചാബിലും ആം ആദ്മിയുടെ താരം. ഡല്‍ഹി മുഖ്യമന്ത്രി പഞ്ചാബില്‍ തമ്പടിച്ചിട്ട് നാളേറെയായി. കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്നുവെന്നും പ്രചാരണമുണ്ട്. ആപ്പിന് നല്‍കുന്ന ഓരോ വോട്ടും കെജ്രിവാളിനാണ് എന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചത്.

പഞ്ചാബ് ഭരിക്കാന്‍ പുറംനാട്ടുകാരന്‍ വരുന്നുവെന്ന മുറവിളിയുമായി കോണ്‍ഗ്രസും അകാലിദളും രംഗത്തുവന്നതോടെ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പഞ്ചാബുകാരന്‍ തന്നെയാകുമെന്ന് കെജ്രിവാളിന് ഉറപ്പുനല്‍കേണ്ടിവന്നു. ലോക്സഭാംഗം ഭഗവന്ത് മാനാണ് പഞ്ചാബില്‍ ആം ആദ്മിയുടെ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവ്. ആം ആദ്മിക്ക് ലോക്സഭയിലുള്ള നാല് എം.പിമാരും പഞ്ചാബില്‍നിന്നാണ്.

2014ലെ ലോക്സഭ കണക്കനുസരിച്ച് 34 നിയമസഭ സീറ്റുകളില്‍ ആം ആദ്മിയാണ് മുന്നില്‍. എന്നാല്‍, പാര്‍ട്ടിയിലെ പടലപ്പിണക്കം ആം ആദ്മിയെ പിന്നോട്ടുവലിച്ചു. നാലില്‍ രണ്ട് എം.പിമാര്‍ ഇപ്പോള്‍ കെജ്രിവാളിനൊപ്പമില്ല. അഴിമതിയാരോപണം നേരിട്ട് പുറത്തുപോകേണ്ടിവന്ന പഞ്ചാബ് കണ്‍വീനര്‍ സുച സിങ് ഛോട്ടേപുര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി കെജ്രിവാളിനെതിരെ രംഗത്തുണ്ട്.    

പഞ്ചാബ് ആദ്യമായി നേരിടുന്ന ത്രികോണ മത്സരത്തില്‍ പ്രവചനം ദുഷ്കരമാണ്. ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസിന് അല്‍പം മേല്‍ക്കൈയുണ്ട്. പുറത്തുവന്ന നാലു സര്‍വേകളില്‍ മൂന്നും കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുമെന്നാണ് പറയുന്നത്. ഒരു സര്‍വേയില്‍ ആം ആദ്മിക്കാണ് സാധ്യത.

Tags:    
News Summary - triangle compatition in panjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.