ഇനി ശശികല ചരടുവലിക്കും; തമ്പിദുരൈ ജനറല്‍ സെക്രട്ടറിയാകും

ചെന്നൈ: ജയലളിതക്കുശേഷം എ.ഐ.എ.ഡി.എം.കെയെ ആര് നയിക്കുമെന്നത് തമിഴ്നാട്ടിലെ മാത്രമല്ല, രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലക്ക് സംസ്ഥാനവും പാര്‍ട്ടിയും അടക്കിവാഴുകയായിരുന്നു ജയ. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ രാജിവെക്കേണ്ടി വന്നപ്പോള്‍ മുഖ്യമന്ത്രിയായി ഒ. പന്നീര്‍സെല്‍വമാണ് പിന്‍ഗാമിയായത്. അപ്പോഴും, പാര്‍ട്ടിയുടെ എല്ലാ അധികാരവും ‘അമ്മ’യുടെ കൈകളിലായിരുന്നു.

ജയലളിതയുടെ ഉറ്റതോഴി ശശികല നടരാജനോ എം.പിയും ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈയോ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

ജനറല്‍ സെക്രട്ടറിയായി എം. തമ്പിദുരൈ വരണമെന്നാണ് ബി.ജെ.പി താല്‍പര്യം. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള കൊങ്കു ബെല്‍റ്റ് എന്ന് വിളിക്കപ്പെടുന്ന പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍നിന്നുള്ള നേതാവാണ് തമ്പിദുരൈ എന്നതത്രെ ബി.ജെ.പിയുടെ താല്‍പര്യത്തിന് കാരണം.എന്നാല്‍, തമ്പിദുരൈ ജനറല്‍ സെക്രട്ടറിയായാലും അദ്ദേഹം ശശികലയുടെ ആജ്ഞാനുസാരിയായിരിക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

പന്നീര്‍സെല്‍വവുമായി നിലനില്‍ക്കുന്ന അസ്വാരസ്യം ശശികലയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുമോ എന്ന ചോദ്യം അസ്ഥാനത്താണെന്ന് വ്യക്തമാക്കിയ നേതാക്കള്‍, ശശികലക്ക് നിലവില്‍ പാര്‍ട്ടിയിലാരുമായും ശത്രുതയില്ളെന്നും വാദിക്കുന്നു. തന്‍െറ അസാന്നിധ്യത്തില്‍ പാര്‍ട്ടി ശശികലയെ അനുസരിക്കണമെന്നാണ് ജയലളിത താല്‍പര്യപ്പെട്ടിരുന്നതത്രെ.

‘‘പന്നീര്‍സെല്‍വവും തമ്പിദുരൈയും ‘അമ്മ’യുടെ ആഗ്രഹത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കില്ല. അവര്‍ക്ക് നല്‍കുന്ന സ്ഥാനങ്ങളില്‍ തൃപ്തരായി അവര്‍ പ്രവര്‍ത്തിക്കും. പോയസ് ഗാര്‍ഡനില്‍നിന്ന് ശശികല ചരടുവലിക്കും’’ -ഒരു പാര്‍ട്ടി എം.പി പറഞ്ഞു.

Tags:    
News Summary - sasikala controlls; thampy durai become general secrotary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.