കോയമ്പത്തൂര്‍: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അന്തരിച്ച ജയലളിതയുടെ ഉറ്റതോഴി വി.കെ. ശശികലക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കും വഴിയൊരുങ്ങുന്നു. ലോക്സഭ ഡെപ്യൂട്ടി സ്പീക്കറും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ തമ്പിദുരൈ ‘ചിന്നമ്മ’ (ശശികല) മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കണമെന്ന് പരസ്യ പ്രസ്താവനയുമായി രംഗത്തിറങ്ങി. ഇതേ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച പോയസ് ഗാര്‍ഡന്‍ വസതിയില്‍ ശശികലയെ അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാന മന്ത്രിമാരായ ഉദയകുമാര്‍, ചെല്ലൂര്‍ രാജു, തങ്കമണി, കമ്പൂര്‍ രാജു, ഒ.എസ്. മണിയന്‍ തുടങ്ങിയവരും ഗോകുല്‍ ഇന്ദിര പോലുള്ള പ്രമുഖ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചു.

പാര്‍ട്ടിയില്‍ സമ്മര്‍ദമേറിയാല്‍ നിലവിലുള്ള മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം സ്ഥാനമൊഴിയും. പാര്‍ട്ടിയിലും ഭരണത്തിലുമായി രണ്ട് അധികാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് സ്വീകാര്യമാവില്ളെന്ന് തമ്പിദുരൈ തന്‍െറ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

രണ്ട് പദവികളും ഒരാള്‍ വഹിച്ചാല്‍ മാത്രമേ ജയലളിത ബാക്കിവെച്ച പാര്‍ട്ടി പരിപാടികളും സര്‍ക്കാറിന്‍െറ ജനക്ഷേമ പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ കഴിയൂ. രണ്ട് വര്‍ഷത്തിനകം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ ചിന്നമ്മ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കേണ്ടത് അനിവാര്യമാണെന്നും തമ്പിദുരൈ പറഞ്ഞു.

മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വത്തോട് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബഹുമാനമുണ്ടെങ്കിലും ചിന്നമ്മ മുഖ്യമന്ത്രിയായി അവരോധിക്കപ്പെടേണ്ടത് സംഘടനയുടെ ഭാവിക്കും കെട്ടുറപ്പിനും ആവശ്യമാണെന്നാണ് മുന്‍മന്ത്രി ഗോകുല്‍ ഇന്ദിര അഭിപ്രായപ്പെട്ടത്. പാര്‍ട്ടിയിലെ വിവിധ ഘടകങ്ങളും ജില്ല സെക്രട്ടറിമാരും ഇതേ ആവശ്യവുമായി രംഗത്തത്തെിയിട്ടുണ്ട്. ജനുവരി മധ്യത്തില്‍ നടക്കുന്ന തമിഴ് ദേശീയോത്സവമായ പൊങ്കലിന് മുമ്പ് ശശികല മുഖ്യമന്ത്രിയാവണമെന്നാണ് ഇവരുടെ ആഗ്രഹം.

ആണ്ടിപട്ടി, നന്നിലം, ആര്‍.കെ. നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ശശികല ജനവിധി തേടുമെന്നും സൂചനയുണ്ട്. ജയലളിത വിജയിച്ച ചെന്നൈ ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ മാസങ്ങള്‍ക്കകം ഉപതെരഞ്ഞെടുപ്പ് നടക്കും.

അതിനിടെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുടെ ലെറ്റര്‍ഹെഡില്‍ ചിന്നമ്മ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കണമെന്ന് പ്രസ്താവനയിറക്കിയ തമ്പിദുരൈയുടെ നടപടിയെ പ്രതിപക്ഷ നേതാവും ഡി.എം.കെ ട്രഷററുമായ എം.കെ. സ്റ്റാലിന്‍ അപലപിച്ചു.

 

Tags:    
News Summary - sasikala to cm's post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.