നോട്ട് വിഷയം: സി.പി.എമ്മുമായി ചേര്‍ന്ന് സമരം വേണ്ടെന്ന് ആര്‍.എസ്.പി

തിരുവനന്തപുരം: നോട്ട് വിഷയത്തില്‍ സ്വന്തംവ്യക്തിത്വം നിലനിര്‍ത്തിയുള്ള സമരമാണ് യു.ഡി.എഫ് നടത്തേണ്ടതെന്ന് ആര്‍.എസ്.പി. ശനിയാഴ്ച ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതിയോഗങ്ങളിലാണ് ഈ നിലപാട് ഉണ്ടായത്. സമരത്തില്‍ യു.ഡി.എഫ് സി.പി.എമ്മിന്‍െറ ഭാഗമാകേണ്ട കാര്യമില്ല. ജനങ്ങളില്‍നിന്ന് ഏറെ അകന്നുകഴിഞ്ഞ സി.പി.എമ്മുമായി ചേര്‍ന്ന് സമരം ചെയ്യുന്നത് യു.ഡി.എഫിന് ഗുണകരമാവില്ല. മറിച്ചായാല്‍ ഇടതുസര്‍ക്കാറിന്‍െറ തെറ്റുകള്‍ പിന്നീട് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ മുന്നണിക്ക് സാധിക്കാതെ വരുമെന്നും ആര്‍.എസ്.പി അഭിപ്രായപ്പെട്ടു.

നോട്ട് വിഷയത്തില്‍ സമരം ചെയ്യുന്നതിന് ഇടതുമുന്നണിക്ക് അവകാശമുണ്ട്. അതേസമയം, നോട്ട് പിന്‍വലിക്കല്‍വഴി ഉണ്ടാകാവുന്ന സാഹചര്യം വിലയിരുത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ ജനങ്ങളെയും സര്‍ക്കാര്‍ ജീവനക്കാരെയും സഹായിക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചപോലെയുള്ള ഒരുനടപടിയും ഇടതുസര്‍ക്കാറില്‍നിന്ന് ഉണ്ടായിട്ടില്ല.

മാവോവാദി ഏറ്റുമുട്ടല്‍ വിഷയത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. അംഗീകൃത സംസ്ഥാന പാര്‍ട്ടിയായിട്ടും അതിനനുസരിച്ചുള്ള പരിഗണന ആര്‍.എസ്.പിക്ക് നല്‍കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ യോഗം പ്രതിഷേധിച്ചു.നോട്ട് പിന്‍വലിച്ചതിനെ പാര്‍ട്ടി എതിര്‍ക്കുന്നില്ളെങ്കിലും ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി യോഗം വിലയിരുത്തി. റേഷന്‍ വിതരണത്തിലെ സ്തംഭനാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഏഴിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. 

Tags:    
News Summary - RSP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.