ചതുഷ്കോണത്തില്‍ ഗോവ

മുംബൈ: ചതുഷ്കോണ മത്സരത്തില്‍ ഗോവന്‍ ഭരണം ആര് പിടിച്ചടക്കുമെന്നത് പ്രവചനാതീതമാക്കുകയാണ് ആം ആദ്മി പാര്‍ട്ടി (ആപ്). 2012ലെ വിജയത്തിന് പിന്നിലെ ഘടകങ്ങളില്‍ പലതും ഇക്കുറിയില്ളെങ്കിലും എതിര്‍ കക്ഷികളുടെ വോട്ട് ബാങ്കിലുണ്ടായേക്കാവുന്ന വിള്ളലുകള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നതായാണ് നിരീക്ഷണം. കഴിഞ്ഞതവണ ബി.ജെ.പിക്കൊപ്പം നിന്ന പ്രാദേശിക പാര്‍ട്ടിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) ഇത്തവണ ആര്‍.എസ്.എസ്, ബി.ജെ.പി വിമതരുടെ ഗോവ സുരക്ഷാ മഞ്ച് (ജി.എസ്.എം), ശിവസേന എന്നിവര്‍ക്കൊപ്പം സഖ്യത്തിലാണ്. ബി.ജെ.പിയാണ് മൂവരുടെയും ലക്ഷ്യം. മറ്റ് പ്രാദേശിക പാര്‍ട്ടികളായ ഗോവ ഫോര്‍വേഡ്, യുനൈറ്റഡ് ഗോവന്‍സ് പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

എന്‍.സി.പി തനിച്ച് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍.സി.പിയെയും ഒപ്പം കൂട്ടണമെന്നാണ് ഗോവ കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ താല്‍പര്യം.
 ഗോവ സര്‍ക്കാറില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന എല്‍വിസ് ഗോമസിന്‍െറ പ്രതിച്ഛായ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ ആപ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. ഖനനം അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ജനരോഷം ശക്തമായിരിക്കെയായിരുന്നു 2012ലെ തെരഞ്ഞെടുപ്പ്.

മനോഹര്‍ പരീകറുടെ പ്രതിച്ഛായയും അദ്ദേഹത്തിനുള്ള ബിഷപ് ഹൗസിന്‍െറ പിന്തുണയും എം.ജി.പി കൂട്ടുകെട്ടുമാണ് കോണ്‍ഗ്രസിനെ ഒമ്പതിലൊതുക്കി 21 സീറ്റ് നേടാന്‍ ബി.ജെ.പിക്ക് സഹായകമായത്. എന്നാല്‍, ഇന്ന് ചിത്രം മാറി. രണ്ടു വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്ന പരീകര്‍ പ്രതിരോധ മന്ത്രിയായി ഡല്‍ഹിക്ക് പോയതോടെ ബി.ജെ.പി പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു തുടങ്ങി. പരീകറുടെ പകരക്കാരനായ മുഖ്യന്‍ ലക്ഷ്മീകാന്ത് പര്‍സേക്കര്‍ ജനങ്ങളില്‍ സ്വാധീനമുള്ള ആളായിരുന്നില്ല. പര്‍സേക്കറുമായി ഉടക്കിയാണ് ആര്‍.എസ്.എസ്, ബി.ജെ.പിയില്‍ പിളര്‍പ്പുണ്ടായതും എം.പി.ജി മുന്നണി വിട്ടതും. കോണ്‍ഗ്രസ് ഭരണകാലം തൊട്ട് ഇംഗ്ളീഷ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സഹായമാണ് ജി.എസ്.എം എന്ന സംഘടനയുടെ പിറവിക്ക് മുഖ്യകാരണമായത്.

ക്രിസ്ത്യന്‍ സമുദായത്തിന്‍െറ എതിര്‍പ്പ് ഭയന്ന് ഗ്രാന്‍റ് തടയാന്‍ ബി.ജെ.പി സര്‍ക്കാറും നിന്നില്ല. ഇത് പ്രകോപിപ്പിച്ച ആര്‍.എസ്.എസ് നേതാവ് സുഭാഷ് വെലിങ്കറുടെ നേതൃത്വത്തിലെ ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചാണ് ബി.ജെ.പിക്ക് എതിരായത്. മറാത്തി, കൊങ്കണി മീഡിയം സ്കൂളുകള്‍ക്കായി വാദിക്കുന്നവരാണിവര്‍.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പാഠം പഠിപ്പാക്കാനായാണ് ജി.എസ്.എമ്മിന് രൂപം നല്‍കിയതും സമാന ചിന്തയുള്ളവരുമായി കൂട്ടുകൂടിയതും. ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്കാണ് ജി.എസ്.എം, എം.ജി.പി, ശിവസേന സഖ്യം കവരുക. ദീപക്

ധവാലികറാണ് എം.ജി.പിയുടെ പ്രമുഖ താരം. ആരംഭകാലത്ത് ഗോവ ഭരിച്ച ജി.എസ്.എമ്മിനെ വിഴുങ്ങിയാണ് ഗോവയില്‍ ബി.ജെ.പിയുടെ വളര്‍ച്ച.
കഴിഞ്ഞമാസം നടന്ന നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പലയിടത്തും ബി.ജെ.പിക്ക് ക്ഷതമേറ്റത് ഈ വിള്ളലുകളുടെ ആഴം വ്യക്തമാക്കുന്നു. തട്ടകമായ കുങ്കോലിമില്‍ 12 സീറ്റില്‍ രണ്ടെണ്ണമാണ് ബി.ജെ.പിക്ക് നേടാനായത്. എന്നാല്‍, ക്രിസ്മസ് ദിനത്തില്‍, സമുദായാംഗങ്ങള്‍ മനസ്സക്ഷിക്ക് തോന്നും വിധം വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത ഗോവ ആര്‍ച്ച് ബിഷപ് ഫിലിപ്പ് നെരി ഫെറാവൊ പദ്ധതികള്‍ നടപ്പാക്കാന്‍ എല്ലാവിധ സഹായവും നല്‍കിയ സര്‍ക്കാറിനെ വാഴ്ത്തിയത് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നു.

ഏഴോളം മണ്ഡലങ്ങളില്‍ 85ഉം ശേഷിച്ചിടങ്ങളില്‍ 26ഉം ശതമാനത്തോളമാണ് ക്രിസ്ത്യന്‍ ജനസംഖ്യ. ആപ്പിന്‍െറ വരവ് കോണ്‍ഗ്രസിന്‍െറ വോട്ട് ബാങ്കിലാകും കാര്യമായി ചോര്‍ച്ചയുണ്ടാക്കുക. ശക്തമായ ബദലാകാന്‍ അകത്ത് ഉള്‍പ്പോര് നടക്കുന്ന കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്ക് പ്രതികൂലമായ ഘടകങ്ങള്‍ മുതലെടുക്കാനുള്ള നീക്കത്തിന് ആപ് തടസ്സമാകുന്നു. ആപ്പിന്‍െറ വീടുവീടാന്തരമുള്ള പ്രചാരണം ശക്തമാണ്. എന്നാല്‍, എല്‍വിസ് ഗോമസും ഡോ. ഓസ്കര്‍ റെബെല്ളൊയും കഴിഞ്ഞാല്‍ ആപ്പിന് വ്യക്തിത്വമുള്ള നേതാക്കളില്ളെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

സ്ഥാനാര്‍ഥികളില്‍ പല പ്രത്യയശാസ്ത്രക്കാരാണ്. ഇവരെ എങ്ങനെ ജനം സ്വീകരിക്കുമെന്നത് പ്രവചിക്കാനാകില്ളെന്ന് നിരീക്ഷകര്‍ പറയുന്നു. നിലവിലെ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് റാണെയെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ജനങ്ങളിലേക്ക് ചെല്ലുന്നത്. ബി.ജെ.പി 21, എം.ജി.പി മൂന്ന്, കോണ്‍ഗ്രസ് ഒമ്പത്, ഗോവ വിലാസ് പാര്‍ട്ടി രണ്ട്, സ്വതന്ത്രര്‍ അഞ്ച് എന്നതായിരുന്നു 40 സീറ്റുള്ള ഗോവ നിയമസഭയില്‍ 2012ലെ നില.

Tags:    
News Summary - rectangle competition in goa election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.