ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് പ്രമുഖ കോര്‍പറേറ്റുകളില്‍നിന്നായി 52 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹാസച്ചുവയോടെ മോദിയും ബി.ജെ.പിയും നേരിടുമ്പോള്‍ ഒരു ചോദ്യം ബാക്കി: രാഹുല്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി എവിടെ?
രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചുവെന്നും, പ്രസംഗിക്കുമ്പോള്‍ ഉണ്ടാകുമെന്നു പറഞ്ഞ ഭൂകമ്പം ഒഴിഞ്ഞുപോയെന്നുമുള്ള പരിഹാസമാണ് ആരോപണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും മറ്റുമായി നല്‍കിയ മറുപടി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 2013-14 കാലത്ത് സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്ന് ഒമ്പതു തവണയായി 52 കോടി രൂപ പറ്റിയെന്ന ആരോപണത്തിന് മറുപടിയില്ല.
അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിനു മുമ്പായി കൂടുതല്‍ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധി പുറത്തുവിടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. പരിഹാസ രൂപേണ ആരോപണം നേരിടുമ്പോള്‍ തന്നെ, ഇതൊക്കെ മോദിക്കും ബി.ജെ.പിക്കും പിരിമുറുക്കം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. സുപ്രീംകോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുന്നത് ബിര്‍ള, സഹാറ ഡയറിയുടെ പശ്ചാത്തലത്തില്‍ പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണമെന്നാണ്.
സ്വതന്ത്ര അന്വേഷണമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസ് കൊണ്ട് ബി.ജെ.പി നേരിട്ടേക്കാമെങ്കിലും, രാഷ്ട്രീയ വേദികളില്‍ മോദിക്കെതിരായ ആരോപണങ്ങള്‍ക്ക് പ്രതിപക്ഷം മൂര്‍ച്ച കൂട്ടാതിരിക്കില്ല.
യു.പി, പഞ്ചാബ് തെരഞ്ഞെടുപ്പ് വേദികളില്‍ ഇത് ബി.ജെ.പിക്കും മോദിക്കും വലിയ തലവേദനയാകും. അതേസമയം, അഗസ്റ്റ വെസ്റ്റ്ലന്‍ഡ്, വാദ്ര ഭൂമിയിടപാട് തുടങ്ങിയ കേസുകളില്‍ അന്വേഷണത്തിന് മൂര്‍ച്ചകൂട്ടി കോണ്‍ഗ്രസിനെ ബി.ജെ.പിയും സര്‍ക്കാറും നേരിടാനും സാധ്യതയുണ്ട്. എന്നാല്‍, നോട്ട് അസാധുവാക്കല്‍ വഴിയുള്ള പരിക്ക് കുറയുകയാണോ കൂടുകയാണോ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങളുടെ പോക്ക്. ഡിസംബര്‍ 30നു ശേഷം നോട്ടു പ്രശ്നങ്ങള്‍ രൂക്ഷമായാല്‍ മോദിയുടെ പ്രതിച്ഛായ മോശമാവുകയും രാഹുലിന്‍െറ ആരോപണങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത വരുകയും ചെയ്യും. അരവിന്ദ് കെജ്രിവാളിനെയും മമത ബാനര്‍ജിയേയും പിന്തള്ളി രാജ്യത്തെ പ്രധാന മോദിവിരുദ്ധ മുഖമായി മാറാന്‍ രാഹുലിന് കഴിയും. മറിച്ചായാല്‍ മോദി ഇപ്പോഴത്തെ പ്രചാരണത്തില്‍ വിജയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.