ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട സഭാ സ്തംഭനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ത്തുന്ന അഴിമതി ആരോപണത്തിന്‍െറ ഉള്ളടക്കം രാഹുല്‍ ഗാന്ധി പുറത്തുവിട്ടില്ല. സഭയില്‍ പറയാമെന്നാണ് അദ്ദേഹം എടുത്ത നിലപാട്. എന്നാല്‍, നിരന്തരമായ സ്തംഭനത്തെ തുടര്‍ന്ന് ശീതകാല പാര്‍ലമെന്‍റ് സമ്മേളനം രണ്ടു ദിവസത്തിനുള്ളില്‍ പിരിയാനിരിക്കേ, ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ കനത്തിരിക്കുകയാണ്.
16 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്‍െറ മുറിയില്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ യോജിച്ചുനീങ്ങാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനം നടന്നത്. പിന്നീട് ജന്തര്‍മന്തറില്‍ സഹകരണ വിഷയത്തില്‍ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്തപ്പോഴും പ്രധാനമന്ത്രിക്കെതിരായ ആരോപണം രാഹുല്‍ ആവര്‍ത്തിച്ചു.
അടിസ്ഥാനരഹിതമായ ആരോപണമാണ് രാഹുല്‍ ഉന്നയിച്ചതെന്നും രാജ്യത്തോടു മാപ്പു പറയണമെന്നുമാണ് ബി.ജെ.പി പ്രതികരിച്ചത്. നോട്ടു വിഷയത്തില്‍ 20 ദിവസമായി പാര്‍ലമെന്‍റ് സ്തംഭിച്ചു നില്‍ക്കുന്നു. ഇത്രയും കാലം ആരോപണം ഉന്നയിക്കാതെ, സഭ പിരിയാന്‍ നേരത്ത് ഇറങ്ങിപ്പുറപ്പെട്ടതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്ത് പഴയ നോട്ടു മാറ്റി പുതിയ നോട്ട് നല്‍കുന്നതിനെക്കുറിച്ച് ഒരു ടി.വി ചാനല്‍ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇത്തരമൊരു ആരോപണം രാഹുല്‍ നടത്തിയതെന്ന ആക്ഷേപവും മന്ത്രി മുന്നോട്ടു വെച്ചു.
പ്രധാനമന്ത്രിക്കെതിരെ രേഖയുണ്ടെങ്കില്‍ വെളിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി മടിക്കുന്നത് എന്തിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംശയം പ്രകടിപ്പിച്ചു. പാര്‍ലമെന്‍റില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സൗഹൃദമത്സരമാണ് നടത്തുന്നത്. രാഹുല്‍ ഒന്നും വെളിപ്പെടുത്താന്‍ പോകുന്നില്ല. ശരിക്കും രേഖകളുണ്ടെങ്കില്‍, വെളിപ്പെടുത്തല്‍ പാര്‍ലമെന്‍റിനു പുറത്തും നടത്താം. അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കോപ്ടര്‍ അഴിമതി കേസില്‍ കോണ്‍ഗ്രസും സഹാറ-ബിര്‍ള ഇടപാടില്‍ ബി.ജെ.പിയും രക്ഷപ്പെടല്‍ ആഗ്രഹിക്കുന്നുവെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഭരണ-പ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍, ഇനി ബാക്കിയുള്ള രണ്ടു ദിവസങ്ങളില്‍ സഭാസ്തംഭനം തുടരാനാണ് സാധ്യത. രഹസ്യം പുറത്താകാതിരിക്കുന്നതും മറുപടികള്‍ ഇല്ലാതിരിക്കുന്നതും രാഹുലിന്‍െറ ആരോപണത്തിന് മൂര്‍ച്ച കൂട്ടിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.