പി.ടി.എ റഹീമിനും കാരാട്ട് റസാഖിനും സ്വീകരണം: കെ.എം.സി.സിയില്‍ കലഹം

ജിദ്ദ: മുസ്ലിം ലീഗിന്‍െറ ഉരുക്കുകോട്ടകള്‍ പിളര്‍ത്തി ഇടതുപക്ഷ സ്ഥാനാര്‍ഥകിളായി മല്‍സരിച്ച് ജയിച്ച എം.എല്‍.എമാരായ അഡ്വ.പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നിവരുടെ സൗദി അറേബ്യയിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കരുതെന്ന ചില ലീഗ് നേതാക്കളുടെ കര്‍ശന നിര്‍ദേശം കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും പാലിക്കാത്തതിനെ ചൊല്ലി സംഘടനയില്‍ അച്ചടക്ക നടപടിയും വാട്സ് ആപ് യുദ്ധവും. ദമാം,റിയാദ്, മദീന, മക്ക, ജിദ്ദ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന എം.എല്‍.എമാരെ രാഷ്ട്രീയവൈരം മാറ്റിവെച്ച് ചില കെ.എം.സിസിക്കാര്‍ സന്ദര്‍ശിക്കുകയും അവരുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുകയും വീട്ടില്‍ സല്‍ക്കാരങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇതാണ് ചിലരെ ചൊടിപ്പിക്കുകയും സംഘടനയില്‍ വിശദീകരണം ചോദിക്കലിനുമൊക്കെ കാരണമായിരിക്കുന്നത്. മദീന സെന്‍ട്രല്‍ കമ്മിറ്റിയിലെ ഒരു കെ.എം.സി.സി കൗണ്‍സിലറുടെ രോഷപ്രകടനം വാട്സ് ആപില്‍ പ്രചരിക്കുന്നുണ്ട്. കൊടുവള്ളിയിലെ തോല്‍വിയുടെ ആഘാതം മാറുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുന്നത് പ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടിയിലും വിഷമമുണ്ടാക്കിയെന്നാണ് അദ്ദേഹം പറയുന്നത്.

അതിന് മറുപടിയായി എം.എല്‍.എമാരെ അനുകൂലിക്കുന്ന വിഭാഗം പരസ്യ പ്രസ്താവനകള്‍ നടത്തുകയും കൗണ്‍സിലറെ പരിഹസിച്ച് വോയിസ് മെസേജുകള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. എം.എല്‍.എമാരുടെ സ്വീകരണ പരിപാടികളില്‍ കെ.എം.സി. സിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികള്‍ സംബന്ധിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം എം.എല്‍.എമാരെ ബഹിഷ്കരിക്കണമെന്ന നിര്‍ദേശം ആരും നല്‍കിയിട്ടില്ളെന്നും അത് സംഘടനയുടെ നയമല്ളെന്നും കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് അബൂബക്കര്‍ അരിമ്പ്ര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - pta rahim mla kmmc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.