സി.പി.എമ്മില്‍ ഇനി സംഘടനാ പ്രശ്നപരിഹാരദിനങ്ങള്‍

തിരുവനന്തപുരം: സങ്കീര്‍ണമായ രാഷ്ട്രീയകാലാവസ്ഥയില്‍ സംഘടനാവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സി.പി.എം പി.ബി, കേന്ദ്ര കമ്മിറ്റി യോഗം തലസ്ഥാനത്ത്. ജനുവരി അഞ്ച് മുതല്‍ എട്ട് വരെയാണ് കേന്ദ്ര നേതൃയോഗം. അഞ്ചിന് പി.ബിയും ആറ് മുതല്‍ എട്ട് വരെ കേന്ദ്ര കമ്മിറ്റിയും ചേരും.

2000ല്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടന്നതിന്‍െറ ഭാഗമായി കേന്ദ്രകമ്മിറ്റി ചേര്‍ന്നതല്ലാതെ പിന്നീട് കേന്ദ്രനേതൃയോഗങ്ങള്‍ക്ക് എ.കെ.ജി സെന്‍റര്‍ ആതിഥേയത്വം വഹിച്ചിട്ടില്ല. പി.ബി അംഗങ്ങളെയും കേന്ദ്രകമ്മിറ്റി അംഗങ്ങളെയും അണിനിരത്തി ഏഴിന പൊതുയോഗം അടക്കം സംഘടിപ്പിക്കാന്‍ ജില്ലനേതൃത്വം ഒരുങ്ങി. അഞ്ചിന് ചേരുന്ന പി.ബിയാവും യോഗഅജണ്ട നിശ്ചയിക്കുക.

നോട്ട് അസാധുവാക്കലിനെതുടര്‍ന്നുള്ള സംഭവവികാസങ്ങള്‍, കേന്ദ്രസര്‍ക്കാറിന്‍െറ നയങ്ങള്‍ എന്നിവയാവും യോഗത്തിന്‍െറ പ്രധാന അജണ്ട. എന്നാല്‍, സി.പി.എം സംസ്ഥാനരാഷ്ട്രീയത്തില്‍ നിര്‍ണായകമാറ്റങ്ങള്‍ക്ക് ഇടനല്‍കിയേക്കാവുന്ന വിഷയങ്ങളിലാവും എല്ലാവരുടെയും ശ്രദ്ധ. വി.എസ്. അച്യുതാനന്ദനും സി.പി.എം സംസ്ഥാനനേതൃത്വവും പരസ്പരം ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച പി.ബി കമീഷന്‍ റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം.

സ്വജനപക്ഷപാത ആരോപണത്തില്‍  ഇ.പി. ജയരാജന്‍ രാജിവെച്ചത്, പി.കെ. ശ്രീമതിയും ഈ ആരോപണത്തില്‍പെട്ടത്, കൊലക്കേസില്‍ പ്രതിയായ എം.എം. മണി മന്ത്രിസ്ഥാനത്ത് തുടരുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി വി.എസ് കത്ത് നല്‍കിയത് അടക്കം പരിഗണനയില്‍ എത്തും. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കീഴ്കോടതി വിധിക്ക് എതിരെയുള്ള സി.ബി.ഐയുടെ ഹരജി ഹൈകോടതി പരിഗണിക്കുന്നതും കേന്ദ്രകമ്മിറ്റി ചേരുന്നതിന്‍െറ തലേദിവസമാണ്.

പിണറായി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് സി.പി.എം സംസ്ഥാനനേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചുള്ള പരാതിയാണ് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയത്. വി.എസിന്‍െറ അച്ചടക്കലംഘനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് സംസ്ഥാനനേതൃത്വത്തിന്‍െറ പരാതി. വി.എസിന്‍െറ കത്ത് മാധ്യമങ്ങളില്‍ പരസ്യമായത് ഉയര്‍ത്തി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് തലേദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കി പരസ്യമാക്കിയതും ചര്‍ച്ചയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വമെന്നതാണ് വി.എസിന്‍െറ ആവശ്യം. പ്രായപരിധി അടക്കം ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ക്കുകയാണ് സംസ്ഥാനനേതൃത്വം. സമവായത്തിന്‍െറ പാത തേടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട്.

Tags:    
News Summary - problem solved days for cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.