നവ ഉദാരവത്കരണ നയങ്ങള്‍ വര്‍ഗീയത വളര്‍ത്തും –പ്രകാശ് കാരാട്ട്

പാലക്കാട്: നവ ഉദാരവത്കരണ നയങ്ങള്‍ വര്‍ഗീയത വളര്‍ത്തുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.ഇന്ത്യയില്‍ ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയത് 1991ലാണ്. അതിന് ശേഷമാണ് രാജ്യത്ത് ഹിന്ദുത്വ വര്‍ഗീയശക്തികള്‍ ശക്തിയാര്‍ജിച്ചതെന്നും 92ലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ആഗോളവത്കരണത്തിന്‍െറ രണ്ടര പതിറ്റാണ്ട്’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. ഇന്ത്യയിലെ ഭരണവിഭാഗത്തിന്‍െറ സുഹൃത്താണ് ഏറ്റവും വലിയ സാമ്രാജ്യത്വ രാജ്യമായ അമേരിക്ക. വ്യാജ ദേശീയത പറയുന്ന ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ കൂട്ടാളിയെ പോലെയാണ് കരാറുകളില്‍ ഒപ്പിട്ടുകൊണ്ടേയിരിക്കുന്നത്. ഉദാരവത്കരണം സാമ്പത്തികമായി മാത്രമല്ല സാമൂഹികമായും സാംസ്കാരികമായും രാഷ്ട്രീയമായും രാജ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച രാജ്യത്ത് ജോലിസാധ്യത സൃഷ്ടിക്കുന്നില്ല. വര്‍ഷാ വര്‍ഷം ഒരു കോടിയുടെ തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാറിന് അതിന് സാധിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു.

പ്ളാനിങ് ബോര്‍ഡിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന സര്‍ക്കാറിന്‍െറ അധികാര പരിധിയില്‍നിന്ന് പ്രവര്‍ത്തിച്ച കേരള സര്‍ക്കാറിന്‍െറ നടപടി പ്രശംസനീയമാണെന്ന് വെങ്കിടേഷ് ആര്‍ത്രേയ അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു നേതാവ് എ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ജില്ലാ സെക്രട്ടറി എം. ഹംസ, ജില്ലാ പ്രസിഡന്‍റ് പി.കെ. ശശി, മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Tags:    
News Summary - prakash karat- CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.