ശക്തിമാന്‍ കുതിരയെ കെട്ടി ബി.ജെ.പിയുടെ മാര്‍ഗം മുടക്കാന്‍ കോണ്‍ഗ്രസ്

മസൂരിക്കിത്  കൊടും തണുപ്പുകാലമാണ്. എന്നാല്‍, ഇവിടത്തെ തെരഞ്ഞെടുപ്പ് അങ്കച്ചൂടിന് കുറവൊന്നുമില്ല. പ്രചാരണം ചൂടാക്കിനിര്‍ത്തുന്നത് ഒരു കുതിരയാണ്.  ഉത്തരാഖണ്ഡ് പൊലീസിന്‍െറ കുതിരപ്പടയിലെ വീരന്‍ വെള്ളക്കുതിര.  രാഷ്ട്രീയ അതിക്രമത്തിന്‍െറ രക്തസാക്ഷിയാണ് ഈ  മിണ്ടാപ്രാണി.  ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ചിനിടെ മസൂരി എം.എല്‍.എ ഗണേഷ് ജോഷിയുടെ അടിയേറ്റുവീണ ശക്തിമാന്‍െറ കാലുകളിലൊന്ന് പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. അമേരിക്കന്‍ നിര്‍മിത കൃത്രിമ കാല്‍ വെച്ചുപിടിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുനടത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 2016 ഏപ്രില്‍ 20ന് ശക്തിമാന്‍ അന്ത്യശ്വാസം വലിച്ചതോടെ ഗണേഷ് ജോഷി അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ ജോഷി തന്നെയാണ് ഇക്കുറിയും മസൂരിയില്‍  ബി.ജെ.പി സ്ഥാനാര്‍ഥി. മസൂരി മുനിസിപ്പാലിറ്റി അംഗമായ ഗോദാവരി താപ്ലിയാണ് കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി.

ലോക പ്രശസ്ത മലയോര ടൂസിറ്റ് കേന്ദ്രമാണ് മസൂരി. രാജ്യത്തിനകത്തുനിന്നും  പുറത്തുനിന്നും ധാരാളം സഞ്ചാരികള്‍ മലകയറിവരുമ്പോഴും അവര്‍ക്കുവേണ്ടി വളരെ കുറച്ച് സൗകര്യങ്ങളേ ഇവിടെയുള്ളൂ. മസൂരിയുടെ മനോഹരിത കേട്ടറിഞ്ഞ് വരുന്നവരെല്ലാം സ്വകാര്യ ഹോട്ടല്‍, ട്രാവല്‍ ഏജന്‍റുമാരുടെ ചൂഷണത്തിന് നിന്നുകൊടുക്കാന്‍ നിര്‍ബന്ധിതരാണ്.   സഞ്ചാരികള്‍ക്ക് വഴികാട്ടാനും സഹായിക്കാനും   സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഇവിടെയില്ല. വിനോദ സഞ്ചാരത്തില്‍നിന്നുള്ള  വരവുകൊണ്ട് നിലനിന്നുപോകുന്ന പ്രാദേശിക സമ്പദ്വ്യവസ്ഥയെ കരുതി പോലും അധികാരികള്‍ ഒന്നും ഒരുക്കിയിട്ടില്ല. എന്നാല്‍, അതൊന്നും ഇക്കുറിയും തെരഞ്ഞെടുപ്പ് വിഷയമല്ല. ശക്തിമാന്‍ കുതിരക്ക് ചുറ്റും കറങ്ങുകയാണ് ആരോപണ പ്രത്യാരോപണങ്ങള്‍.

വയലാറിന്‍െറ വരികള്‍ അനുസ്മരിപ്പിക്കുംവിധം ശക്തിമാന്‍ കുതിരയെ കെട്ടി ഗണേഷ് ജോഷിയുടെ മാര്‍ഗം മുടക്കാനാണ് കോണ്‍ഗ്രസ് ശ്രമം.  കോണ്‍ഗ്രസ് പ്രചാരണ വേദികളില്‍ ശക്തിമാന്‍ കൊലക്കേസ് എടുത്തുപറയുന്നു. അതുകൊണ്ടുതന്നെ മറുപടി പറയാന്‍ നിര്‍ബന്ധിതനാണ് ഗണേഷ് ജോഷി.  കുതിര കൊലക്കേസില്‍തന്നെ കുടുക്കിയതാണെന്നാണ്  ഇദ്ദേഹം പറയുന്നത്.  താന്‍ വടി കൊണ്ട് അടിച്ചത് നിലത്താണ്. കാല്‍ റോഡിലെ കുഴിയില്‍ കുടുങ്ങിയാണ് കുതിര വീണതെന്നും അദ്ദേഹം പറയുന്നു. നീണ്ട വടികൊണ്ട് കുതിരയുടെ കാലില്‍ ജോഷി അടിക്കുന്നതിന്‍െറ വിഡിയോ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുമുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ജോഷി ഒന്നും പറഞ്ഞില്ല. എങ്കിലും കുതിരയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസിനെതിരായ വികാരം തനിക്ക് സഹതാപ വോട്ടായി മാറുമെന്ന് ജോഷി പറയുന്നു.

കുതിര അടിയേറ്റ് വീണ ഡറാഡൂണ്‍ ടൗണിലെ ഇടം ഇപ്പോള്‍ അറിയപ്പെടുന്നത് ശക്തിമാന്‍ ചൗക്ക് എന്നാണ്. കോണ്‍ഗ്രസുകാര്‍ മുന്‍കൈയെടുത്ത് ഇവിടെ ഒരു ശക്തിമാന്‍ കുതിരയുടെ പൂര്‍ണകായ പ്രതിമ തയാറാക്കി. അത് അനാവരണം ചെയ്യാന്‍ വരാമെന്നേറ്റ മുഖ്യമന്ത്രി പക്ഷേ, അവസാന നിമിഷം പിന്മാറി. പ്രതിമ എടുത്തുമാറ്റുകയും ചെയ്തു. കാരണം, എന്തെന്ന് കോണ്‍ഗ്രസുകാര്‍ക്കുപോലും അറിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചെന്ന് അവര്‍ രഹസ്യമായി പറയും.  ഉത്തരാഖണ്ഡിന്‍െറ ധീരപുത്രനെന്ന്  ശക്തിമാനെ വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ മനംമാറ്റം  അജ്ഞാതമായി തുടരുന്നു. ജ്യോതിഷിയുടെ ഉപദേശമാണ് കാരണമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.   ജ്യോതിഷിയുടെ ഉപദേശത്തില്‍ ശക്തിമാന്‍െറ പ്രതിമ പിഴുതുമാറ്റിയവര്‍ക്ക് പക്ഷേ, ശക്തിമാനെ മുന്‍നിര്‍ത്തി വോട്ടുചോദിക്കാന്‍ മടിയേതുമില്ല.

Tags:    
News Summary - police horse shaktiman in a subject of uttarakhand election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.