നിലപാടിലുറച്ച് പിണറായി

തിരുവനന്തപുരം: മന്ത്രിസഭ അഴിച്ചുപണിയിലും സംശുദ്ധഭരണം എന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം പാര്‍ട്ടിക്കൂറിന് വിലകല്‍പിക്കുന്നത് കൂടിയാണ് എം.എം. മണിയെ പോലെ ഒരാളെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നതും. സര്‍ക്കാറിനേറ്റ കനത്തപ്രഹരമായിരുന്നു നാലാംമാസത്തില്‍ സ്വജനപക്ഷപാത വിവാദത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍ രാജിവെക്കേണ്ടിവന്നത്.

പിണറായിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ജയരാജനെതിരെ നടപടി ഉണ്ടാവില്ളെന്നായിരുന്നു രാഷ്ട്രീയ കണക്കുകൂട്ടല്‍. എന്നാല്‍, ഇത് തെറ്റിച്ച് മന്ത്രിസഭയില്‍നിന്ന് പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കയാണുണ്ടായത്. അഴിമതി കാര്യത്തില്‍ ഒത്തുതീര്‍പ്പിന് തയാറല്ളെന്ന നിലപാട് ഉറപ്പിക്കുന്നതായിരുന്നു പിണറായിയുടെ ഈനടപടി. അഴിമതി ആരോപണം ഉയര്‍ത്തി കടന്നാക്രമിച്ച പ്രതിപക്ഷത്തിനെ പ്രതിരോധിച്ച ഈ നടപടി എല്‍.ഡി.എഫിന്‍െറയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ ഉയര്‍ത്തി.

എല്ലാറ്റിനുമുപരി കണ്ണൂര്‍ ലോബിയെന്ന ആക്ഷേപത്തിന്‍െറ മുന ഒടിക്കുന്നതുമായി ഈ നടപടി.എന്നാല്‍, ത്വരിതപരിശോധനക്കുശേഷം ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വളംവെക്കുന്നതായിരുന്നു പുതിയമന്ത്രിയെ തീരുമാനിക്കാതെ ഒഴിച്ചിട്ട നടപടി. ജയരാജന്‍ തിരിച്ചുവരുന്നത് സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാഴ്ത്തുകയും ചെയ്തേക്കുമെന്ന ആശങ്ക നേതൃത്വത്തിനും ഉണ്ടായിരുന്നു.

അതിനെ മറികടക്കുന്നത് കൂടിയായി എം.എം. മണിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം. വാക്കുപിഴകളിലൂടെ വിവാദംസൃഷ്ടിച്ച ഇ.പി. ജയരാജന് പകരം വരുന്ന എം.എം. മണിയും നാവ് പിഴകളുടെ തോഴനെന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയ എതിരാളികളെ വകവരുത്തിയെന്ന പ്രസംഗത്തിന്‍െറ പേരില്‍ ജില്ല സെക്രട്ടറി സ്ഥാനംവരെ രാജിവെക്കേണ്ടിവന്ന നേതാവാണ് മണി. ഒടുവില്‍ സി.പി.ഐയുടെ രണ്ട് മന്ത്രിമാരെ വിമര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിസ്ഥാനലബ്ധിയും.

മലയോരമേഖലയില്‍ പാര്‍ട്ടിയുടെ ആധിപത്യത്തിന് നെടുംതൂണായ മുതിര്‍ന്ന നേതാവിന് അര്‍ഹമായ സ്ഥാനം നല്‍കാനാണ് മുഖ്യമന്ത്രി മുന്‍കൈ എടുത്തത്. വി.എസിന്‍െറ അടുത്തഅനുയായി ആയിരുന്ന മണിയുടെ ഗ്രൂപ് മാറ്റത്തിന് വൈകിവന്ന അംഗീകാരം കൂടിയാണിത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ ആരംഭിച്ച മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിലെ അഭിപ്രായവ്യത്യാസം കാരണം മണി മറുപക്ഷംചാഞ്ഞതോടെ ഇടുക്കി ജില്ല മുഴുവനായാണ് പിണറായി പക്ഷത്തേക്കത്തെിയത്.

 

Tags:    
News Summary - pinaray vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.