മോദിയെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് മമതയുടെ നീക്കം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി അതിരൂക്ഷമായി തുടരവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗോവ പ്രസംഗം ജനങ്ങളുടെ ആശങ്കയേറ്റുന്നതായി. നോട്ട് പ്രതിസന്ധി ഡിസംബര്‍ 30നകം പരിഹരിച്ചില്ളെങ്കില്‍ തന്നെ ശിക്ഷിക്കാമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രശ്നപരിഹാരം ആഴ്ചകള്‍ നീളുമെന്ന സൂചനയാണ് നല്‍കുന്നത്.

എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് ആറാഴ്ചത്തെ സാവകാശമാണ്. മുന്നൊരുക്കമില്ലാതെയാണ് നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷത്തിന്‍െറ ആക്ഷേപത്തിന് ബലംനല്‍കുന്നതാണ് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രതികരണം.

രണ്ടോ മൂന്നോ ദിവസത്തിനകം എല്ലാം സാധാരണനിലയിലാകുമെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി ഖേദപ്രകടനം നടത്തിയതും പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി സാവകാശം തേടിയതും പിഴവ് തിരിച്ചറിഞ്ഞതിന്‍െറ സൂചനയാണ്. അതിനിടെ, നോട്ട് പ്രതിസന്ധിയില്‍ മോദിസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങി. നോട്ട് പ്രതിസന്ധി സംബന്ധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ഫോണില്‍ സംസാരിച്ചു. കൈയിലുള്ള നോട്ട് മാറിക്കിട്ടാനുള്ള ജനത്തിന്‍െറ ദുരിതങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചതായി മമത ട്വിറ്ററില്‍ കുറിച്ചു.

പ്രതിപക്ഷ നേതാക്കളുമൊന്നിച്ച് ഈ മാസം 16നോ 17നോ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മമത അറിയിച്ചു. ജനങ്ങളെ പെരുവഴിയിലാക്കിയ മോദിസര്‍ക്കാറിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട മമത, ഈ ആഭ്യര്‍ഥനയുമായി ബദ്ധവൈരി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവരുമായും ഫോണില്‍ സംസാരിച്ചു. നോട്ട് വിഷയത്തില്‍ അഭിപ്രായവ്യത്യാസമില്ളെങ്കിലും മമത നേതൃത്വം നല്‍കുന്ന പ്രതിപക്ഷ ഐക്യ നീക്കത്തോടുള്ള നിലപാട് സി.പി.എം വ്യക്തമാക്കിയിട്ടില്ല.  

അതേസമയം, ഈ മാസം 16ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ നോട്ട് പ്രതിസന്ധി ചൂടേറിയ ചര്‍ച്ചയാകുമെന്ന് ഉറപ്പായി. ആദ്യദിനം തന്നെ സഭാനടപടികള്‍ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ലോക്സഭയിലും സമാനമായ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും തീരുമാനിച്ചിട്ടുണ്ട്. ലോക്സഭ സ്പീക്കര്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

നോട്ട് വിഷയത്തില്‍ പ്രതിപക്ഷത്തിന്‍െറ ആക്ഷേപത്തിന് പാര്‍ലമെന്‍റില്‍ ചുട്ട മറുപടി നല്‍കാന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. തീരുമാനം തെറ്റിയെന്ന് ബോധ്യപ്പെട്ടിട്ടും ദുരിതം കണ്ടില്ളെന്നു നടിക്കുന്ന മോദിയുടെ ധാര്‍ഷ്ട്യത്തിന് പാര്‍ലമെന്‍റില്‍ മറുപടി പറയിക്കുമെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

 

Tags:    
News Summary - opposition pointed to modi in currency issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.