പന്നീര്‍സെല്‍വത്തിന് കടമ്പകളേറെ

ചെന്നൈ: അന്തരിച്ച ജയലളിതയുടെ പിന്‍ഗാമിയായി മൂന്നാം തവണ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലത്തെിയ ഒ. പന്നീര്‍സെല്‍വത്തിന് വെല്ലുവിളികളേറെ. നേരത്തേ രണ്ടു തവണ മുഖ്യമന്ത്രിയായി അധികാരമേറ്റത് ജയലളിതക്ക് ബദല്‍ സംവിധാനം മാത്രമായിരുന്നു. ജയലളിതയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അന്ന് പന്നീര്‍സെല്‍വം പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇനി സ്വതന്ത്രമായി തീരുമാനമെടുക്കേണ്ട സാഹചര്യമാണുള്ളത്. നാലര വര്‍ഷക്കാലം സംസ്ഥാനഭരണം ബാക്കിയുണ്ട്.

മന്ത്രിമാരെയും നേതാക്കളെയും ചൊല്‍പ്പടിക്ക് നിര്‍ത്തിയ ജയലളിതയുടെ അഭാവത്തില്‍ ശശികലക്കും പന്നീര്‍ശെല്‍വത്തിനും ഇതിന് കഴിയുമോയെന്ന ആശങ്ക ശക്തമാണ്. ജയലളിതയുടെ ഉറ്റ തോഴി ശശികലയുടെ റോള്‍ എന്തായിരിക്കുമെന്ന ചോദ്യവും തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്. സംഘടനയിലും ഭരണത്തിലും അവര്‍ ഇടപെടുമോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഉറ്റുനോക്കുന്നത്.

ചെന്നൈ റോയപേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് എം.എല്‍.എമാരുടെ യോഗത്തില്‍ ഐകകണ്ഠ്യേനയാണ് പന്നീര്‍സെല്‍വത്തെ തെരഞ്ഞെടുത്തതെങ്കിലും അതിന് മുമ്പ് ആരെ മുഖ്യമന്ത്രിയാക്കണമെന്നത് സംബന്ധിച്ച് ശശികല കുടുംബത്തിലും പാര്‍ട്ടി നേതൃത്വത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ശശികല വിഭാഗം പന്നീര്‍ശെല്‍വത്തെ നിര്‍ദേശിച്ചപ്പോള്‍ മറ്റൊരു വിഭാഗം പൊതുമരാമത്ത് മന്ത്രി എടപാടി പളനിച്ചാമിയുടെ പേര് ഉയര്‍ത്തി.

ജയലളിത ജീവിച്ചിരിക്കുമ്പോള്‍ രണ്ടുതവണ മുഖ്യമന്ത്രിയായി ഭരണപരിചയമുള്ള പന്നീര്‍സെല്‍വത്തിനായിരുന്നു സ്വാഭാവിക മുന്‍തൂക്കം. ശശികല-പന്നീര്‍ശെല്‍വം വിഭാഗത്തിന് തേവര്‍സമുദായത്തിന്‍െറ പിന്‍ബലമുണ്ട്. തിങ്കളാഴ്ച രാത്രി നടന്ന എം.എല്‍.എമാരുടെ യോഗത്തിലേക്ക് പോകാതെ പന്നീര്‍സെല്‍വവും എടപാടി പളനിച്ചാമിയും അപ്പോളോ ആശുപത്രിയില്‍ ചര്‍ച്ചയിലായിരുന്നു. പ്രത്യേക സാഹചര്യത്തില്‍ ഭിന്നത പുറത്തറിയാതിരിക്കാന്‍ പന്നീര്‍സെല്‍വവും പളനിച്ചാമിയും പിന്നീട് ഒരേ വാഹനത്തിലാണ് എം.എല്‍.എമാരുടെ യോഗത്തിലത്തെിയത്.

Tags:    
News Summary - number of objections to paneer selvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.