യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പാതി പിന്നിട്ട് മുന്നോട്ടുപോകുമ്പോള്‍, കാല്‍നൂറ്റാണ്ടിലേറെ സംസ്ഥാന രാഷ്ട്രീയം അടക്കിവാണ ഒരു അതികായന്‍ മൂലക്കിരിപ്പാണ്. ലഖ്നോ വിക്രമാദിത്യ റോഡിലെ നാലാം നമ്പര്‍ വസതിയില്‍ ഒട്ടൊക്കെ ഏകനായി മുലായം സിങ്ങുണ്ട്. അധികാരം നിയന്ത്രിച്ച ഈ വസതിക്കു മുന്നില്‍ പക്ഷേ, തിരക്കൊന്നുമില്ല. കമാന്‍ഡോ കാവല്‍ കടന്ന് അദ്ദേഹത്തെ കാണാന്‍ എത്തുന്നവര്‍ വിരളം. അദ്ദേഹം കാണാന്‍ കൂട്ടാക്കുന്നവരും ചുരുക്കം.

രണ്ടു മണ്ഡലങ്ങളില്‍ മാത്രമാണ് മുലായം പ്രചാരണത്തിന് പോയത്. ഇളയ സഹോദരന്‍ ശിവ്പാല്‍ യാദവിന്‍െറ മണ്ഡലമാണ് അതിലൊന്ന്. രണ്ടാം ഭാര്യയിലെ മകന്‍ പ്രതീകിന്‍െറ ഭാര്യ അപര്‍ണ മത്സരിച്ച മണ്ഡലമാണ് മറ്റൊന്ന്. മാര്‍ച്ച് എട്ടുവരെ നടക്കുന്ന ഏഴുഘട്ട വോട്ടെടുപ്പില്‍ ഇനിയുള്ള പ്രചാരണത്തിന് മുലായം എവിടെയും പോകുന്നില്ല.

മുലായം പ്രചാരണത്തിന് ഇറങ്ങണമെന്ന് മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് ആഗ്രഹിക്കുന്നില്ല. സടകൊഴിഞ്ഞ സിംഹമായി മാറിയ മുലായത്തെ വോട്ടു പിടിക്കാന്‍ കിട്ടണമെന്ന് അഖിലേഷിന്‍െറ സ്ഥാനാര്‍ഥികള്‍ക്കുമില്ല ആഗ്രഹം. മുലായത്തെപ്പോലെ അപര്‍ണയുടെ മണ്ഡലത്തില്‍ അഖിലേഷും പ്രചാരണത്തിന് പോയി. പക്ഷേ, ശിവ്പാലിന് മാപ്പില്ല; അവിടേക്ക് എത്തിനോക്കിയതേയില്ല. തന്നെയും പിതാവിനെയും രണ്ടു ചേരിയാക്കി മാറ്റിയ ഇളയച്ഛനോട് പകരം വീട്ടണമെന്ന ആഹ്വാനമാണ് അയല്‍പക്ക മണ്ഡലങ്ങളില്‍ അഖിലേഷ് യാദവ് നടത്തിയത്.

കുടുംബ പോരിനിടയില്‍ മുലായം കുടുംബത്തിന്‍െറ കോട്ടയായ ഇട്ടാവയിലും മെയിന്‍പുരിയിലും ലഖ്നോവിലുമൊക്കെ പാരവെപ്പ് ഭയക്കുകയാണ് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍. അതുകഴിഞ്ഞാല്‍ ഒരു പിളര്‍പ്പിനും പുതിയ പാര്‍ട്ടിക്കുമുള്ള മുന്നൊരുക്കത്തിലാണ് ശിവ്പാല്‍ യാദവ്. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടുപോയ ശിവ്പാല്‍ ഇന്ന് സമാജ്വാദി പാര്‍ട്ടിയിലെ മുറിവേറ്റ കടുവയാണ്.

മുലായത്തിന്‍െറ ‘കൊട്ടാര’ത്തിനടുത്തുതന്നെയാണ് അതിനെ വെല്ലുന്ന അഖിലേഷിന്‍െറ ഇരുനില വെണ്ണക്കല്‍ മാളിക. കെട്ടിടങ്ങളുടെ അടുപ്പംപോലും മനസ്സുകള്‍ക്കു തമ്മില്‍ ഇല്ലാതായി മാറിയിരിക്കുന്നു. നാലും അഞ്ചും നമ്പര്‍ വീടുകളെ വേര്‍തിരിക്കുന്ന കൂറ്റന്‍ മതിലില്‍, വീട്ടുകാര്‍ക്ക് എളുപ്പത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ നിര്‍മിച്ച വാതില്‍ ഇപ്പോഴും തുറന്നു കിടക്കുന്നു. പക്ഷേ, അതുവഴി ആരെങ്കിലും മതില്‍ കടക്കുന്നത് വല്ലപ്പോഴുമായി.

വിക്രമാദിത്യ റോഡിലെ ഈ മണിമാളികകളില്‍നിന്ന് ഏതാനും വാര മാത്രം അകലെയാണ് സമാജ്വാദി പാര്‍ട്ടിയുടെ ആസ്ഥാനം. കുടുംബവഴക്കിന്‍െറ മുറിവുകള്‍ അവിടെയും തെളിഞ്ഞുകാണാം. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും നേതാക്കള്‍ തമ്മില്‍ ഒത്തൊരുമയൊന്നുമില്ല. കുടുംബപ്പോര്  പാര്‍ട്ടിക്കാരിലുണ്ടാക്കിയ അനിശ്ചിതത്വവും വേദനയും വീരേന്ദ്ര സിങ് യാദവ് എന്ന 70കാരന്‍ മറച്ചുവെച്ചില്ല. 2014 വരെ നീണ്ട 12 വര്‍ഷം മുലായത്തിന്‍െറ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു വീരേന്ദ്ര സിങ്.

1967ല്‍ മുലായം ആദ്യമായി എം.എല്‍.എയായ കാലം തൊട്ട് നിഴല്‍പോലെ വീരേന്ദ്ര സിങ് ഒപ്പമുണ്ടായിരുന്നു. മുലായത്തെപ്പോലെ ഇന്നിപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്തെ ഒരു മുറിയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും മൂലക്കായി. മുലായത്തിനൊപ്പമാണ് താനെന്ന് തുറന്നടിക്കാന്‍ അദ്ദേഹത്തിന് മടിയില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുണ്ടായ കുടുംബ കലഹവും കോണ്‍ഗ്രസ് സഖ്യവും പാര്‍ട്ടിയെ ഏതുവഴിക്കാണ് കൊണ്ടുപോവുകയെന്ന കാര്യത്തില്‍ വീരേന്ദ്ര സിങ്ങിനെപ്പോലെ, പഴയ തലമുറക്കാര്‍ക്ക് ആശങ്കയുണ്ട്്. സഖ്യം കോണ്‍ഗ്രസിന് ഉപകാരപ്പെടുമെന്നല്ലാതെ, സമാജ്വാദി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ളെന്നാണ് അവരുടെ പക്ഷം. പിതാവും പുത്രനുമായി കലഹിക്കുമ്പോള്‍ പാര്‍ട്ടിയെപ്പോലെ അണികളുടെ മനസ്സും ത്രിശങ്കുവിലാണെന്നാണ് അവരുടെ നൊമ്പരം.  

 

Tags:    
News Summary - not a supreme, today mulayam is alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.