പുതിയ കെ.പി.സി.സി പ്രസിഡന്‍റ്: പാർട്ടിക്ക്​ തിരിച്ചടിയും ഉമ്മന്‍ ചാണ്ടിയുടെ മനസ്സും നിര്‍ണായകം

തിരുവനന്തപുരം: വി.എം. സുധീരന് പകരം കെ.പി.സി.സി പ്രസിഡന്‍റിനെ നിശ്ചയിക്കുന്നതില്‍ അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍െറ തിരിച്ചടിയും ഒപ്പം ഉമ്മന്‍ ചാണ്ടിയുടെ മനസ്സും നിര്‍ണായകമാകും. സംസ്ഥാനത്തെ ഇരു ഗ്രൂപ്പുകളുടെയും നിര്‍ദേശംതള്ളിയാണ് ഗ്രൂപ്പിസം ഒഴിവാക്കാന്‍ ഹൈകമാന്‍ഡ് സുധീരനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലായിരുന്നതിനാല്‍ ഹൈകമാന്‍ഡിന്‍െറ തീരുമാനത്തെ ചോദ്യംചെയ്യാനുള്ള കെല്‍പും ഗ്രൂപ്പുകള്‍ക്കില്ലായിരുന്നു. എന്നാല്‍, അധികാരത്തില്‍നിന്ന് പുറത്തായതിനുപുറമേ ഇപ്പോള്‍ യു.പിയടക്കമുള്ള സംസ്ഥാനങ്ങളിലെ തിരിച്ചടികൂടി വന്നതോടെ കേന്ദ്രനേതൃത്വം കൂടുതല്‍ ദുര്‍ബലമായിരിക്കുകയാണ്. അതിനാല്‍, കേരളത്തില്‍ പാര്‍ട്ടി നായകത്വം പഴയപടി സ്വന്തംനിലയില്‍ നിശ്ചയിക്കാന്‍ ഹൈകമാന്‍ഡ് തയാറാവില്ല.

അങ്ങനെ ചെയ്താല്‍തന്നെ അത് അംഗീകരിക്കപ്പെടണമെന്നുമില്ല. ഗ്രൂപ്പുകളെ അംഗീകരിച്ച് മുന്നോട്ടുപോകുകയേ പോംവഴിയായി മുന്നിലുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ പ്രസിഡന്‍റ് സ്ഥാനം എ ഗ്രൂപ്പിന് ഉറപ്പിക്കാം. നിയമസഭാകക്ഷി നേതൃസ്ഥാനവും കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനവും വ്യത്യസ്ത ഗ്രൂപ്പുകള്‍ക്ക് എന്നതാണ് കീഴ്വഴക്കം. നിയമസഭാകക്ഷി നേതൃസ്ഥാനത്ത് ഐ ഗ്രൂപ് ആയതിനാല്‍ പ്രസിഡന്‍റ് സ്ഥാനത്തിന് അവര്‍ അവകാശവാദം ഉന്നയിക്കാനിടയില്ല.
അതോടൊപ്പം, ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ പാര്‍ട്ടിയുമായി  അടുപ്പിച്ചുനിര്‍ത്തേണ്ടതിന്‍െറ ആവശ്യകതയും ഹൈകമാന്‍ഡിന് ബോധ്യമുണ്ട്.

മുഖ്യമന്ത്രിയായിരിക്കെ, ആരോപണവിധേയനായതുമുതല്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടത്ര പരിഗണന ദേശീയനേതൃത്വം നല്‍കിയിരുന്നില്ല. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തിലും എ പക്ഷം അവഗണിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍വരെ അദ്ദേഹം തയാറായി. ഒടുവില്‍ ഹൈകമാന്‍ഡ് തന്നെ ഇടപെട്ട് സാന്ത്വനിപ്പിച്ചെങ്കിലും എ ഗ്രൂപ്  തൃപ്തരല്ല. തലപ്പത്ത് തങ്ങളില്ലാത്തതുതന്നെയാണ് കാരണവും. ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം നല്‍കി അവരുടെ പരാതിക്ക് പരിഹാരംകാണാനുള്ള അവസരമാണ് വന്നിരിക്കുന്നത്. അതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം അംഗീകരിക്കാനായിരിക്കും ഹൈകമാന്‍ഡ് തയാറാവുക.

പാര്‍ട്ടിയുടെ ശക്തിസ്ത്രോതസ്സുകളിലൊരാളായ അദ്ദേഹത്തെപ്പോലൊരാളെ അവഗണിച്ച് ഇനി മുന്നോട്ടുപോകാനുമാവില്ല. പ്രസിഡന്‍റ് നിയമനം ഗ്രൂപ് അടിസ്ഥാനത്തിലാകാമെങ്കിലും യുവരക്തമെന്ന നിര്‍ദേശം ഒരുപക്ഷേ ഹൈകമാന്‍ഡ് മുന്നോട്ടുവെച്ചേക്കും.
അതേസമയം, സുധീരന്‍െറ പകരക്കാരനെക്കുറിച്ച് ഗൗരവചര്‍ച്ചകളൊന്നും എവിടെയും ആരംഭിച്ചിട്ടില്ല. കോട്ടയത്തുള്ള ഉമ്മന്‍ ചാണ്ടിയും മണിപ്പൂരിലേക്കുപോയ രമേശ് ചെന്നിത്തലയും ഇനി തിങ്കളാഴ്ചയേ തലസ്ഥാനത്തത്തെൂ. അതിനുശേഷമേ പകരം സംവിധാനത്തെക്കുറിച്ചുപോലും ചര്‍ച്ചയുണ്ടാകൂ. വൈസ് പ്രസിഡന്‍റുമാരില്‍ ആര്‍ക്കെങ്കിലും പ്രസിഡന്‍റിന്‍െറ ചുമതലനല്‍കി, പകരക്കാരനെ സാവധാനം നിശ്ചയിക്കാനുള്ള സാധ്യതയുമുണ്ട്.

Tags:    
News Summary - new kpcc president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.