പത്തനംതിട്ട: കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളിൽ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കുന്ന നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോൾ ശബരിമലയെക്കുറിച്ച് മിണ്ടാത്തത് സി.പി.എമ്മിനെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയെ ദേശീയതലത്തിൽ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക ശക്തി യു.ഡി.എഫ് ആണെന്ന് അവർക്കറിയാം. ബി.ജെ.പിക്കെതിരെ പോരാടുന്നവരെ അവർ വേട്ടയാടുകയാണ്. തനിക്കെതിരെ 36 കേസുകൾ ചുമത്തിയതും 55 മണിക്കൂർ ചോദ്യം ചെയ്തതും ഇതിന്റെ ഭാഗമാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് യാതൊരു ആക്രമണവുമില്ല. എൽ.ഡി.എഫ് നേതൃത്വം ബി.ജെ.പിക്ക് കീഴടങ്ങിയ നിലയിലാണ്.
ശബരിമലയിലെ സ്വർണം കവർന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.എമ്മിനെ രക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കും. ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫ്, നയങ്ങളിലും പ്രവർത്തനങ്ങളിലും ബി.ജെ.പിയെപ്പോലെ കുത്തകവൽക്കരണത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.