പ്രചരിപ്പിച്ചത് വ്യാജ ചിത്രം; സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല: റെയ്ഞ്ച് റോവറിൽ വിശദീകരണവുമായി കെ.എം. ഷാജി
കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി. ഊഹക്കഥകളാണ് പ്രചരിക്കുന്നതെന്നും സ്വകാര്യ വാഹനം നാടിനോ സർക്കാരിനോ വേണ്ടി ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങളിൽ വന്ന, താൻ കാറിനു മുന്നിൽ നിൽക്കുന്ന ചിത്രം എ.ഐ നിർമിതമാണെന്നും കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. ചട്ടം അറിയില്ലെങ്കിൽ ചട്ടമ്പിത്തരം പറയരുത്.
താൻ ഉപയോഗിച്ച റേഞ്ച് റോവർ കാറിൽ 13-ാം നമ്പറും പതാകയും പതിച്ചതിൽ തെറ്റില്ല. മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലാണ് കൊടി വെക്കുന്നതെന്നും മന്ത്രി ന്യായീകരിച്ചു. മന്ത്രിമാർ പൊതുമുതലോ പദവിയോ സ്വന്തം നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്നാണ് പൊതുബോധം. അതേസമയം വ്യക്തിപരമായ പ്രിവിലേജ് നാടിനു വേണ്ടിയോ സർക്കാരിന് വേണ്ടിയോ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. സി.പി.എം സൈബർ സംഘമാണ് തനിക്കെതിരായ വാർത്തക്ക് പിന്നിൽ. മന്ത്രിക്ക് സുഹൃത്ത് വാഹനം നൽകിയത് പ്രത്യുപകാരം പ്രതീക്ഷിച്ചാണെന്നതായിരുന്നു ഒരു പ്രധാന ആരോപണം. എന്നാൽ ലീഗിലാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒന്നും പ്രതീക്ഷിക്കാതെ ജീവൻ നൽകുന്നവരാണ് കെ.എം.സി.സി പ്രവർത്തകർ അടക്കമുള്ള ലീഗ് അണികളെന്നും ഷാജി പറഞ്ഞു.
'ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് വ്യക്തതയുണ്ട്. യു.ഡി.എഫ് പ്രവർത്തകർക്ക് പ്രയാസമുണ്ടെങ്കിൽ അത് ഉൾക്കൊള്ളും. കാർ ഉപയോഗിച്ചതിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. ഉത്തരവ് പ്രകാരമാണ് കാർ ഉപയോഗിച്ചത്. കാർ ഉപയോഗിക്കുന്നതിന്റെ എല്ലാ നിയമവശവും പരിശോധിച്ചു. നിയമപ്രശ്‌നങ്ങളുണ്ടെങ്കിൽ മാധ്യമങ്ങൾ കാണിക്കട്ടെ,' എന്നും കെ.എം. ഷാജി പറഞ്ഞു.
കൂർഗിലെ യാത്രക്ക് അനുമതി വാങ്ങിയിരുന്നു. തന്നെ പ്രതിക്കൂട്ടിലാക്കണമെങ്കിൽ പുതിയ ചട്ടമുണ്ടാക്കണം. കൂർഗിൽ പോകാൻ സൗകര്യം നോക്കിയാണ് ആ വണ്ടിയെടുത്തത്. ഈ വാഹനം ഇനി ഉപയോഗിക്കുമോ എന്നതിൽ ഇപ്പോൾ ഒരു തീരുമാനം പറയാനാകില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു. വേൾഡ് മലയാളി ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് വിദേശത്തേക്ക് പോയെന്നും മന്ത്രി വ്യക്തമാക്കി. ചില വ്യക്തികളുടെ കൂടെ താൻ നിൽക്കുന്ന ഫോട്ടോയും ആരോപണത്തിന് ഉപയോഗിച്ചിരുന്നു. പ്രസ്തുത വ്യക്തിയുടെ കൂടെ മുൻ മുഖ്യമന്ത്രി അടക്കമുള്ളവർ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതോടെ ആരോപണം മറ്റു ദിശകളിലേക്ക് മാറ്റുകയായിരുന്നെന്നും ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.