'രാജേന്ദ്രന്‍ ഉണ്ട ചോറിന് പാർട്ടിയോട് നന്ദി കാണിച്ചില്ല, ശരിയാക്കണം, വെറുതെ വിടരുത്'

മൂന്നാർ : മുന്‍ എം.എൽ.എ എസ്. രാജേന്ദ്രൻ ഉണ്ട ചോറിന് പാർട്ടിയോട് നന്ദി കാണിച്ചില്ലെന്ന് മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം.എൽ.എയുമായ എം.എം മണി..മൂന്നാറില്‍ എസ്‌റ്റേറ്റ് എംബ്ലോയീസ് യൂനിയന്റെ 54 മത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുതെന്നും മണി തൊഴിലാളികളോട് പറഞ്ഞു..

പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എം.എൽ.എ ആകുകയും അതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ്. പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ.രാജയെ പാര്‍ട്ടി സ്ഥാനാർഥിയാക്കി.എന്നാല്‍ എ.രാജയെ തോല്‍പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാജേന്ദ്രന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളര്‍ത്തണം. 

മൂന്നാറില്‍ സി.ഐ.ടി.യുവിന്റെ ദേവികുളം എസ്‌റ്റേറ്റ് എംബ്ലോയീസ് യൂനിയന്റെ സ്ത്രീ തൊഴിലാളികളടക്കം ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന യോഗത്തിലാണ് രാജേന്ദ്രനെതിരെ മണി സ്വരം കടുപ്പിച്ചത്. നേരത്തെ സംഘടനാ വിരുദ്ധത ആരോപിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് രാജേന്ദ്രനെതിരെ നടപടി എടുത്തിരുന്നു.

ദേവികുളത്തെ ഇടത് സ്ഥാനാർഥി എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന് രണ്ടംഗ കമ്മീഷന്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടിക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ എന്തുവന്നാലും പാര്‍ട്ടി വിടില്ലെന്നായിരുന്നു രാജേന്ദ്രന്‍റെ നിലപാട്. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയതായും രാജേന്ദ്രന്‍ വ്യക്തമാക്കി. 

Tags:    
News Summary - M.M Mani asking to handle S. Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.