നിശ്ശബ്ദം, മായാവതിയുടെ മുന്നേറ്റം

ന്യൂഡല്‍ഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയതോടെ മായാവതി നയിക്കുന്ന ബി.എസ്.പി പുറന്തള്ളപ്പെടാമെന്ന പ്രതീതി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മാറിവരുന്നു. പ്രധാന മത്സരം എസ്.പി-കോണ്‍ഗ്രസ് സഖ്യവും ബി.ജെ.പിയും തമ്മിലാണെന്ന മട്ടില്‍ വിലയിരുത്തല്‍ ഉണ്ടെങ്കിലും, നിശ്ശബ്ദമായൊരു മുന്നേറ്റത്തിലാണ് മായാവതി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിപോലുമില്ലാത്ത ബി.ജെ.പിയെ മൂന്നാംസ്ഥാനത്താക്കാന്‍വരെ പുതിയ സാഹചര്യങ്ങള്‍ വഴിവെക്കാമെന്ന നിഗമനങ്ങളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക വാദ്ര, ഡിംപിള്‍ യാദവ് എന്നിവരെയാണ് പ്രചാരണമുഖത്തെ താരങ്ങളായി ദേശീയ മാധ്യമങ്ങള്‍ പൊതുവെ ഉയര്‍ത്തിക്കാണിക്കുന്നത്. മാധ്യമങ്ങളുടെ അവഗണനക്ക് ഇരയാകുന്നുണ്ടെങ്കിലും ചിട്ടയായ പ്രവര്‍ത്തനം ബി.എസ്.പി നടത്തുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാന്‍ കഴിയാത്തവിധം  ബി.എസ്.പി തകര്‍ന്നെങ്കിലും, നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ പല ഘടകങ്ങള്‍ മായാവതിക്ക് അനുകൂലമായിട്ടുണ്ട്. ദലിതര്‍ക്കിടയില്‍ മോദിയോടുണ്ടായിരുന്ന ആവേശം നിരാശക്കു വഴിമാറിയിരിക്കുന്നു. ഉന, രോഹിത് വെമുല സംഭവങ്ങള്‍ക്കൊപ്പം, നാട്ടിന്‍പുറങ്ങളില്‍ നേരിടുന്ന പണഞെരുക്കം വരെ അതിന് കാരണമാണ്.

മുലായവും അഖിലേഷും തമ്മിലെ തര്‍ക്കത്തില്‍ അഖിലേഷ് മുന്നേറിയതോടെ സമാജ്വാദി പാര്‍ട്ടിക്കെതിരായ ഭരണവിരുദ്ധ വികാരം അലിഞ്ഞുപോയെന്ന നിഗമനങ്ങള്‍ ശരിയല്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ന്യൂനപക്ഷ പലായനത്തിന് ഇടയാക്കിയ ദാദ്രി, മുസഫര്‍നഗര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, 70ലേറെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമ യു.പിയില്‍ സമാജ്വാദി പാര്‍ട്ടിക്കും ബി.ജെ.പിക്കുമെതിരായ വികാരം നിലനില്‍ക്കുകയാണ്. അവര്‍ മായാവതിയെ തുണക്കാന്‍ സാധ്യതയേറെ.

സംസ്ഥാനത്തെ ക്രമസമാധാനനില, ഭരണവിരുദ്ധവികാരം, മോദിയോടുള്ള അമര്‍ഷം എന്നിവയെല്ലാം പാര്‍ട്ടിയുടെ വോട്ടുശതമാനം വര്‍ധിപ്പിക്കുന്ന ഘടകങ്ങളായി ബി.എസ്.പി കേന്ദ്രങ്ങള്‍ കണക്കാക്കുന്നു. യു.പിയില്‍ 30 ശതമാനം മുസ്ലിം വോട്ടുള്ള 73 മണ്ഡലങ്ങളുണ്ട്. 20നും 30നുമിടക്ക് മുസ്ലിം ശതമാനമുള്ള മണ്ഡലങ്ങള്‍ എഴുപതോളം വരും. ഇവിടെ  മായാവതി വിപുലമായ പ്രചാരണത്തിലാണ്. ആകെയുള്ള 403ല്‍ ബി.എസ്.പിയുടെ 97 സ്ഥാനാര്‍ഥികള്‍ മുസ്ലിംകളാണ്. ദലിത് വിഭാഗങ്ങളില്‍നിന്ന് മായാവതി ടിക്കറ്റ് നല്‍കിയത് 86 പേര്‍ക്കാണ്.

അഖിലേഷുമായി സഖ്യമുണ്ടാക്കുന്നതിന് വളരെ മുമ്പ് കോണ്‍ഗ്രസ് ബി.എസ്.പിയുമായി സഖ്യത്തിനു ശ്രമിച്ചിരുന്നു. പതിവുപോലെ മായാവതി താല്‍പര്യപ്പെട്ടില്ല.
സ്വന്തം കേഡര്‍ വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ കഴിയുമെങ്കിലും, കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചു ലഭിക്കാനിടയില്ളെന്ന അടിസ്ഥാനപ്രശ്നമാണ് മായാവതി കണക്കിലെടുത്തത്.

 

Tags:    
News Summary - mayavathi works in silent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.