പ്രശ്ന പരിഹാരത്തിന് സി.പി.എം-സി.പി.ഐ തിരക്കിട്ട നീക്കം

തിരുവനന്തപുരം:  ആത്മഹത്യ ഭീഷണി ഉള്‍പ്പെടെ പുതിയ മാനത്തിലേക്ക് തിരിയുകയും കാഴ്ചക്കാരനായ ഒരാളുടെ മരണത്തില്‍ എത്തുകയും ചെയ്ത ലോ അക്കാദമി വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം- സി.പി.ഐ നേതൃത്വം നീക്കം ശക്തമാക്കി. ലോ അക്കാദമി വിദ്യാര്‍ഥി സമരം, മുന്നണി ബന്ധത്തിലെ ഭിന്നത, ഐ.എ.എസ്- ഐ.പി.എസ് തര്‍ക്കത്തില്‍ ഭരണതലത്തിലെ മെല്ളെപ്പോക്ക് ഉള്‍പ്പെടെ പ്രശ്നങ്ങളും രാഷ്ട്രീയ സ്ഥിതിഗതികളും പരിശോധിക്കാന്‍ സി.പി.എം, സി.പി.ഐ നേതൃയോഗവും വരും ദിവസങ്ങളില്‍ ചേരുന്നുണ്ട്. 

തിങ്കളാഴ്ച വരെ മുന്നണി മര്യാദ വിട്ട് പരസ്പരം പോരടിച്ച സി.പി.എമ്മും സി.പി.ഐയുമാണ് സമരം കൈവിട്ട് പോകുന്നെന്ന് തിരിച്ചറിഞ്ഞതോടെ പരിഹാര മാര്‍ഗങ്ങള്‍ ശക്തമാക്കിയത്. നേതൃയോഗത്തിനു മുമ്പുതന്നെ പരിഹാരത്തിനാണ് ശ്രമം. ഇതിന്‍െറ ഭാഗമായി പന്ന്യന്‍ രവീന്ദ്രനും കോടിയേരി ബാലകൃഷ്ണനും ചൊവ്വാഴ്ച ചര്‍ച്ച നടത്തി. വിദ്യാര്‍ഥികളുടെ ആവശ്യത്തിന് പ്രഥമ പരിഗണന നല്‍കി പരിഹരിക്കാനാണ് നീക്കം. അക്കാദമി ഭൂമി ഉള്‍പ്പെടെയുള്ളവ അടുത്ത ഘട്ടത്തിലേക്ക് മാറ്റും. ഇതാണ് ഇപ്പോഴുണ്ടായ ധാരണയെന്നാണ് സൂചന.

സമരം ഈ രൂപത്തില്‍ തുടരാന്‍ പാടില്ളെന്ന അഭിപ്രായം രണ്ടു കൂട്ടര്‍ക്കുമുണ്ട്. സമരം കൈവിട്ട് പോകുന്നത് നല്ലതല്ളെന്ന കാനത്തിന്‍െറ പ്രസ്താവന ഈ സാഹചര്യത്തിലാണ്. ആത്മഹത്യ ഭീഷണി ഉള്‍പ്പെടെ നടത്തി സമരത്തെ ഹൈജാക് ചെയ്യാന്‍ ബി.ജെ.പി  ശ്രമിക്കുന്നെന്ന തിരിച്ചറിവും തിരക്കിട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കുപിന്നിലുണ്ട്. എ.ഐ.എസ്.എഫ് സമരത്തിനൊപ്പം നില്‍ക്കുന്നത് മുന്നണി ബന്ധത്തെ തകര്‍ക്കുമെന്നും ആശങ്കയുണ്ട്. 

വ്യാഴാഴ്ച സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയും വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാടിനും ഇ.പി. ജയരാജന്‍െറ അധിക്ഷേപത്തിനുമെതിരെ സി.പി.ഐക്കുള്ളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.എസ്.എഫ്.ഐയുടെ താന്‍പ്രമാണിത്തവും പിന്നീട് മന്ത്രി സി. രവീന്ദ്രനാഥിന്‍െറ പിടിപ്പുകേടും മൂലമാണ് കൈവിട്ടുപോയതെന്നും വിലയിരുത്തുന്നു. ഇ.പി. ജയരാജന്‍െറ ഇടപെടല്‍  അദ്ദേഹം ‘ദേശാഭിമാനി’ക്ക് എതിരെ നടത്തിയ വിമര്‍ശനത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്നാണ് സി.പി.ഐ കാണുന്നത്. ഈ കെണിയില്‍ വീഴരുതെന്ന നിലപാടിനെ തുടര്‍ന്നാണ് അവര്‍ ജയരാജനൈ അപ്പാടെ തഴഞ്ഞത്.

എന്നാല്‍, നിലനില്‍പിന്‍െറയും അസ്തിത്വത്തിന്‍േറയും പ്രശ്നമാണ് സി.പി.ഐ നിലപാടിന് പിന്നിലെന്ന ആക്ഷേപമാണ് സി.പി.എമ്മിന്. വളര്‍ച്ചയില്ലാത്ത സി.പി.ഐ മറ്റു പാര്‍ട്ടികളിലെ അണികളെ ലഭിക്കാന്‍ നടത്തുന്ന ശ്രമമെന്നതാണ് ജയരാജന്‍െറ ആക്ഷേപത്തിന്‍െറ ഉള്ളടക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - law academi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.